ഡല്‍ഹി പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍പില്‍ പ്രയാസപ്പെട്ട് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സ് നിരയില്‍ ഒരു ക്യാപ്ഡ് ബോളര്‍ പോലും ഇല്ലായിരുന്നിട്ടും പന്തിന് സ്ട്രൈക്ക്റേറ്റ് ഉയര്‍ത്തി കളിക്കാനായില്ല. 35 റണ്‍സ് കണ്ടെത്താന്‍ പന്തിന് വേണ്ടിവന്ന് 32 പന്തുകള്‍.
നാല് ഫോറും ഒരു സിക്സും വന്ന പന്തിന്റെ ഇന്നിങ്സിലെ സ്ട്രൈക്ക്റേറ്റ് 109 ആണ്. ട്വന്റി20 ലോകകപ്പ് ജയിച്ച ടീമിലെ അംഗത്തിന് ഒരു സ്റ്റേറ്റ് പ്രീമിയര്‍ ലീഗില്‍ സ്കോറിങ്ങിന്റെ വേഗം കൂട്ടാനാവുന്നില്ല എന്നത് നല്ല സൂചന അല്ല എന്ന ആരാധകരുടെ കമന്റുകളാണ് നിറയുന്നത്. ഫ്ളാറ്റ് പിച്ചില്‍ സ്കോറിങ്ങിന്റെ വേഗം കണ്ടെത്താന്‍ പന്ത് പ്രയാസപ്പെട്ടപ്പോള്‍ ടീം തോല്‍വിയിലേക്കും വീണു.
ട്വന്റി20 ലോകകപ്പില്‍ എട്ട് ഇന്നിങ്സില്‍ നിന്ന് 171 റണ്‍സ് ആണ് പന്ത് കണ്ടെത്തിയത്. ബാറ്റിങ് ശരാശരി 24.42. 42 ആയിരുന്നു ഇവിടുത്തെ പന്തിന്റെ ഉയര്‍ന്ന സ്കോര്‍. വിക്കറ്റിന് പിന്നിലും പന്ത് തിളങ്ങിയിരുന്നു. 13 ക്യാച്ചും ഒരു സ്റ്റംപിങ്ങും ഉള്‍പ്പെടെ 14 ഡിസ്മസിലുകളാണ് പന്തില്‍ നിന്ന് വന്നത്. ഒരു ട്വന്റി20 ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ ഡിസ്മിസലുകള്‍ എന്ന നേട്ടം പന്ത് ഇതിലൂടെ സ്വന്തമാക്കി.