ചാംപ്യന്‍സ് ട്രോഫിക്കൊരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് ഇരട്ടിപ്രഹരമായി ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും പേസര്‍ ജോഷ് ഹേസല്‍വുഡും ടീമില്‍ നിന്ന് പുറത്ത്. മിച്ചല്‍ മാര്‍ഷ് പരുക്കേറ്റ് പുറത്താവുകയും മാര്‍ക്കസ് സ്റ്റൊയ്ണില്‍ ഏകദിനത്തില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ വന്‍ മാറ്റങ്ങള്‍ വരുത്തേണ്ട അവസ്ഥയിലാണ് ചാംപ്യന്‍ ടീം. ബുധനാഴ്ച്ചയ്ക്കകം അന്തിമ ടീം പട്ടിക ഐസിസിക്ക് സമര്‍പ്പിക്കണം
ജോഷ് ഹേസല്‍വുഡ്
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്ക് പിന്നാലെയാണ് പാറ്റ് കമിന്‍സ് ഓസീസ് ടീമില്‍ നിന്ന് വിട്ടുനിന്നത്. കണങ്കാലിലെ പരുക്കിനൊപ്പം ഈയിടെ പിറന്ന കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാന്‍ കൂടയാണ് ക്രിക്കറ്റില്‍ നിന്നുള്ള ഇടവേള. കഴിഞ്ഞദിവസം നെറ്റ്സില്‍ പന്തെറിയുന്ന ദൃശ്യങ്ങള്‍ കമിന്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ഫിറ്റനസ് ആര്‍ജിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് കമിന്‍സിനെയും ജോഷ് ഹേസല്‍വുഡിനെയും ഒഴിവാക്കിയതെന്ന് സെലക്ടര്‍ ജോര്‍ജ് ബെയ്്ലി പറഞ്ഞു. ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയ്ക്കിടെയാണ് ഹേസല്‍വുഡ് പരുക്കേറ്റ് പുറത്തായത്. പകരമെത്തിയ സ്കോട് ബോളണ്ട് നിര്‍ണായക പ്രകടത്തോടെ ഹേസല്‍വുഡിന്റെ കുറവറിയിച്ചില്ല
ആരാകും പകരക്കാര്‍ ?
ശ്രീലങ്കയ്ക്കെതിരെയാണ് ചാംപ്യന്‍സ് ട്രോഫിക്കുമുമ്പുള്ള ഓസ്ട്രേലിയയുടെ അവസാന ഏകദിന പരമ്പര. ഷോണ്‍ ആബട്ട്, സ്പെന്‍സര്‍ ജോണ്‍സന്‍, ബെന്‍ ഡ്വാര്‍ഷിയസ് എന്നിവരാണ് ലങ്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ ഇടംപിടിച്ച പേസര്‍മാര്‍. മൂന്നുപേരില്‍ രണ്ടുപേര്‍ ചാംപ്യന്‍സ് ട്രോഫി ടീമിലേക്ക് എത്തിയേക്കും. മൂവരില്‍ ഷോണ്‍ ആബട്ടിന് മാത്രമാണ് രാജ്യന്താര ഏകദിന മല്‍സരങ്ങള്‍ കളിച്ച് കൂടുതല്‍ പരിചയം.
മാര്ക്കസ് സ്റ്റോയിനിസ്
മിച്ചല്‍ സ്റ്റാര്‍ക്കിനെ അമിതമായി ആശ്രയിക്കുന്ന പേസ് നിരയുമായി വേണം ഓസ്ട്രേലിയയക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ചാംപ്യന്‍സ് ട്രോഫി ലക്ഷ്യമിട്ടിറങ്ങാന്‍. പരുക്കേറ്റ മിച്ചല്‍ മാര്‍ഷിന് പകരം ബ്രണ്ടന്‍ ഫ്രേസര്‍ മക്്ഗര്‍ക്കും വിരമിക്കല്‍ പ്രഖ്യാപിച്ച മാര്‍ക്കസ് സ്റ്റൊയ്ണിസിന് പകരം ഷോണ്‍ കൊണോലിയെയുമാണ് ഓസ്ട്രേലിയ പതിനഞ്ച് അംഗ ടീമിലേക്ക് പരിഗണിക്കുന്നത്.
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്
പാറ്റ് കമിന്‍സിന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍സി സ്റ്റീവ് സ്മിത്തിനു തന്നെ ലഭിക്കും. ട്രാവിസ് ഹെഡായിരിക്കും ഓസീസ് വൈസ് ക്യാപറ്റന്‍. ഇപ്പോള്‍ ശ്രീലങ്കയില്‍ ടെസ്റ്റ് മല്‍സരം കളിക്കുന്ന ടീമിനെ സ്റ്റീവ് സ്മിത്താണ് നയിക്കുന്നത്. 2018ലെ പന്തുചുരണ്ടല്‍ വിവാദത്തിന് പിന്നാലെയാണ് സ്മിത്തിന് ഓസീസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുന്നത്.
ലങ്കയില്‍ സ്മിത്തിന്റെ കീഴില്‍ ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങിയ ഓസ്ട്രേലിയ 242 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ആദ്യ ടെസ്റ്റില്‍ സ്വന്തമാക്കിയത്. സെഞ്ചുറിയുമായി നായകന്‍ മുന്നില്‍ നിന്നുതന്നെ നയിച്ചു. ടെസ്റ്റില്‍ പതിനായിരം റണ്‍സെന്ന ചരിത്രനേട്ടവും ലങ്കയിലാണ് സ്മിത് കുറിച്ചത്.