Untitled design - 1

ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍. ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും അനായാസം സിക്‌സര്‍ പറത്തുന്ന താരം. ഇതൊക്കെയായിരുന്നു കുറച്ചുകാലം വരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. എന്നാലിന്ന് പഴയ ഫോമിന്‍റെ നിഴല്‍ മാത്രമാണ് സ്കൈ. ട്വന്റി 20 ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ ഇന്ത്യ ഭയപ്പെടുന്നതും സൂര്യയുടെ മങ്ങിയ പ്രകടനമാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ കളിയില്‍ 12 റണ്‍സിന് പുറത്തായ സൂര്യകുമാറിന് രണ്ടാം മത്സരത്തില്‍ നേടാനായത് അഞ്ച് റണ്‍ മാത്രം. ഈ പരമ്പരയില്‍ മാത്രമല്ല, 2024 നവംബര്‍ മുതല്‍ സൂര്യയുടെ പ്രകടനം ശോകം. 20 ഇന്നിംഗ്‌സില്‍ 13.55 ശരാശരിയില്‍ നേടിയത് 227 റണ്‍സ് മാത്രം. ഇതില്‍ ഒറ്റ അര്‍ധസെഞ്ചറിയില്ല. ഉയര്‍ന്ന സ്‌കോര്‍ 47. ലോകകപ്പിലേക്ക് അടുക്കുമ്പോള്‍ സൂര്യകുമാര്‍ ഫോം വീണ്ടെടുത്തില്ലെങ്കില്‍ ഇന്ത്യ കനത്ത വിലകൊടുക്കേണ്ടിവരും. 

കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര സൂര്യകുമാറിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഒരു ക്യാപ്റ്റന്റെ ജോലി ടോസിന് വേണ്ടി ഇറങ്ങുക മാത്രമല്ലെന്ന് ചോപ്ര പറഞ്ഞു. അദ്ദേഹത്തിന്റെ വിമര്‍ശനം ഇങ്ങനെ... ''നിങ്ങള്‍ ടീമിന്റെ ക്യാപ്റ്റനാണ്, എന്നാല്‍ ക്യാപ്റ്റന്റെ ജോലി ടോസിന് ഇറങ്ങുകയും ബൗളര്‍മാരെ കൈകാര്യം ചെയ്യുകയും മാത്രമല്ല. തന്ത്രം മെനയുക എന്നത് മാത്രമല്ല കാര്യം. ആദ്യ നാല് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ റണ്‍സ് നേടുകയെന്ന ദൗത്യം കൂടിയുണ്ട്. കഴിഞ്ഞ 17 ഇന്നിങ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് ശരാശരി 14 റണ്‍സ് മാത്രമാണ്. സ്ട്രൈക്ക് റേറ്റും അത്ര മികച്ചതല്ല. ഒരു ഫിഫ്റ്റി പോലും ഇല്ല. ഇതൊരു വലിയ പ്രശ്നമാണ്.'' ചോപ്ര പറഞ്ഞു.

ENGLISH SUMMARY:

Suryakumar Yadav's form is a major concern for India ahead of the T20 World Cup. His recent performances have been lackluster, and his form is critical to India's success in the tournament.