ചിറകുവിരിച്ച് പറക്കാന്‍, സ്വപ്നങ്ങളുടെ ആകാശങ്ങള്‍ മറികടക്കാന്‍ കരുത്തോടെ കുതിക്കുകയാണ് നമ്മുടെ കായിക കൗമാരം. വേഗ വിസ്മയം തീര്‍ത്ത്, പുതിയ റെക്കോര്‍ഡുകള്‍ കുറിച്ച്, ചരിത്രമുറങ്ങുന്ന കോഴിക്കോട് എന്‍.ഐ.ടി സ്റ്റേഡിയത്തില്‍ സ്കൂള്‍ കായികമേള ആവേശക്കൊടുമുടിയിലാണ്. കലയും കായികവും നെഞ്ചോടുചേര്‍ക്കുന്ന കോഴിക്കോടിന്റെ മണ്ണിലേക്ക്, 11 വര്‍ഷത്തിനുശേഷം കൗമാര കായികപൂരം എത്തിയത് ഏഴുപതിറ്റാണ്ടിന്റെ പകിട്ടോടെയാണ്. ഇതിനിടയിലാണ് ചില പുഴുക്കുത്തുകള്‍.
ഉച്ചഭക്ഷണത്തിലെ സാമ്പാറില്‍ നിന്ന് പുഴുവിനെ കിട്ടി എന്ന് ആരോപിച്ച് പെരുമ്പാവൂര്‍ വെങ്ങോല ശാലോം സ്കൂള്‍ അധ്യാപകന് ജിജോ ജെയിംസ് ഫെയ്സ്ബുക്കില്‍ ലൈവ് നല്കി. സംഘാടകര്‍ ഇത് ചോദ്യംചെയ്തതോടെ അധ്യാപകന് തന്നെ തിരുത്തി. തോന്നിയതാകാമെന്നായി വിശദീകരണം. പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി. പ്രതിഷേധമുയര്‍ന്നു. ജിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളെ രക്ഷപ്പെടുത്താന്‍ പൊലീസ് നീക്കമെന്ന് ആരോപിച്ച് സംഘാടകരെത്തി. പൊലീസും സംഘാടകരും തമ്മില്‍ വാക്കേറ്റമായി. പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. ജിജോയ്ക്കെതിരെ കര്‍ശന നടപടിവേണമെന്നായിരുന്നു ആവശ്യം. കായികമേള അലങ്കോലപ്പെടുത്താന്‍ മനഃപൂര്‍വം ചിലര്‍ ശ്രമിക്കുന്നു എന്ന് പരാതി ഉയര്‍ന്നു. കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. വിദ്യാഭ്യാസമന്ത്രി കടുത്ത നിലപാടെടുത്തതോടെ അധ്യാപന് ജിജോ ജെയിംസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മേളയിലെ ഭക്ഷണത്തിനെതിരായ കുപ്രചരണങ്ങള്‍ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമെന്ന് പഴയിടം മോഹനന് നമ്പൂതിരി ആരോപിച്ചു. പിന്നാലെ ജിജോ ജെയിംസിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവുമിറങ്ങി. അതിനിടെ മേളയിലെ ഭക്ഷണത്തിനെതിരെ പരാതി ഉയര്‍ത്തി എസ്എഫ്ഐ സമാന്തര ഭക്ഷണവിതരണവും നടത്തിയിരുന്നു.
കായികമേളയിലെ കൗമാരക്കുതിപ്പിനിടെയാണ് കല്ലുകടിയായി പ്രായത്തട്ടിപ്പ് വിവാദമുയര്‍ന്നത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹീറ്റ്സ് മല്‍സരത്തില്‍ പങ്കെടുത്ത കോട്ടയം കോരുത്തോട് സ്കൂള്‍ വിദ്യാര്‍ഥിക്കെതിരെയായിരുന്നു പരാതി. യു.പി.ക്കാരനായ മല്‍സരാര്‍ഥിക്ക് രണ്ട് വയസ് അധികമുണ്ടെന്ന് കാണിച്ച് കോതമംഗലം മാര്‍ബേസില്‍ സ്കൂളാണ് പരാതി നല്‍കിയത്. മത്സരാർത്ഥിയുടെ 2 ആധാർ കാർഡുകൾ സഹിതമായിരുന്നു പരാതി.