തൃശൂര് കാറളത്ത് വയോധികയെ കൊന്ന കേസില് അയല്വാസി റാഫി കസ്റ്റഡിയില്. കാറളം സ്വദേശിനിയായ സാവിത്രിയെ കൊലപ്പെടുത്തിയത് സാമ്പത്തിക പ്രതിസന്ധി തീര്ക്കാനെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പ്രവാസി മലയാളിയാണ് ഇയാള്. പ്രതിയെ പൊലീസ് മാധ്യമങ്ങള്ക്ക് മുന്നില് ഹാജരാക്കി.
പട്ടാപ്പകൽ വീട്ടിൽക്കയറി ഉടുത്തിരുന്ന സാരിയുടെ തലപ്പ് കൊണ്ട് കഴുത്തുഞെരിച്ചാണ് 79 കാരിയായ സാവിത്രിയെ കൊലപ്പെടുത്തിയത്. നാടിനെ നടുക്കിയ കൊലപാതകത്തിൽ കൊലയാളി ആരെന്നറിയാൻ നാട് ആകാംഷയോടെയാണ് കാത്തിരുന്നത്. നാലര വർഷം മുമ്പ് തൊട്ടടുത്ത ഇയാള്ക്ക് വീട് വാടകയ്ക്ക് കൊടുത്തതാണ് സാവിത്രിയുടെ മകൻ.
വീട്ടിൽ തനിച്ചായിരുന്നു സാവിത്രി. മകനും മരുമകളും അച്ഛനേയും കൊണ്ട് ആശുപത്രിയിൽ പോയതായിരുന്നു. പേരക്കുട്ടിയായ മകൾ സ്കൂളിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കട്ടിലിൽ മരിച്ചനിലയിലായിരുന്നു സാവിത്രി. അയൽവാസികൾ ഉടനെ പൊലീസിനെ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഉടുത്തിരുന്ന സാരിക്കൊണ്ടുതന്നെ കഴുത്തുഞെരിച്ച നിലയിലായിരുന്നു. മുഖംപൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചിട്ടുമുണ്ട്. പതിനാറു പവന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടു. ധരിച്ചിരുന്ന കമ്മൽ എടുത്തിട്ടില്ല. പൊലീസ് നായ വീടിനു പുറകുവശത്തുകൂടെ പോയി മെയിൻ റോഡിൽ എത്തി. വീട്ടുകാർ പുറത്തുപോയത് നിരീക്ഷിച്ച ശേഷം നടത്തിയ കൊലപാതകമെന്ന് അന്വേഷണത്തില് തെളിഞ്ഞിരുന്നു.
മുളക് പൊടിയുടെ കവറിൽ നിന്ന് കിട്ടിയ വിരലടയാളമാണ് കേസ് തെളിയിക്കുന്നതില് നിര്ണായമായത്. പോലീസിനെ സഹായിക്കാൻ ഒപ്പം നിന്ന് അയൽവാസി കൊലയാളി ആണെന്ന് തിരിച്ചറിഞ്ഞത് വളരെ പെട്ടെന്ന് ആയിരുന്നു . വിരലടയാളം തെളിവായെന്ന് തൃശൂർ റൂറൽ എസ്.പി : മുഹമ്മദ് നദീം മനോരമ ന്യൂസിനോട് പറഞ്ഞു
സാവിത്രിയുടെ ഭർത്താവിനെ ഡോക്ടറെ കാണിക്കാൻ മകനും മരുമകളും പോയി. വീട്ടുകാർ പുറത്ത് പോയത് അയൽവാസി മുഹമ്മദ് റാഫി കണ്ടു. സാവിത്രി വീട്ടിൽ തനിച്ചാണെന്ന് മനസിലായി. വീട്ടിൽക്കയറി കഴുത്തു ഞെരിച്ചും തലയണ കൊണ്ട് ശ്വാസം മുട്ടിച്ചും കൊന്നു. 16 പവന്റെ സ്വർണം സുഹ്യത്ത് വഴി കുറച്ച് വിറ്റു. ബാക്കി , വീട്ടിലെ ശുചിമുറിയില് സൂക്ഷിച്ചു. ഗൾഫിലായിരുന്നു ജോലി. ഭാര്യയും മൂന്നു മക്കളുമുണ്ട്. മക്കളുടെ വിവാഹം കഴിഞ്ഞു. ഗൾഫിൽ നിന്ന് വന്നശേഷം കടക്കെണിയിൽ ആയിരുന്നു. ഇതു മറികടക്കാൻ കണ്ടെത്തിയ വഴിയായിരുന്നു കൊലപാതകം .
കൊല്ലപ്പെട്ട സാവിത്രിക്ക് അയൽവാസിയായ മുഹമ്മദ് റാഫി സ്വന്തം മകനെ പോലെയായിരുന്നെന്ന് മക്കള് പറഞ്ഞു. നാലര വർഷമായി തൊട്ടടുത്ത സ്വന്തം വീട്ടിൽ തന്നെ വാടകയ്ക്ക് താമസിക്കുന്ന ആൾ . സഹായത്തിനായി ഓടിയെത്തുമായിരുന്ന അയൽവാസി . സ്വർണ്ണത്തിൽ കണ്ണുംതട്ട് അയൽവാസി കൊലയാളിയായി മാറിയത് അറിഞ്ഞില്ലെന്ന് സാവിത്രിയുടെ മക്കൾ ഞെട്ടലോടെ പറയുന്നു .