ഈ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ റോഡുകളില്‍, ആളുകളുടെ ജീവനെടുത്ത മരണപ്പാച്ചിലില്‍ ചിലതുമാത്രമാണിത്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരായ ആശങ്കകള്‍ പലതവണ കേട്ടതും ചര്‍ച്ചചെയ്യപ്പെട്ടതുമാണ്.  നടപടിപ്രഖ്യാപനങ്ങളും ഒട്ടേറെയുണ്ടായി. ഒടുവില്‍,,, രണ്ടുദിവസം മുന്‍പ് കാക്കനാട്ട് ഒരു യുവതിയുടെ ജീവന്‍, റോഡിലെ മരണവേഗം കവര്‍ന്നപ്പോഴും ഉയര്‍ന്നു ആശങ്കകളും പ്രഖ്യാപനങ്ങളുമെല്ലാം.... എന്നിട്ടെന്തായി... എന്തെങ്കിലും മാറ്റങ്ങള്‍ സ്വകാര്യബസുകളുടെ ഈ മരണവേഗത്തിന്... ഒരുതരിപോലും മാറിയില്ലെന്നുതന്നെയാണ് ഇന്നും പരിശോധനയില്‍ കണ്ടെത്തിയത്.

കൊച്ചിയില്‍ സ്വകാര്യബസുകളില്‍ ഇന്ന് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് മുപ്പതിലധികം നിയമലംഘനങ്ങളാണ്. മദ്യപിച്ച് വാഹനമോടിച്ച മൂന്ന് ഡ്രവൈര്‍മാരാണ് പിടിയിലായത്. അമിത വേഗം, ഡോര്‍ അടയ്ക്കാതെ യാത്ര തുടങ്ങിയ നിയമലംഘനങ്ങള്‍ക്കായി 32 കേസുകളും റജിസ്റ്റര്‍ ചെയ്തു. രാവിലെ അഞ്ചുമുതല്‍ എട്ടുവരെ മാത്രം നടത്തിയ പരിശോധയിലാണ് ഇത്രയധികം നിയമലംഘനങ്ങള്‍.

കാക്കനാട്ട് സ്വകാര്യ ബസ് ഇടിച്ച് ഇന്‍ഫോപാര്‍ക്കിലെ ഐ.ടി കമ്പനി ജീവനക്കാരിയായ യുവതി മരിച്ചതില്‍ വന്‍ പ്രതിഷേധമാണുണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. റോഡിലെ തമ്പുരാക്കന്മാരല്ല, കാലന്‍‍മാരാണ് സ്വകാര്യ ബസ് ഡ്രൈവര്‍മാരെന്നാണ് കോടതി പറഞ്ഞത്.  അപകടമുണ്ടാക്കിയ ബസ് ഡ്രൈവർ 8 ലഹരി കേസുകളിൽ പ്രതിയാണെന്നത് ഞെട്ടിക്കുന്നതാണെന്നും കോടതി പറഞ്ഞു. 

ഹൈക്കോടതി വടിയെടുത്തതുകൊണ്ടു കൂടിയാണ് കൊച്ചിയിലെ റോഡുകളില്‍ പൊലീസ് പരിശോധനയ്ക്കിറങ്ങിയത്. ആളപായം ഉണ്ടാക്കുന്ന അപകടങ്ങളിൽ കുറ്റകരമായ നരഹത്യ ചുമത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. സ്വകാര്യ ബസ് ജീവനക്കാരുടെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുമെന്നും കമ്മിഷണര്‍.

സ്വകാര്യബസുകളുടെ മരണപ്പാച്ചിലില്‍ പ്രതിഷേധങ്ങള്‍ ശക്തമാവുകയും കോടതി ഇടപെടലുണ്ടാവുകയും ചെയ്തതോടെ സര്‍ക്കാരും നടപടികള്‍ക്കൊരുങ്ങുകയാണ്. ആളെക്കൊല്ലുന്ന മല്‍സരയോട്ടം വേണ്ടെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, അമിതവേഗത്തില്‍ വാഹനമോടിക്കുന്ന സ്വകാര്യബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും വ്യക്തമാക്കി. തൂഫാന്‍ മാത്യകയില്‍ രാത്രികാലങ്ങളില്‍  വാഹന പരിശോധന കര്‍ശനമാക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് തൃശൂര്‍ തോളൂര്‍ സ്വദേശി അക്ഷര, കാക്കനാട് ഇടച്ചിറയില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യബസ് ഇടിച്ച് മരിച്ചത്. ജിമ്മിൽ വർക്ക് ഔട്ട് കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. ഇടച്ചിറ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന 'മലയിൽ ബസാണ് ഇടിച്ചത്. 

അക്ഷരയുടെ മരണത്തിന് പിന്നാലെ സ്വകാര്യബസുകളുടെ മരണപ്പാച്ചിലിനെതിരെ പ്രതിഷേധം ശക്തമായി. ശക്തമായ നടപടി ആവശ്യപ്പെട്ട് ഇൻഫോപാർക്കിലെ ജീവനക്കാർ രംഗത്തെത്തി. പ്രോഗ്രസ്സീവ് ടെക്കീസ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമൂഹമാധ്യമങ്ങളില്‍ ക്യാംപെയിനുകളും തുടങ്ങി. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ ബിനോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരി കേസുകളിലടക്കം പ്രതിയായ ബിനോയിക്കെതിരെ വിവിധ സ്റ്റേഷനുകളിലുായ എട്ടുകേസുകള്‍ നിലവിലുണ്ട്. ഇത്രയേറെ കേസുകളിൽ പ്രതിയായിട്ടും ബിനോയ് വീണ്ടും എങ്ങനെ നിരത്തിലിറങ്ങി എന്നതാണ് ഉയരുന്ന ചോദ്യം.  ഇത്തരം നിയമലംഘനങ്ങള്‍ തുടരുമ്പോള്‍ എത്ര കുടുംബങ്ങളുടെ സ്വപ്നങ്ങളാണ് റോഡുകളില്‍ പൊലിയുന്നത്. ഡ്രൈവർമാരെ തിരഞ്ഞെടുക്കുമ്പോൾ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്ന് അക്ഷരയുടെ അച്ഛന്‍ ഓമനക്കുട്ടൻ പറയുന്നത് അധികൃതര്‍ കേള്‍ക്കണം.അക്ഷരയുടെ ജീവനെടുത്ത അപകടത്തിന് ശേഷവും അതേ സ്ഥലത്തുകൂടി ചീറിപ്പായുകയാണ് ബസുകൾ. അക്ഷരയെ ഇടിച്ചുതെറിപ്പിച്ച നടുക്കുന്ന ദൃശ്യങ്ങൾ പകർത്തിയ CCTVയില്‍   അപകടത്തിന് ശേഷമുള്ള ദിവസങ്ങളിലെ ദൃശ്യങ്ങളിലും കാണാം ചീറിപ്പായുന്ന സ്വകാര്യ ബസുകള്‍.   

പിന്നിൽ നിന്ന് ഏത് നിമിഷവും പാഞ്ഞെത്താവുന്ന വാഹനങ്ങൾ... ഭയത്തോടെ തിരിഞ്ഞുനോക്കിനോക്കി വേണം കാൽനടയാത്രക്കാർക്ക് ഇവിടെ ഓരോ ചുവടും മുന്നോട്ടുവയ്ക്കാൻ. നിയമലംഘനങ്ങൾ ഇവിടെ മാത്രം ഒതുങ്ങുന്നില്ല. കാക്കനാട്ടെ കുന്നുംപുറം റോഡിൽ ബസുകൾക്ക് പ്രവേശനമില്ല. നിയന്ത്രണം മറികടന്ന് ഇതുവഴിയും ഇരമ്പിപ്പായുകയാണ് സ്വകാര്യ ബസുകൾ. അനധികൃത ഓട്ടം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ക്യാമറയിൽ പകർത്തി MVD-ക്ക് കൈമാറിയിട്ടും നടപടിയുണ്ടായില്ല. 

അക്ഷരയില്‍ തീര്‍ന്നില്ല, കൊച്ചിയിലെ സ്വകാര്യബസുകളുടെ മരണക്കളി. ശനിയാഴ്ച നഗരത്തില്‍ സ്വകാര്യബസ് ഇടിച്ചിട്ടത് ഒരു സിവില്‍ പൊലീസ് ഓഫിസറെയാണ്. ഹൈക്കോടതി ജംക്‌ഷനില്‍ ട്രാഫിക് നിയന്ത്രിക്കുന്നതിനിടെയാണ് ശ്രീദത്തിനെ സ്വകാര്യബസ് ഇടിച്ചത്. കാലിന് ചതവേറ്റു. ബസ് ഡ്രൈവര്‍ കാക്കനാട് സ്വദേശി അനീഷിനെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ബസും കസ്റ്റഡിയിലെടുത്തു. 

സ്വകാര്യബസുകളുടെ അമിതവേഗത്തിനൊപ്പം, കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയും അപകടം വിളിച്ചുവരുത്തുന്നു. ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടുന്ന കാക്കനാട്ടെ റോഡുകളുടെ വീതിക്കുറവും നടപ്പാതകളുടെ അഭാവവും ഉയർത്തുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളാണ്. ജീവന്‍കയ്യില്‍ പിടിച്ചാണ് ഇതുവഴിയുള്ള യാത്ര.

ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരങ്ങൾ മാത്രം പോരാ. റോഡുകൾക്കും പൊതുഗതാഗതത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന വികസന മാതൃകയാണ് ആവശ്യം. സ്വകാര്യബസുകളുടെ മരണപ്പാച്ചിലിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും വീര്‍പ്പുമുട്ടുന്ന നഗരത്തിലെ റോഡുകള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് വന്‍ റാലികളും പ്രകടനങ്ങളുമെല്ലാം. യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ കൊച്ചി നഗരത്തില്‍ നടന്ന റാലിക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിനാണ് കേസ്. ബോൾഗാട്ടി ജംഗ്ഷൻ മുതൽ മറൈൻ ഡ്രൈവ് വരെയായിരുന്നു യൂത്ത് ലീഗിൻ്റെ റാലി. പൊലീസ് അനുമതിയും വാങ്ങിയിരുന്നു. ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് പോലീസ് മുന്നറിയിപ്പും നൽകിയിതാണ്.എന്നാൽ റാലി ആരംഭിച്ചതോടെ  ഗതാഗതക്കുരുക്ക് രൂക്ഷമായി.പോലീസ് നിർദ്ദേശങ്ങൾ ലംഘിച്ച് ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിനാണ് മുനവറലി ശിഹാബ് തങ്ങൾ , പി കെ ഫിറോസ് അടക്കമുള്ള നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തത്.റോഡിൽ കുരുങ്ങിയ വാഹനങ്ങളിലെ യാത്രക്കാരും യൂത്ത് ലീഗ് പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു.ചില വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായതായും പരാതി ഉയർന്നിട്ടുണ്ട്.ഗതാഗതക്കുരുക്ക് രൂക്ഷമായ കൊച്ചിയിൽ പോലീസ് നിർദ്ദേശങ്ങൾ പാലിക്കാതെ റാലി നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങൾ അടക്കം രൂക്ഷ വിമർശനമാണ് ഉയരുന്നത്.

സ്വകാര്യബസുകളുടെ നിയമലംഘനം കൊച്ചിയില്‍ മാത്രമൊതുങ്ങുന്നതല്ല. കോഴിക്കോട്ടം കഞ്ചാവുമായി ബസ് കണ്ടക്ടര്‍ പിടിയിലായത് കഴിഞ്ഞദിവസമാണ്. മാവൂര്‍ റൂട്ടിലോടുന്ന സരോവരം ബസിലെ ജീവനക്കാരന്‍ ജിബിന്‍ ജോസാണ് പിടിയിലായത്. 

ഇത്രയേറെ ജീവനുകള്‍ പൊലിഞ്ഞിട്ടും ഒട്ടേറെ കുടുംബങ്ങള്‍ വഴിയാധാരായമായിട്ടും നമ്മുടെ റോഡുകളില്‍ ചോരവീഴുന്നത് ഒഴിവാക്കാനാവാത്തത് എന്തുകൊണ്ടാണ്. സമയക്രമത്തിന്റെ പേരില്‍ സ്വകാര്യബസുകള്‍ നടത്തുന്ന മരണപ്പാച്ചിലിന് തടയിടാന്‍ അധികൃതര്‍ക്ക് ഒന്നും ചെയ്യാനാവില്ലേ? ലഹരി ഉപയോഗിച്ച് സ്കൂള്‍ വാഹനങ്ങള്‍പോലും ഓടിക്കുന്നത് അവസാനിപ്പിക്കാനാവില്ലേ? കുഞ്ഞുങ്ങളുടെ ജീവന്‍പോലും അപകടത്തിലാക്കുന്ന ഇത്തരക്കാരെ എന്താണ് ചെയ്യേണ്ടേത്? കോടതി ഇടപെടല്‍പോലും ഇവരെ നല്ലവഴിയിലേക്ക് നയിക്കാത്തത് എന്തുകൊണ്ടാണ്. റോഡ് സുരക്ഷയ്ക്കായി പുറപ്പെടുവിച്ച ഉത്തരവിലെ നിര‍്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സമയം തേടിയതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകളുണ്ടായില്ലെങ്കില്‍ ഇനിയും ഒട്ടേറെ ജീവനുകള്‍ നമ്മുടെ റോഡുകളില്‍ പൊലിയും. ഇതിനൊപ്പം, സുരക്ഷിതമായ യാത്രയ്ക്ക് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള തുടര്‍ച്ചയായ ഇടപെടലുകളും ഉണ്ടായേ തീരൂ.

 

ENGLISH SUMMARY:

Private bus accidents in Kochi have sparked widespread outrage and high court intervention after reckless driving claimed the life of an Infopark employee. Authorities are now facing mounting pressure to enforce stricter road safety measures and crack down on drug-impaired drivers.