England's captain Jos Buttler, left, leaves the field after his side lost the second one day international cricket match against India in Cuttack, India, Sunday, Feb. 9, 2025. (AP Photo/Rafiq Maqbool)
അടിച്ച് കളിച്ചിട്ടും തോല്‍വി വഴങ്ങേണ്ടി വന്ന നടുക്കം ഇംഗ്ലണ്ടിനെ വിട്ടുമാറിയിട്ടില്ല. ഒപ്പം നാണക്കേടിന്‍റെ റെക്കോര്‍ഡും കട്ടക്കില്‍ പിറന്നു. 304 റണ്‍സെന്ന താരമ്യേനെ വലിയ സ്കോറാണ് ഇന്ത്യയ്ക്ക് മുന്നില്‍ ഇംഗ്ലണ്ട് കെട്ടിപ്പൊക്കിയത്. പക്ഷേ തോല്‍ക്കാനായിരുന്നു യോഗം. ഏകദിനത്തില്‍ 300 റണ്‍സിന് മേല്‍ അടിച്ച് കൂട്ടിയിട്ട് ഇതോടെ 28–ാം തവണയാണ് ഇംഗ്ലണ്ട് തോല്‍വി വഴങ്ങുന്നത്. ഏകദിനത്തില്‍ ഇത്തരത്തില്‍ ഏറ്റവുമധികം തവണ തോറ്റെന്ന റെക്കോര്‍ഡാണ് ബട്ലറിന്റെയും ടീമിന്‍റെയും പേരിലായത്.
ഏകദിന മല്‍സരങ്ങളില്‍ 99 തവണ ഇംഗ്ലണ്ട് 300 റണ്‍സ് കടന്നിട്ടുണ്ട്. തോല്‍വിയുടെ റെക്കോര്‍ഡില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇതുവരെ ഒപ്പത്തിനൊപ്പമായിരുന്നു. 27 തവണയാണ് 300 റണ്‍സടിച്ചിട്ടും ഇന്ത്യ തോല്‍വി വഴങ്ങിയിട്ടുള്ളത്. 136ലേറെ മല്‍സരങ്ങളില്‍ ഇന്ത്യ 300 റണ്‍സെന്ന ബെഞ്ച്മാര്‍ക്ക് കടന്നിട്ടുമുണ്ട്. 300 അടിച്ച് കൂട്ടിയിട്ടും തോറ്റുപോയവരുടെ പട്ടികയില്‍ വെസ്റ്റിന്‍ഡീസാണ് മൂന്നാമത് (23), 19 തോല്‍വിയുമായി ശ്രീലങ്ക നാലാമതുമുണ്ട്.
കട്ടക്കില്‍ രോഹിത് ശര്‍മയുടെ ഉജ്വല സെഞ്ചറിയാണ് ഇന്ത്യയ്ക്ക് വിജയം അനായാസമാക്കിയത്. ഒപ്പം ശുഭ്മന്‍ ഗില്ലും ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും ചേര്‍ന്നതോടെ കളിയും പരമ്പരയും ഇന്ത്യയുടെ കയ്യിലായി. 33 പന്ത് ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യം ഇന്ത്യ മറികടന്നത്. മൂന്ന് മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2–0ത്തിന് സ്വന്തമാക്കുകയും ചെയ്തു. ഫെബ്രുവരി 19മുതല്‍ പാക്കിസ്ഥാനിലും ദുബായിലുമായി നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നതായി ജയം. 37കാരനായ രോഹിത് ശര്‍മയുടെ 32–ാം ഏകദിന സെഞ്ചറിയാണ് കട്ടക്കില്‍ പിറന്നത്. 76 പന്തിലായിരുന്നു രോഹിത് സെഞ്ചറി തികച്ചത്, അതും ആദില്‍ റഷീദിനെ സിക്സര്‍ പറത്തി.
ബാറ്റിങില്‍ ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും സ്കോര്‍ 350ല്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ജയം സ്വന്തമാക്കാനാകുമായിരുന്നുവെന്നും ജോസ് ബട്ലര് കളിക്ക് ശേഷം പ്രതികരിച്ചു. രോഹിത് അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്. പവര്‍പ്ലേയിലടക്കം ഇന്ത്യ മികച്ചുവെന്നും ബട്ലര് പ്രശംസിച്ചു. കട്ടക്കിലും പിഴച്ചതോടെ തുടര്‍ച്ചയായി നാല് ഏകദിന പരമ്പരകളാണ് ഇംഗ്ലണ്ട് തോറ്റത്. ഇന്ത്യയിലെ ഏഴാം ഏകദിന പരമ്പര നഷ്ടവും. 20 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഇന്ത്യയില്‍ ഏകദിന പരമ്പര നേടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല.