നാടിനെ ഞെട്ടിച്ച ക്രൂരതകളും അതിക്രമങ്ങളും അരങ്ങേറിയ ദിവസങ്ങളായിരുന്നു കഴിഞ്ഞത്. അതിലേറെയും വന്നത് തൃശൂരില് നിന്നാണെന്ന സങ്കടകരമായ സാഹചര്യവും. കൊടുങ്ങല്ലൂരില് 19കാരന് ജീവനൊടുക്കിയത് പൊലീസിന്റെ പീഡനം കാരണമെന്ന പിതാവിന്റെ ആരോപണത്തിന് പിന്നാലെയുള്ള അന്വേഷണം ചെന്നെത്തിയത് യുവാവ് പെണ്കുട്ടിയെ ഭീഷണിപ്പെടുത്താന് പദ്ധതിയിടുന്ന ഓഡിയോ സന്ദേശത്തിലാണ്.
തൃശൂര് കാറളത്ത് പട്ടാപകല് വീട്ടില് അതിക്രമിച്ചുകയറി 79കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. തൃശൂര് വലപ്പാട് ഭാര്യയേയും നാലര വയസുകാരന് മകനേയും കഴുത്തറത്ത് കൊന്നശേഷം ഭര്ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ച വാര്ത്തയും ഇന്ന് കണ്ടു. കുടുംബപ്രശ്നങ്ങളെ തുടര്ന്നുള്ള ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണില്ലാത്ത ക്രൂരതകള്ക്കാണ് നാട് സാക്ഷ്യംവഹിക്കുന്നത്.
തൃശൂര് കൊടുങ്ങല്ലൂരില് 19കാരന് ജീവനൊടുക്കിയത് പൊലീസിന്റെ പീഡനം കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഏറിയാട് സ്വദേശി നൗഷാദിന്റെ എഫ്.ബി പോസ്റ്റാണ് സംഭവം സമൂഹമധ്യത്തിലെത്തിച്ചത്. നൗഷാദിന്റെ മകന് അസ്ലമിന് ഒരു പെണ്കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നു. ഇത് അറിഞ്ഞ പെണ്കുട്ടിയുടെ കുടുംബം അസ്ലമിനെതിരെ വ്യാജപരാതി നല്കിയെന്നാണ് നൗഷാദിന്റെ ആരോപണം. പെണ്കുട്ടിയുടെ പക്കല്നിന്ന് പണവും സ്വര്ണവും അസ്ലം തട്ടിയെടുത്തെന്നായിരുന്നു പരാതി. പെണ്കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില് അന്വേഷണം നടത്താതെ അസ്ലമിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും ക്രൂരമായി മര്ദിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സ്റ്റേഷനിലെത്തിയ അസ്ലമിന്റെ സഹോദരന് സഹലിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്ഡിലാക്കിയെന്നും പിതാവ് നൗഷാദ്. അനിയനെ പൊലീസ് മര്ദിക്കുന്നത് കണ്ട് മൂത്ത സഹോദരന് കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് നൗഷാദിന്റെ ആരോപണം. സ്റ്റേഷനില് നിന്ന് തിരികെ എത്തിയ അസ്ലമിനെ ഒക്ടോബര് ആറിനാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
എന്നാല് അസ്ലമിനും സഹോദരനുമെതിരെ തെളിവുകളുണ്ടെന്നാണ് പൊലീസിന്റെ വാദം. പെണ്കുട്ടിയില് നിന്ന് പണവും സ്വര്ണവും വാങ്ങിയെന്നും സ്വര്ണം വിറ്റതിന്റെയടക്കം തെളിവുകളുണ്ടെന്നും പൊലീസ്. ഇക്കാര്യങ്ങള് അസ്ലമും സഹോദരനും സമ്മതിച്ചിരുന്നെന്നും പൊലീസ് ഭാഷ്യം. പൊലീസിന്റെ വാദങ്ങള്ക്ക് ബലം പകരുന്ന തെളിവ് പിന്നാലെ വന്നു. അസ്ലം പെണ്കുട്ടിയില് നിന്ന് പണം തട്ടാന് പദ്ധതിയിടുന്ന ഓഡിയോ സന്ദേശം.
പെണ്കുട്ടിയുടെ സ്വകാര്യചിത്രങ്ങള് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വര്ണം തട്ടാനായിരുന്നു അസ്ലം പദ്ധതിയിട്ടത്. പെണ്കുട്ടിയുടെ സഹോദരിയില് നിന്ന് പണം തട്ടാനും പദ്ധതിയിട്ടിരുന്നു. മൂന്നുലക്ഷം രൂപ വാങ്ങിക്കുമെന്നും അതിനുള്ള വകുപ്പ് താന് ഉണ്ടാക്കുമെന്നും അസ്ലമിന്റെ ഓഡിയോ സന്ദേശത്തില് പറയുന്നു. ചിലപ്പോള് താന് ഇത്തിരി കൂട്ടി പറയുമെന്നും ഓഡിയോ സന്ദേശത്തില് കേള്ക്കാം. ഭീഷണിയെത്തുടര്ന്ന് പെണ്കുട്ടി അസ്മിനെ ഫോണില് ബ്ലോക് ചെയ്ത സമയം ഇരുവുടെയും പരിചയക്കാരനായ സുഹൃത്തിനാണ് അസ്ലം വാട്സാപ്പിലൂടെ ഓഡിയോ സന്ദേശം അയച്ചത്.
ഇതിനിടെ അസ്ലം പെണ്കുട്ടിയില് നിന്ന് അന്പതിനായിരം രൂപയും ഇരുപതു പവന് സ്വര്ണവും കൈക്കലാക്കിയിരുന്നു. പിന്നാലെ വിദേശത്തുള്ള സഹോദരിയേയും ഭീഷണിപ്പെടുത്താന് തുടങ്ങി. പെണ്കുട്ടിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈല് ഉണ്ടാക്കി അസ്ലം മെസേജുകള് അയച്ചിരുന്നതായും സഹോദരി വെളിപ്പെടുത്തി.
അസ്ലമിന്റെ പിതാവ് ഉന്നയിച്ച ആരോപണങ്ങള് ശരിയല്ലെന്നാണ് പൊലീസിന്റെ വാദം. പെണ്കുട്ടിയുടെ പരാതി കിട്ടിയശേഷം ഡിജിറ്റല് തെളിവുകള് ഉള്പ്പടെ പരിശോധിച്ചാണ് അറസ്റ്റും തുടര്നടപടികളും. സ്വര്ണം വിറ്റതും കാര് വാങ്ങിയതുമെല്ലാം തെളിവാണ്. ഐഫോണ് വാങ്ങിയതിനും തെളിവുണ്ട്. അസ്ലമിന്റെ പിതാവ് നൗഷാദിന്റെ എഫ്.ബി പോസ്റ്റാണ് സംഭവം പൊതുമധ്യത്തില് ചര്ച്ചയാകാന് കാരണം. തന്റെ മകന്റെ മരണത്തിന് കാരണം പൊലീസ് പീഡനമെന്നാണ് നൗഷാദ് പറഞ്ഞുവച്ചത്. എന്നാല് അസ്ലമിന്റെ ഓഡിയോ സന്ദേശം ഉള്പ്പടെ പുറത്തുവന്നതോടെ കുടുംബത്തിന്റെ വാദങ്ങളില് സംശയമുയരുകയാണ്. ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞുള്ള നൗഷാദിന്റെ എഫ്.ബി പോസ്റ്റില് നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പൊലീസ്.
തൃശൂര് കാറളത്ത് 79കാരിയെ കൊലപ്പെടുത്തിയതാണ് നാടിനെ നടുക്കിയ മറ്റൊരു സംഭവം. കാറളം സ്വദേശി സാവിത്രി ആണ് വീട്ടില് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. വീട്ടിലുള്ളവര് പുറത്തുപോയ സമയത്തായിരുന്നു ക്രൂരകൃത്യം. പേരക്കുട്ടി സ്കൂള് വിട്ട് തിരിച്ചെത്തിയപ്പോഴാണ് സാവിത്രിയെ കട്ടിലില് മരിച്ചനിലയില് കണ്ടെത്തിയത്. വിവരം അറിഞ്ഞ അയല്വാസികള് ഉടന്തന്നെ പൊലീസില് അറിയിച്ചു. സാരിക്കൊണ്ട് കഴുത്തുഞെരിച്ചും മുഖംപൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മോഷണത്തിനിടെ നടന്ന കൊലപാതകം എന്നായിരുന്നു പ്രാഥമിക നിഗമനം. സാവിത്രിയുടെ പതിനാറു പവന്റെ ആഭരണങ്ങള് നഷ്ടമായിരുന്നു. അഞ്ചു വളയും അഞ്ചുപവന്റെ മാലയും മോതിരവും നഷ്ടപ്പെട്ടവയിലുണ്ട്. എന്നാല് കമ്മല് എടുത്തിട്ടുമില്ല. വീട്ടിലാകെ മുളകുപൊടി വിതറിയ നിലയിലാണ്. വിരടലയാളം പതിയാതിരിക്കാൻ കൊലയാളി ധരിച്ച ഗ്ലൗസും പൊലീസ് കണ്ടെടുത്തു.
കൊലയാളി ആരെന്ന് കണ്ടെത്താന് ഊര്ജിതമായ അന്വേഷണത്തിലായിരുന്നു പൊലീസ്. ഒടുവില് ഇന്ന് കൊലയാളിയായ അയല്ക്കാരനെ പൊലീസ് പൊക്കി. സാവിത്രിയുടെ അയല്ക്കാരന് മുഹമ്മദ് റാഫിയാണ് ക്രൂരകൃത്യത്തിന് പിന്നില്. വീട്ടില് വിതറിയ മുളകുപൊടിയുടെ കവറില്നിന്ന് കിട്ടിയ വിരലടയാളമാണ് കൊലയാളിക്ക് കുരുക്കായത്. വീട്ടുകാര് പുറത്തുപൊകുന്നത് കണ്ടാണ് റാഫി സാവിത്രിയുടെ വീട്ടിലേക്ക് ചെല്ലുന്നത്. സാവിത്രിയെ കൊലപ്പെടുത്തി സ്വര്ണം കൈക്കലാക്കാനായിരുന്നു പദ്ധതി. പ്രവാസിയായിരുന്ന റാഫി ഗള്ഫില് നിന്ന് മടങ്ങിയെത്തിയ ശേഷം കടക്കെണിയിലായിരുന്നു. കടബാധ്യതകള് മറികടക്കാന് കണ്ട വഴിയായിരുന്നു കൊലപാതകവും മോഷണവും.
സ്വന്തം മകനെപോലെയാണ് സാവിത്രി അയല്ക്കാരനായ റാഫിയെ കണ്ടിരുന്നതെന്നാണ് കുടുംബം പറയുന്നത്. നാലര വര്ഷമായി തൊട്ടടുത്ത വീട്ടില് വാടകയ്ക്ക് താമസിക്കുകയായിരുന്നു. എന്ത് സഹായത്തിനും ഓടിയെത്തുന്നയാള്. എന്നാല് കണ്ണുവച്ചത് സ്വര്ണത്തിലായിരുന്നു എന്ന് അറിഞ്ഞിരുന്നില്ലെന്നാണ് സാവിത്രിയുടെ കുടുംബം പറയുന്നത്.
തൃശൂര് വലപ്പാട് നിന്നാണ് മറ്റൊരു നടുക്കുന്ന വാര്ത്ത വന്നത്. ഭാര്യയേും മകനേയും കഴുത്തറത്ത് കൊലപ്പെടുത്തിയ ഭര്ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്ത്ത. നാട്ടിക സ്വദേശി വിജേഷാണ് ഭാര്യ വിസ്മയെയും നാലര വയസുള്ള മകനെയും കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു നടുക്കുന്ന സംഭവം. വിസ്മയയുടെ കരച്ചില്കേട്ട് സഹോദരന് വാതില് ചവിട്ടിപ്പൊളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കഴുത്തുമുറിഞ്ഞ നിലയില് വിസ്മയ മുറിക്ക് പുറത്തേക്ക് ഓടി. ഈ സമയം മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് മകൻ ദക്ഷിനെ കൊലപ്പെടുത്തി. ഇതിനുശേഷം സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിസ്മയയെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ച വിജേഷ് ഗുരുതരാവസ്ഥയില് തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയില് ചികില്സയിലാണ്.