lovelina-map

സ്കോട്ട്ലൻഡിലെ പ്രശസ്തമായ ഒരു ഇന്ത്യൻ റസ്റ്ററന്റിൽ ടിഷ്യൂ പേപ്പറുകളിൽ ഇന്ത്യയുടെ അപൂർണ്ണമായ ഭൂപടം അച്ചടിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ബോക്സിങ് താരം ലവ്‌ലിന ബോർഗോഹെയ്ൻ. ജമ്മു കശ്മീരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പെടുത്താത്ത ഭൂപടം അടങ്ങിയ ടിഷ്യൂ പേപ്പറുകൾ ഉപയോഗിച്ചതിനെതിരെയാണ് താരം പരസ്യമായി രംഗത്തെത്തിയത്. സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ നഗരത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരുന്ന 'മിസ്റ്റർ സിങ്സ് ഇന്ത്യ'  എന്ന റസ്റ്ററന്റിലാണ് ഈ ഗുരുതരമായ വീഴ്ചയുണ്ടായത്. ഭക്ഷണം കഴിക്കാനായി ഇവിടെയെത്തിയപ്പോഴാണ് ലവ്‌ലിനയ്ക്ക് തെറ്റായ ഭൂപടം അച്ചടിച്ച ടിഷ്യൂ പേപ്പറുകൾ ലഭിച്ചത്.

ഭൂപടത്തിൽ കശ്മീരിന്റെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ഭാഗങ്ങൾ ഒഴിവാക്കപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട താരം ഉടൻ തന്നെ  ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചിത്രങ്ങൾ പരസ്യമായി കാണിക്കുകയും ചെയ്തു. 'എനിക്ക് ഇത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. ഈ ഇന്ത്യയുടെ ഭൂപടത്തിൽ നമ്മുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇല്ല. പുറത്തും ഇത് തന്നെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. നമ്മുടെ ഭാരതത്തിന്റെ ഭൂപടം വെട്ടിമാറ്റിയിരിക്കുകയാണ്. ദയവായി അടുത്ത തവണ മുതൽ ഇക്കാര്യം കുറച്ചുകൂടി ശ്രദ്ധിക്കുക. ഇന്ത്യയുടെ ഓരോ ഭാഗവും അത്രമേൽ പ്രധാനപ്പെട്ടതാണ്, അതിന് അർഹമായ പ്രാതിനിധ്യം ലഭിക്കുകയും വേണം' ഇതായിരുന്നു ലവ്‌ലിന ബോർഗോഹെയ്ന്റെ വാക്കുകള്‍.

സംഭവത്തിൽ ലവ്‌ലിനയ്ക്ക് പൂർണ്ണ പിന്തുണയുമായി ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BFI) പ്രസിഡന്റ് അജയ് സിങ്ങും രംഗത്തെത്തി.  ഇത്തരം അശ്രദ്ധകളും ഗുരുതരമായ അപാകതകളും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പേര് ഉയർത്തിപ്പിടിക്കുന്ന കായികതാരങ്ങൾ തന്നെ ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാണിക്കുന്നത് രാജ്യസ്നേഹത്തിന്റെ മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി വെള്ളി മെഡൽ സ്വന്തമാക്കിയ താരമാണ് ലവ്‌ലിന ബോർഗോഹെയ്ൻ. വനിതകളുടെ 75 കിലോഗ്രാം വിഭാഗം ഫൈനലിൽ ഓസ്ട്രേലിയയുടെ എമ്മ സ്യു ഗ്രീൻട്രീയോട് പൊരുതിയാണ് ലവ്‌ലിന പരാജയപ്പെട്ടത് 1–4 ആയിരുന്നു താരത്തിന്റെ തോൽവി.

ENGLISH SUMMARY:

Lovlina Borgohain has strongly protested an incident where an Indian restaurant in Scotland printed an incomplete map of India on its tissue papers. The boxer publicly highlighted the issue of Jammu and Kashmir and the northeastern states being excluded from the map, emphasizing the importance of representing every part of India.