ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാസംണ്‍ റണ്‍സിനായി പാടുപെടുമ്പോള്‍ ആ പഴയ സഞ്ജു എവിടെയെന്ന് തിരയുകയാണ് ക്രിക്കറ്റ് ആരാധകര്‍. നാലു മത്സരങ്ങളിൽനിന്ന് 35 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന അവസാന മല്‍സരത്തില്‍ സഞ്ജു 16 റണ്‍സെടുത്ത് പുറത്താകുകയും ചെയ്തു. ഇതോടെ സഞ്ജുവിനെ കുറിച്ച് ക്രിക്കറ്റ് ലോകത്തും ചര്‍ച്ചകള്‍ സജീവം. ഇതിനിടയില്‍ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20യിൽ റണ്‍സെടുക്കാന്‍ പാടുപെട്ടെങ്കിലും ടീമിനെ ഒന്നാമതെത്തിക്കുകയും ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നതിനാല്‍ സഞ്ജുവിനെ പിടിച്ചുനിർത്തേണ്ടത് ടീമിന് ആവശ്യമാണെന്ന് സഞ്ജയ് മഞ്ജരേക്കർ കണക്കുകൂട്ടുന്നു. സഞ്ജു കുറച്ചു മത്സരങ്ങളില്‍ നിരാശപ്പെടുത്തിയാലും കുഴപ്പമൊന്നുമില്ലെന്നാണ് മഞ്ജരേക്കറുടെ നിലപാട്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ബംഗ്ലദേശിനെതിരെയും സെഞ്ചറികൾ നേടിയ സഞ്ജുവിനെ ചൂണ്ടിക്കാണിച്ച് ഫോമിലുള്ള സഞ്ജു ഇന്ത്യൻ ടീമിലുണ്ടാക്കുന്ന നേട്ടം പരിഗണിക്കണെമെന്നാണ് മഞ്ജരേക്കർ പറയുന്നത്.
‘ഒരു ടി20 താരത്തിന്റെ കരിയർ നോക്കുകയാണെങ്കില്‍, അവർ നന്നായി കളിക്കുമ്പോൾ എന്ത് സ്വാധീനം പ്ലേയിങ് ഇലവനിൽ വരുത്തി എന്നതുകൂടി നോക്കണം. അവര്‍ക്ക് ടീമിനായി എന്ത് സംഭാവന നൽകാൻ കഴിയും എന്നാണ് ചിന്തിക്കേണ്ടത്. സഞ്ജു സാംസണ്‍ ഫോമില്‍ തിരിച്ചെത്തിയാല്‍ സെഞ്ചറി നേടി ടീമിനെ വിജയത്തിലേക്കു നയിക്കും. അതിനാൽ, അത്തരം ആളുകൾക്ക് പരാജയങ്ങളും അനുവദനീയമാണ്. ഒരു ടി20 ക്രിക്കറ്റ് കളിക്കാരന്‍ തുടർച്ചയായി പരാജയപ്പെടുന്നത് സ്വാഭാവികമാണ്’ അദ്ദേഹം ഇഎസ്പിഎന്നിനോട് പറഞ്ഞു.
‘കുറഞ്ഞത് 500 റൺസെങ്കിലും നേടിയ ടി20 ഓപ്പണിങ് ബാറ്റര്‍മാരില്‍ നോക്കിയാല്‍ ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റാണ് സഞ്ജു സാംസണുള്ളത് (177.54). കഴിഞ്ഞ വർഷം ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഓപ്പണിങിനിറങ്ങിയ സഞ്ജു മൂന്ന് സെഞ്ചറികളും ഒരു അർദ്ധ സെഞ്ചറിയും സഹിതം 500 ലധികം റൺസ് നേടിയിട്ടുണ്ട്. അതിനാൽ, സഞ്ജുവിനെ കഴിയുന്നത്ര ഇന്നിങ്സുകൾ കളിപ്പിക്കുക. കാരണം ഫോമിലേക്ക് തിരികെയെത്തിയാല്‍ വിലമതിക്കാനാകാത്ത താരമാകും സഞ്ജു. അതിനായി ഒരു ഇന്നിങ്സ് മാത്രം മതി. ആ സഞ്ജുവിനായി ഞാന്‍ ക്ഷമയോടെ കാത്തിരിക്കും’ അദ്ദേഹം പറയുന്നു.