ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി പരമ്പരയില്‍ ടീമിന്‍റെ മോശം പ്രകടനത്തില്‍ പൊട്ടിത്തെറിച്ച് കോച്ച് ഗൗതം ഗംഭീര്‍. മതിയായെന്നും ഈ കളിയുമായി മുന്നോട്ട് പോകാമെന്ന് ആരും കരുതേണ്ടെന്നുമായിരുന്നു നിയന്ത്രണം വിട്ട് ഗംഭീര്‍ ഡ്രസിങ് റൂമില്‍ പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍നിര ബാറ്റര്‍മാര്‍ ചീട്ടുകൊട്ടാരം പോലെ തകരുന്നതിലും കോച്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആരുടെയും പേരെടുത്ത് വിമര്‍ശിച്ചില്ലെങ്കിലും കടുത്തഭാഷയിലാണ് കോച്ച് മുന്നറിയിപ്പ് നല്‍കിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'സ്വാഭാവിക ശൈലിയില്‍ ബാറ്റ് വീശുന്നത് മറന്നേക്കൂവെന്നും ടീമിന് എന്താണോ വേണ്ടത്, എന്താണോ സാഹചര്യം അതിനനുസരിച്ചുള്ള കളി പുറത്തെടുക്കണ'മെന്നുമാണ് ഗംഭീറിന്‍റെ നിര്‍ദേശം.
കഴിഞ്ഞ ആറുമാസം ടീം അംഗങ്ങള്‍ക്ക് തോന്നിയത് പോലെയാണ് കളിച്ചതെന്നും ഇനി എങ്ങനെ കളിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ഗംഭീര്‍ തുറന്ന് പറഞ്ഞു. തീരുമാനങ്ങള്‍ അനുസരിക്കാത്തവരുടെ സ്ഥാനം ടീമിന് പുറത്തായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മെല്‍ബണില്‍ ഓസ്ട്രേലിയയോട് 184 റണ്‍സിനാണ് ഇന്ത്യ തോറ്റത്. വെറും 34 റണ്‍സെടുക്കുന്നതിനിടയില്‍ ഏഴ് വിക്കറ്റാണ് പേരുകേട്ട ഇന്ത്യന്‍ ടീം കളഞ്ഞു കുളിച്ചത്. മെല്‍ബണിലെ ജയത്തോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 2–1ന് മുന്നിലാണ്.
മെല്‍ബണില്‍ ഇന്ത്യ ചായയ്ക്ക് പിരിയുമ്പോള്‍ കളി സമനിലയില്‍ ആയേക്കുമെന്ന സ്ഥിതിയായിരുന്നു. രണ്ടാം സെഷനില്‍ ഉറച്ച് നിന്ന യശസ്വിക്കൊപ്പം പന്തിന്‍റെ പിന്തുണ കൂടിയായപ്പോള്‍ വിജയം കൈവിട്ടുവെന്ന് ഓസീസും കരുതി. കൂട്ടുകെട്ട് തകര്‍ക്കാനുള്ള ഓസീസ് തന്ത്രത്തിന് മുന്നില്‍ പന്ത് വീണു. അനാവശ്യ ഷോട്ടിന് മുതിര്‍ന്ന പന്ത് വിക്കറ്റ് കളഞ്ഞ് മടങ്ങി. പന്തിന്‍റെ പുറത്താകലിന് പിന്നാലെ തുടരെ വിക്കറ്റുകള്‍ വീണു. കോലിയും രോഹിതും രാഹുലുമെല്ലാം മെല്‍ബണില്‍ തീര്‍ത്തും നിറം മങ്ങി. ഇതെല്ലാം ഗംഭീറിന്‍റെ നില തെറ്റിച്ചുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഡ്രസിങ് റൂമിലെ സംഭവങ്ങള്‍. ന്യൂസീലന്‍ഡിനോടേറ്റ നാണംകെട്ട തോല്‍വിക്ക് പിന്നാലെയാണ് ഓസ്ട്രേലിയയിലും ടീം മോശം പ്രകടനം തുടരുന്നത്. ഇത് കോച്ചെന്ന നിലയില്‍ ഗംഭീറിന് ഏല്‍പ്പിക്കുന്ന ക്ഷീണം ചെറുതല്ല.
ട്വന്‍റി20യിലെ ഇന്ത്യയുടെ കിരീടനേട്ടത്തിന് പിന്നാലെ ജൂലൈ 9നാണ് ഗംഭീര്‍ കോച്ചായി ചുമതലയേറ്റത്. പിന്നാലെ ശ്രീലങ്കയോടും ന്യൂസീലന്‍ഡിനോടും തോറ്റു. ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയിലാവട്ടെ രോഹിതിന്‍റെ അഭാവത്തില്‍ കളിച്ച പെര്‍ത്ത് ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്.