ടെന്നിസ് കോര്‍ട്ടുകള്‍ എപ്പോഴും ത്രില്ലിങ് പോരാട്ടങ്ങളുടെ മാത്രം വേദിയല്ല. താരങ്ങളുടെ ഔട്ട്ഫിറ്റുകളിലെ വ്യത്യസ്തതകളും എക്സ്പെരിമെന്‍റുകളുമൊക്കെ ആരാധകരുടെ ഹൃദയം കവരാറുണ്ട്. നയോമി ഒസാക്കയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
ടെന്നിസ് കോര്‍ട്ടിനകത്ത് വന്‍ ചലനം തീര്‍ക്കുകയാണ് ജാപ്പനീസ് താരം. ത്രസിപ്പിക്കുന്ന ഷോട്ടുകള്‍ പായിച്ചും പിന്നെ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് കൊണ്ടും. വിമ്പിള്‍ണില്‍ ഒസാക്കയെത്തിയ സ്റ്റൈലുകണ്ട് ആരാധകരും ഫാഷന്‍ ലോകവുമൊക്കെ ത്രില്ലടിച്ചിരിപ്പാണ്. സ്ട്രിക്ട് ഡ്രെസ്കോര്‍ഡ് പിന്തുടരുന്ന വിമ്പിള്‍ഡണില്‍ സൂപ്പര്‍ ഹിറ്റാകുകയാണ് നയോമി ഒസാക്കയുടെ എക്സ്പെരിമെന്‍റുകള്‍.
ഒസാക്കയുടെ വൈറ്റ് ഗൗണാണ് ട്രെന്‍ഡിങ്. ജാപ്പനീസ് പരമ്പരാഗത വസ്ത്രമായ കിമോണോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ ഗൗണ്‍ തയാറാക്കിയിട്ടുള്ളത്. ടോക്യോ ആസ്ഥാനമായുള്ള ഡിസൈനര്‍ ഹാന യാഗിയാണ് ഗൗണിന്‍റെ ഡിസൈനര്‍. ഇതിനൊപ്പം ഡയമണ്ടും പേളും ചേര്‍ന്ന ഇയറിങ്സും സില്‍വര്‍പേള്‍ ബ്രേസ്‍ലറ്റും വൈറ്റ് ടെന്നിസ് ഷൂവും കൂടി ചേര്‍ന്നതോടെ സാധനം ക്ലിക്കായി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ വൈറലായി.
വിമ്പിള്‍ഡണ്‍ എന്ന് പറയുമ്പോള്‍ തന്നെ തൂവെള്ള പിന്തുടരുന്ന പാരമ്പര്യമാണ് ഓര്‍മ വരിക. അതിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ തന്‍റെയുള്ളില്‍ നിറഞ്ഞത് തന്‍റെ സംസ്കാരവും പാരമ്പര്യവുമായിരുന്നു എന്നാണ് ഒസാക്ക പറഞ്ഞത്. ജാപ്പനീസ്– ഹെയ്തി വേരുകളാണ് ഒസാക്കയ്ക്കുളളത്. ‘ജാപ്പനീസ് സംസ്കാരത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ കിമോണോയും മനസില്‍ വരും. എന്‍റെ ഫേവറിറ്റ് മൂവിയാണ് കില്‍ ബില്‍. അതിലെ ലൂസി ല്യൂവിന്‍റെ ക്യാരക്ടര്‍ വളരെ ഇഷ്ടമാണ്. അതിലവര്‍ക്ക് ഒരു ഓള്‍ വൈറ്റ് കിമോണോയുണ്ട്. അത് കിടിലനായിരിക്കുമെന്ന് തോന്നി.’ ഒപ്പം ജപ്പാനോടുള്ള തന്‍റെ ആദരവും സ്നേഹവുമാണ് ഈ ലുക്കില്‍ എത്തിയതിന് പിന്നിലെന്നും നയോമി ഒസാക്ക പറയുകയുന്നു. ഇതിന് പിന്നാലെ സെക്കന്‍ഡ് റൗണ്ടിലെ ലുക്കും ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചു.
ഇത് ആദ്യമായല്ല മുന്‍ ലോക ഒന്നാംനമ്പര്‍ താരം കാണികളേയും ആരാധകരേയും ഇങ്ങനെ അമ്പരപ്പിക്കുന്നത്. കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണില്‍ എത്തിയതും ജെല്ലിഫിഷ്– ഇന്‍സ്പയേര്‍ഡ് ഡ്രെസുമായാണ്. ഒപ്പം ഓവര്‍ സൈസ്ഡ് ഹാറ്റും പിന്നെ വെയിലും. ആരാധകരെ മുഴുവന്‍ അമ്പരപ്പിച്ച എന്‍ട്രി എങ്ങനെ മറക്കാനാണ്. പിന്നീട് ഫ്രഞ്ച് ഓപ്പണിലും കണ്ടു ഇതിന്‍റെ തുടര്‍ച്ച.
തന്‍റെ എന്‍ട്രിയിലൂടെ ആരാധകരെ അമ്പരപ്പിക്കുന്നത് ഏറെ ആസ്വദിക്കാറുണ്ടെന്ന് ഒസാക്ക ഒരിക്കല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വിമ്പിള്‍ഡണിലെ ഒസാക്കയുടെ അടുത്ത റൗണ്ട് പോരാട്ടത്തിലേക്കാണ് കണ്ണുകളൊക്കെയും. ഔട്ട്ഫിറ്റില്‍ എന്ത് മാജിക്കാണ് ഒസാക്ക തയാറാക്കി വച്ചിരിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും ഫാഷന്‍ ലോകവും.