അഞ്ചുലക്ഷം രൂപയുമായി ഹൈദരബാദിലെത്തിയാല് മതി. പെണ്ണുകാണല്‍ മുതല്‍ വിവാഹത്തിന് വരെ സന്നാഹമൊരുക്കിത്തന്ന് ഒടുവില്‍ മണിയറയും തീര്‍ത്ത് നല്കുന്ന ഇവന്റ് മാനേജ്മെന്റ് സംഘങ്ങള്‍ പോലെയാണ് ദല്ലാള്‍മാര്‍. പെണ്ണുകാണല്‍ കഴിഞ്ഞാല്‍ ബ്രോക്കര്‍മാര്‍ വിലപേശല്‍ തുടങ്ങും. പ്രായം കുറഞ്ഞ പെണ്‍കുട്ടികള്‍ക്കും സൗന്ദര്യം കൂടുതലുള്ളവര്‍ക്കും വിലയേറുമെന്ന് ബ്രോക്കര്‍മാര്‍. ചിലര്‍ക്ക് 20 ലക്ഷംവരെ വിലയിടും.രണ്ടാംവിവാഹത്തിനുള്ള വധുവിനെ വാങ്ങാനാണ് ഏറെപ്പേരും കേരളത്തില്നിന്നടക്കം ഹൈദരബാദിലെത്തുന്നത്. പലരും അന്‍പതുവയസ്സ് കഴിഞ്ഞവര്‍. സിനിമാ നിര്‍മാതാക്കള്‍ മുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍വരെ കേരളത്തില്‍നിന്ന് രണ്ടാംവിവാഹത്തിനായി ഹൈദരബാദിലെത്തുന്നുവെന്ന് ബ്രോക്കര്‍മാര്‍ വെളിപ്പെടുത്തി. മെഗാസ്റ്റാര്‍ ചിത്രങ്ങളടക്കം നിര്‍മിച്ച 65 കാരനായ നിർമാതാവ് കല്യാണം കഴിച്ചത് ഇരുപതുകാരിയെ. ഹൈദരാബാദിലെ പാവം കുടുംബങ്ങളുടെ ദൈന്യത മുതലാക്കി ഇപ്പോഴും അറബിക്കല്ല്യാണങ്ങൾ നടക്കുന്നുണ്ടെന്നും മലയാളി ബ്രോക്കർമാർ മനോരമ ന്യൂസിനോട് പറഞ്ഞു. അറബികളിൽ നിന്ന് 12 ലക്ഷം രൂപ വരെ ഈടാക്കുന്നുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് അറബികൾ വിവാഹം കഴിച്ച് ഒഴിവാക്കിയവരുടെ മക്കളും പേരക്കുട്ടികളും പോലും മണവാട്ടികളായെത്തുന്നു.