• പെലെയുടെ കിക്കിന്റെ വേഗതയും ശക്തിയും സെക്കൻഡുകൾക്കുള്ളിൽ എന്നെ പരിക്കേൽപ്പിച്ചു

ഹോളിവുഡ് ചരിത്രത്തിലെ എപ്പിക് ചിത്രം 'എസ്‌കേപ്പ് ടു വിക്ടറി' സിനിമയുടെ ഷൂട്ടിംഗിനിടയിൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഒപ്പമുണ്ടായിരുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ സിൽവെസ്റ്റർ സ്റ്റാലന്‍. പെലെയുടെ ശക്തമായ കിക്ക് കൊണ്ട് തന്റെ വിരലൊടിഞ്ഞ അനുഭവം 'ദി റെസ്റ്റ് ഈസ് എന്റർടൈൻമെന്റ്' എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് താരം വെളിപ്പെടുത്തിയത്.

1981 ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ ചിത്രമായിരുന്നു എസ്‌കേപ്പ് ടു വിക്ടറി. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ സിൽവെസ്റ്റർ സ്റ്റാലനും ഫുട്ബോൾ ഇതിഹാസം പെലെയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തിൽ ഗോൾകീപ്പറുടെ വേഷമായിരുന്നു സ്റ്റാലന്. ഷൂട്ടിംഗിനിടയിൽ പോസ്റ്റിലേക്ക് എങ്ങനെ കൃത്യമായി ഗോളടിക്കാമെന്ന് പെലെ കാണിച്ചുകൊടുത്തു. ഇതിനിടയിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്.

'അന്നത്തെക്കാലത്ത് രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോളുകൾ ഇപ്പോഴത്തേതിനേക്കാള്‍ ഭാരമുള്ളതും കട്ടിയുള്ള തവിട്ട് ലെതർ കൊണ്ടു നിര്‍മിച്ചതുമാണ്. അന്ന് സ്റ്റീൽ-ടോ ഷൂസുകളാണ് ഉപയോഗിച്ചിരുന്നത്. പെലെ എന്നോട് ഗോൾ പോസ്റ്റിൽ നിൽക്കാൻ ആവശ്യപ്പെട്ടു. താൻ അടിക്കുന്ന പന്ത് എനിക്ക് കാണാൻ പോലും കഴിയാത്ത വേഗതയിൽ കൃത്യമായി കോര്‍ണറില്‍ കയറുമെന്നും പറഞ്ഞു' - സ്റ്റാലന്‍ ഓർമ്മിച്ചു.

പെലെ പന്ത് ശക്തിയായി അടിച്ചു. ശബ്ദം കേട്ടയുടന്‍ താൻ കൈകൾ ഉയർത്തിയെന്ന് സ്റ്റാലോൺ പറയുന്നു. 'പെലെയുടെ കിക്ക് എത്രത്തോളം ശക്തമായിരുന്നുവെന്ന് അന്ന് കണ്ടു. ആ പന്ത് ഗോൾപോസ്റ്റിലെ നെറ്റും തുളച്ച്, ജയിലിലെ ബങ്കറുകളുടെ ഗ്രിഡുകളിട്ടിരുന്ന ജനൽച്ചില്ലുകളും തകർത്താണ് കടന്നുപോയത്! ആ നിമിഷമാണ് എനിക്ക് മനസിലായത് എന്റെ വിരൽ ഒടിഞ്ഞെന്ന്. പെലെയുടെ കിക്കിന്റെ വേഗതയും ശക്തിയും കാരണം ഏതാനും സെക്കൻഡുകൾക്കുള്ളിൽ തന്നെ എനിക്ക് പരിക്കേൽക്കുകയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ കിക്കിന്റെ ശക്തി. ഫുട്ബോളിൽ അദ്ദേഹം എത്രമാത്രം മികച്ചവനായിരുന്നു എന്നതിന്റെ ഉദാഹരണമാണിത്', സ്റ്റാലന്‍ കൂട്ടിച്ചേർത്തു. സിനിമയുടെ ചിത്രീകരണ സമയത്തെ ഈ രസകരമായ അനുഭവം ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. 

രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നാസി തടങ്കൽപ്പാളയത്തിൽ കഴിയുന്ന മിത്രരാജ്യങ്ങളുടെ തടവുകാരായ സൈനികർ, ജർമ്മൻ നാഷണൽ ടീമുമായി ഒരു പ്രദർശന ഫുട്ബോൾ മത്സരത്തിന് തയ്യാറെടുക്കുന്നതായിരുന്നു എസ്‌കേപ്പ് ടു വിക്ടറിയുടെ പ്രമേയം. തടവുകാർ നാസി ക്യാമ്പിൽ നിന്നും തന്ത്രപരമായി രക്ഷപ്പെടാനുള്ള അവസരമായി മാച്ചിനെ കാണുന്നു. തടവുകാരുടെ ടീമിന്റെ ഗോൾകീപ്പറായ 'റോബർട്ട് ഹാച്ച്' എന്ന കഥാപാത്രത്തെയാണ് സിൽവെസ്റ്റർ സ്റ്റാലോൺ അവതരിപ്പിച്ചത്. 

സിനിമ ആധികാരികവും അവിസ്മരണീയവുമാക്കാൻ ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസതാരം പെലെ, ബോബി മൂർ തുടങ്ങിയ ലോകോത്തര താരങ്ങളെയും സംവിധായകൻ ജോൺ ഹസ്റ്റൺ കളിക്കളത്തിലേക്ക് നേരിട്ട് ഇറക്കി. 'ലുയിസ് ഫെർണാണ്ടസ്' എന്ന തടവുകാരനായാണ് പെലെ ചിത്രത്തിൽ അഭിനയിച്ചത്. വെറുമൊരു കായിക ചിത്രത്തിനപ്പുറം മനുഷ്യന്റെ അതിജീവനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കഥ പറയുന്ന ചിത്രം ഹോളിവുഡ് സിനിമയിലെ മാസ്റ്റർപീസുകളിൽ ഒന്നാണ്.

ENGLISH SUMMARY:

Hollywood action star Sylvester Stallone recently recalled a painful yet unforgettable incident from the set of his 1981 epic film Escape to Victory, sharing how football legend Pelé’s powerful kick broke his finger. Speaking on the podcast The Rest is Entertainment, Stallone—who played a goalkeeper in the World War II prisoner-of-war film—recounted how Pelé demonstrated how to score effortlessly into the top corner. Because World War II-era leather balls were much heavier and harder than modern ones and players wore steel-toed boots, Pelé’s strike was devastatingly fast. Stallone recalled lifting his hands at the sound of the kick, only for the ball to rocket past, tear through the goal net, shatter a prison bunk window grill, and instantly fracture his finger, a testament to the legendary footballer's raw power.