കളിക്കാന്‍ താരങ്ങളില്ലെങ്കില്‍ പിന്നെ എന്തുചെയ്യും? പരീശീലകരെ ഗ്രൗണ്ടിലിറക്കുക തന്നെ. അതാണ് പാക്കിസ്ഥാനില്‍ നടക്കുന്ന ത്രിരാഷ്ട്രപരമ്പരക്കിടെ നടന്നത്. തിങ്കളാഴ്ച നടന്ന ദക്ഷിണാഫ്രിക്ക– ന്യൂസീലൻഡ് മത്സരത്തിനിടെയാണ് ടീമിന്റെ ഫീൽഡിങ് പരിശീലകൻ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറുടെ റോളിൽ ഗ്രൗണ്ടിലേക്കെത്തിയത്. പ്രധാന താരങ്ങളിൽ പലരും ദക്ഷിണാഫ്രിക്കയിലെ ട്വന്റി20 ലീഗിന്റെ ഭാഗമായതിനാല്‍ 12 താരങ്ങളുമായാണ് ടീം പാക്കിസ്ഥാനില്‍ കളിക്കാനിറങ്ങിയത്.
ന്യൂസീലൻഡ് ബാറ്റിങ്ങിനിടെ 37–ാം ഓവറിലായിരുന്നു വാന്‍ഡിലെ ഗ്വാവു ഫീൽഡറായി രംഗത്തെത്തിയത്. അസാധാരണമായ നീക്കം നടന്നതോടെ ആരാധകർക്കിടയിലും സംഭവം വൻ ചർച്ചയായി. ഫീൽഡിങ് പരിശീലകൻ ഫീൽഡറാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ത്രിരാഷ്ട്ര പരമ്പരയ്ക്കെത്തിയ 12 ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ ആദ്യ മത്സരം കളിച്ച ആറു പേരും പുതുമുഖങ്ങളാണ്.
12ന് പാക്കിസ്ഥാനെതിരെ നടക്കുന്ന മത്സരത്തിൽ ഇവർ കളിക്കുമെന്നാണു വിവരം. കഴിഞ്ഞ വർഷം അയർലൻഡിനെതിരായ ഏകദിന മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് പരിശീലകൻ ജെ.പി. ഡുമിനി ഫീൽഡറായി ഗ്രൗണ്ടിൽ ഇറങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ഒരുമിച്ച് അസുഖം ബാധിച്ച സാഹചര്യത്തിലായിരുന്നു ഡുമിനിക്ക് ഗ്രൗണ്ടിൽ ഇറങ്ങേണ്ടിവന്നത്.