Image: instagram.com/kurtsadams
വിമാനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്ത ബ്രിട്ടിഷ് കനോയിസ്റ്റ് കുർട്‌സ് ആഡംസ് റോസെന്റൽസിന് രണ്ട് വർഷത്തെ വിലക്ക്. ഈ വർഷം മാർച്ചിലാണ് 23 കാരനായ താരം തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ദൃശ്യങ്ങള്‍ പങ്കുവച്ചത്. സമൂഹമാധ്യമങ്ങളില്‍ ഒരുലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരത്തിന്‍റെ പ്രവൃത്തി ഒളിംപിക്സില്‍ മല്‍സരിക്കുക എന്ന മോഹങ്ങള്‍ക്കും വിലങ്ങുതടിയായേക്കും. ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ദൃശ്യങ്ങള്‍ പങ്കുവച്ചതായി സമ്മതിച്ച താരം പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
താരത്തിന്‍റെ പ്രവൃത്തികള്‍ മോശം പെരുമാറ്റമാണെന്നും കായികരംഗത്തിന് തന്നെ കടുത്ത അപമാനമാണെന്നുമാണ് അച്ചടക്ക സമിതി നിരീക്ഷിച്ചത്. സോഷ്യൽ മീഡിയയുടെ കുറ്റകരമായ ഉപയോഗമാണിതെന്നും സമിതി വ്യക്തമാക്കി. നടപടിയുടെ ഭാഗമായി മത്സരത്തിൽ നിന്നും പരിശീലനത്തിൽ നിന്നുമുള്ള വിലക്കിനൊപ്പം 2028, 2032 ഒളിംപിക്സുകളില്‍ മത്സരിക്കാൻ ലക്ഷ്യമിടുന്ന അത്‌ലറ്റുകളെ സഹായിക്കുന്ന വേൾഡ് ക്ലാസ് പ്രോഗ്രാമിലെ സ്ഥാനവും റോസെന്റൽസിന് നഷ്ടപ്പെടും. എന്നാല്‍ ഒളിംപിക്സിൽ മല്‍സരിക്കുക എന്ന തന്‍റെ സ്വപ്നത്തിലേക്ക് തന്നെ സാമ്പത്തികമായി നയിക്കുന്നത് അഡൽറ്റ് വിഡിയോകളില്‍ നിന്നുള്ള വരുമാനമാണെന്ന് താരം നേരത്തേ അവകാശപ്പെട്ടിരുന്നു.
അത്‍ലറ്റുകള്‍ക്ക് ആവശ്യമായ ധനസഹായം നൽകിയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്നാണ് റോസെന്റൽസ് പറയുന്നത്. കനോയിങ്, കയാക്കിങ്, പാഡിൽ സ്പോർട്സ് എന്നിവയ്ക്കായുള്ള രാജ്യത്തിന്റെ ഭരണസമിതിയായ പാഡിൽ യുകെയില്‍ നിന്നും തനിക്ക് ലഭിക്കുന്ന ധനസഹായം പ്രതിവർഷം 32,000 ഡോളർ ആണെന്നാണ് താരം പറയുന്നത്. എന്നാല്‍ ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ ഓണ്‍ലി ഫാന്‍സ് വഴി 200,000 ഡോളറിലധികം (ഏകദേശം 1.6 കോടി രൂപ) താന്‍ സമ്പാദിച്ചതായും താരം അവകാശപ്പെടുന്നുണ്ട്. ജനുവരി 10 മുതൽ റോസെന്റൽസിന് ഒൺലി ഫാൻസ് അക്കൗണ്ടുമുണ്ട്.
അതേസമയം, സസ്പെൻഷൻ നടപടി കടുത്തുപോയെന്നും വിഡിയോ പോസ്റ്റ് ചെയ്തതിന് നിരോധിക്കേണ്ട ആവശ്യമില്ലെന്നും റോസെന്റൽസ് പ്രതികരിച്ചു. വിഡിയോയുടെ ഉള്ളടക്കം എന്താണെന്ന് എനിക്ക് ബോധ്യമുണ്ട്. എന്നാല്‍ അത് നിയമവിരുദ്ധമല്ല. ഒരു അത്‌ലറ്റിനെ വിലക്കാൻ അത് കാരണമാകരുത്. ബിബിസി സ്പോർട്ടിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘ഇപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ട്. പക്ഷേ, ഞാൻ അത് ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുമ്പോളുള്ള മാനസികാവസ്ഥ മറ്റൊന്നായിരുന്നു. എനിക്ക് സാമ്പത്തികമായി പുരോഗതിയുണ്ടാകാന്‍ കാരണം അഡല്‍റ്റ് വിഡിയോകളുടെ നിര്‍മാണമാണ്. അങ്ങിനെ പരിശീലനത്തിന് സ്വയം പണം കണ്ടെത്താൻ എനിക്ക് കഴിഞ്ഞു. എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ ഈ വിഡിയോകള്‍ സഹായിച്ചു. ഇത്തരം വിഡിയോകൾക്ക് എന്റെ ജീവിത സാഹചര്യം മെച്ചപ്പെടുന്നതുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഞാൻ മനസിലാക്കി. ഇത് തുടരുക എന്നത് മാത്രമായിരുന്നു മുന്‍പിലുണ്ടായിരുന്ന വഴി. അതില്‍ ഞാന്‍ ഖേദിക്കുന്നില്ല’ താരം പറഞ്ഞു.
അതേസമയം, എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അച്ചടക്ക നയത്തിന് കീഴിൽ ആവശ്യമുള്ള നടപടിയെടുക്കുമെന്നും പാഡിൽ യുകെ പ്രസ്താവനയിൽ അറിയിച്ചു.