പരിശീലിക്കാൻ നല്ലൊരു ഗ്രൗണ്ട് ഇല്ല. എന്നിട്ടും ഇടുക്കി ഹൈറേഞ്ച് അക്കാദമിയിലെ കുട്ടികൾ സ്കൂൾ ഒളിംപിക്ക്സിൽ എത്തി. അതിനായി കുണ്ടം, കുഴിയും കല്ലുകളും നിറഞ്ഞ ഗ്രൗണ്ടിലായിരുന്നു പരിശീലനം. ഈ പരിമിതികൾ, മീറ്റിൽ തങ്ങളുടെ സ്വപ്‌നങ്ങൾക്ക് വിലങ്ങു തടി ആകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്.
ഹൈ ജംപിൽ ദേശീയ മീറ്റുകളിൽ റെക്കോർഡുകൾ ഭേദിച്ച ജ്യുവൽ തോമസും അബിയ ആൻ ജിജിയും ഉൾപ്പെടെ 12 താരങ്ങൾ ഈ ഗ്രൗണ്ടിൽ പരിശീലിച്ച് ഇവിടെ എത്തിയത് തന്നെ വലിയ നേട്ടമാണ്. അതിലേക്ക് ഇവരെ കൈ പിടിച്ചു നടത്തിയ ഒരാളുണ്ട്. ഇവരുടെ സ്വന്തം ജോർജ് സാർ. നേവിയിൽ നിന്ന് വിരമിച്ച് ഇപ്പൊൾ ഇടുക്കി പെരുവന്താനത്തുള്ള ഹൈ റേഞ്ച് അക്കാദമിയിലെ കുട്ടികളെ പരിശീലിപ്പിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് സന്തോഷ് ജോർജ്.
പരിശീലിക്കാൻ നല്ലൊരു ഗ്രൗണ്ട്. അതിന് തദ്ദേശ സ്ഥാപനങ്ങളുടെയും സർക്കാരിന്‍റെയും പിന്തുണ. അത് യാഥാർഥ്യമായാൽ മാമലകളുടെ നാട്ടിൽ നിന്ന് കൂടുതൽ മിന്നും താരങ്ങൾ പിറവിയെടുക്കുമെന്നുറപ്പ്.