India's Neeraj Chopra competes in the Men's Javelin Throw Final at the Commonwealth Games in Glasgow, Scotland, Friday, July 31, 2026. (AP Photo/Alastair Grant)

  • ഏഴാം സ്ഥാനത്ത് നിന്നും അവസാനശ്രമത്തില്‍ വെങ്കലത്തിലേക്കൊരു ത്രോ, ത്രസിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത് യശ്വീര്‍ സിങ്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍ത്തിളക്കം. സീസണ്‍ ബെസ്റ്റുമായി നീരജ് ചോപ്ര വെള്ളി (85.83 മീറ്റര്‍) നേടിയപ്പോള്‍ വെങ്കലം ഇന്ത്യയുടെ തന്നെ യശ്വീര്‍ സിങ് (85.41മീ) സ്വന്തമാക്കി. ശ്രീലങ്കയുടെ റുമേഷ് പതിരാഗെ (89.75)യാണ് സ്വര്‍ണം നേടിയത്. 

ആദ്യ ത്രോയില്‍ തന്നെ നീരജ് മികച്ച ദൂരം കണ്ടെത്തിയെങ്കിലും ശ്രീലങ്കന്‍ താരം അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുകയായിരുന്നു. നീരജിന്‍റെ രണ്ടാമത്തെ കോമണ്‍ വെല്‍ത്ത് ഗെയിംസ് മെഡലാണിത്. യശ്വീറാവട്ടെ തന്‍റെ മികച്ച പ്രകടനം അവസാന ത്രോയിലേക്കാണ് കാത്തുവച്ചത്. യശ്വീറിന്‍റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. ഏഴാം സ്ഥാനത്ത് നിന്നും അവസാന ശ്രമത്തിലാണ് താരം വെങ്കലത്തില്‍ മുത്തമിട്ടത്.

ഇന്ത്യന്‍ താരമായ രോഹിത് യാദവ് ഏഴാമതായാണ് ഫിനിഷ് ചെയ്തത്.  പാക്താരവും ഒളിംപിക് മെഡല്‍ ജേതാവുമായ അര്‍ഷാദ് നദീമിന് കനത്ത നിരാശയാണുണ്ടായത്. ആദ്യ മൂന്ന് റൗണ്ടോടെ താരം പുറത്തായി. 23 മെഡലുകളാണ് ഗെയിംസില്‍ ഇതുവരെ ഇന്ത്യയുടെ സമ്പാദ്യം. അത്​ലറ്റിക്സില്‍ വെള്ളിയും വെങ്കലവുമായി ഏഴും പാര അത്​ലറ്റിക്സിലും ജൂഡോയിലും രണ്ട് വീതം സ്വര്‍ണവും ഒന്ന് വീതം വെള്ളിയും ഒരു വെങ്കലവുമായി ഏഴുമെഡലുകളും ഭാരോദ്വഹനത്തില്‍ ഒരു സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവുമായി എട്ട് മെഡലുകളും പാര പവര്‍ലിഫ്റ്റിങില്‍ ഒരു വെങ്കലവുമെന്നിങ്ങനെയാണ് മെഡലുകള്‍. 

ENGLISH SUMMARY:

India secured a phenomenal double-medal finish in the men's javelin throw at the Commonwealth Games, with Neeraj Chopra claiming the silver medal with a season-best throw of 85.83 meters and Yashvir Singh clinching the bronze with a personal best of 85.41 meters. Sri Lanka's Rumesh Pathirage won the gold medal with an impressive 89.75-meter throw, while Pakistan's Olympic medalist Arshad Nadeem suffered a major disappointment by exiting the competition after the first three rounds. Yashvir delivered a stunning comeback on his final attempt, rising from seventh place to secure the podium finish. With these achievements, India's overall medal tally at the ongoing Games reached 23 across various athletic and sporting disciplines.