Commonwealth-Games-india-2030

TOPICS COVERED

  • 2030 ലെ ശതാബ്ദി ഗെയിംസിനായുള്ള യാത്രയ്ക്ക് ഇന്ത്യ ഔദ്യോഗിക തുടക്കംകുറിച്ചു

ഇന്ത്യയുടെ സാംസ്കാരിക പെരുമ വിളിച്ചോതിയ ചടങ്ങില്‍ നൂറ്റാണ്ടിന്‍റെ ഗെയിംസിന് തിരിതെളിഞ്ഞു. ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിന്‍റെ  സമാപനച്ചടങ്ങില്‍ 2030 ലെ ശതാബ്ദി ഗെയിംസിനായുള്ള യാത്രയ്ക്ക് ഇന്ത്യ ഔദ്യോഗിക തുടക്കംകുറിച്ചു. ലോകത്തെ ഇന്ത്യ അഹമ്മദാബാദിലേക്ക് ക്ഷണിച്ചു. ഗ്ലാസ്ഗോയിലെ ഒവിഒ ഹൈഡ്രോയിൽ നടന്ന ചടങ്ങില്‍ കോമൺവെൽത്ത് ഗെയിംസ് ബാറ്റണ്‍ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറി. പുരാതന തത്വചിന്തകളും സമകാലിക കലകളും സാംസ്കാരിക ഗരിമയും ഒത്തുചേർന്ന ചടങ്ങില്‍ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ലോകത്തിനു മുന്നിൽ പ്രകടമായി. 

പാരമ്പര്യവും ആധുനികതയും ഒരുപോലെ സമ്മേളിക്കുന്ന രാഷ്ട്രമെന്ന വ്യക്തിത്വം വിളിച്ചോതുന്നതായിരുന്നു നൃത്ത–സംഗീത–ദൃശ്യവിസ്മയങ്ങൾ. ചാൾസ് മൂന്നാമൻ രാജാവിനെ പ്രതിനിധീകരിച്ച് എഡ്വേർഡ് രാജകുമാരൻ ഗെയിംസ് അവസാനിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മത്സരിച്ചതിനും, പിന്തുണച്ചതിനും, സംഘാടനം നടത്തിയതിനും നന്ദി പ്രകടിപ്പിച്ച അദ്ദേഹം നാലുവർഷത്തിന് ശേഷം ശതാബ്ദി ഗെയിംസിനായി എല്ലാവരെയും അഹമ്മദാബാദിലേക്ക്  ക്ഷണിച്ചു.

വനിതകളുടെ ബോക്സിങ് വിഭാഗത്തിൽ സ്വർണം നേടിയ ജാസ്മിൻ ലംബോറിയ സമാപനച്ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തി. ഗെയിംസ് പതാക വേദിയിലൂടെ പ്രതീകാത്മകമായി നീങ്ങിയതോടെ ഔദ്യോഗിക കൈമാറ്റച്ചടങ്ങ് തുടങ്ങി. രണ്ട് തവണ ഒളിംപിക് മെഡൽ ജേതാവായ നീരജ് ചോപ്ര, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷ എന്നിവരിലൂടെ പതാക ഒടുവിൽ ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘ്‌വിക്ക് കൈമാറി. 

മൂന്ന് ഭാഗങ്ങളായി അവതരിപ്പിച്ച ഇന്ത്യയുടെ സാംസ്കാരിക തനിമയുടെ ആഘോഷം ‘വസുധൈവ കുടുംബകം - ലോകം ഒരു കുടുംബം" എന്ന പുരാതന ഭാരതീയ തത്വചിന്തയിലൂന്നിയായിരുന്നു. വന്ദേമാതരത്തിന്‍റെ 150-ാം വാർഷികം ആഘോഷിച്ചുകൊണ്ടായിരുന്നു ആദ്യഭാഗം. നടി മാനുഷി ഛില്ലർ നയിച്ച നൃത്തത്തിന് നൂറുകണക്കിന് കലാകാരന്മാർ അകമ്പടിയായി. 

ശങ്കർ മഹാദേവന്‍റെ ഗംഭീരമായ സംഗീതം പാശ്ചാത്യ ഓർക്കസ്ട്രയും ഇന്ത്യൻ സംഗീത പാരമ്പര്യവും സമന്വയിപ്പിച്ചു. മക്കളായ സിദ്ധാർത്ഥ് മഹാദേവൻ, ശിവം മഹാദേവൻ എന്നിവർക്കൊപ്പമാണ് ശങ്കർ മഹാദേവൻ  വേദിയിലെത്തിയത്.  പ്രത്യേകം തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തിലൂടെ അഹമ്മദാബാദിനെ ലോകത്തിന് പരിചയപ്പെടുത്തി. ഇന്ത്യൻ സിത്താർ വാദകൻ റിഷഭ് ശർമയും സ്കോട്ടിഷ് സംഗീതജ്ഞൻ റോസ് എയ്ൻസ്ലിയും ചേര്‍ന്നുള്ള സാംസ്കാരിക ജുഗൽബന്ദി വിസ്മയമായി. 

ഗുജറാത്തി ഗായിക ഭൂമി ത്രിവേദി ഗുജറാത്തിന് പ്രത്യേക ആദരമർപ്പിച്ചു. സ്കോട്ടിഷ് സംഗീതവും കവിതയും നൃത്തവും ഉൾക്കൊള്ളുന്നതായിരുന്നു ഗ്ലാസ്ഗോയുടെ വിടവാങ്ങൽ ആഘോഷം. സ്കോട്ട്ലൻഡിന്‍റെ വീൽചെയർ റേസർ മെലാനി വുഡ്സ്, ഡേവിഡ് ഡിക്സൺ പുരസ്കാരത്തിന് അർഹയായി. മികച്ച പ്രകടനം, കായിക മര്യാദ, ടീമിനുള്ള സംഭാവന എന്നിവയുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച കായികതാരത്തിന് നൽകുന്ന പുരസ്കാരമാണിത്.

ENGLISH SUMMARY:

India has officially kicked off its journey to host the Centennial Games in 2030 with a spectacular closing ceremony at the Glasgow Commonwealth Games. The event showcased India's rich cultural diversity, inviting the world to Ahmedabad for a celebration of tradition and modernity.