ശനിയാഴ്ച സിജെപിയുടെ നേതൃത്വത്തില്‍ തുടങ്ങിവച്ച ഐതിഹാസിക സമരത്തിന് ഞായറാഴ്ച ഇടതുപക്ഷ സംഘടനകളുടെ തുടര്‍ച്ച. ഉച്ചയോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ പ്രതിഷേധം പൊട്ടിത്തെറിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നും ശക്തമായ പ്രതിഷേധം. ഡല്‍ഹിയിലെ ആര്.കെ. ആശ്രംമാര്ഗില് വീണ്ടും പ്രതിഷേധവുമായി എത്തിയ ഐസ പ്രവര്ത്തരകര്ക്ക് നേരെ പൊലീസിന്റെ ലാത്തിചാര്‍ജ്. വിദ്യാര്‍ഥികളെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്ത് നീക്കിക്കൊണ്ടിരുന്നു പൊലീസ്. വലിച്ചിഴച്ചാണ് പ്രവര്‍ത്തരെ പൊലീസ് വാഹനത്തില്‍ കയറ്റിയത്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
രാവിലെ കൊണാട് പ്ലേസില്‍ മിന്നല്‍ പ്രതിഷേധം നടത്തിയ ഇടത് യുവജനസംഘടനകളെ ബലം പ്രയോഗിച്ച് പൊലീസ് ഒഴിപ്പിക്കുകയായിരുന്നു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ ഡല്‍ഹി പൊലീസും കേന്ദ്രസേനയും വലിച്ചിഴച്ചാണ് നീക്കിയത്.. ആനി രാജാ, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പടെയുള്ള നേതാക്കളെ വഴിച്ചിഴച്ച് നീക്കി.സി.ആര്.പി.എഫുകാര്‍ ശ്വാസംമുട്ടിച്ചെന്ന് ബ്രിട്ടാസ് മനോരമ ന്യൂസിനോട് പറഞ്ഞു.
നേരം ഇരുട്ടിത്തുടങ്ങിയിട്ടും പ്രതിഷേധത്തീക്ക് കുറവുണ്ടായില്ല. കൊണാട്ട് പ്ലേസില്‍ വീണ്ടും SFI വനിത പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഐഷി ഘോഷിന്റെ നേതൃത്വത്തില്‍ ദേശീയ പതാകയേന്തിയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകര്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണാട് പ്ലേസില്‍ കൂടി നില്‍ക്കുന്നവരെ പൊലീസ് ബലപ്രയോഗത്തിലൂടെ വാഹനത്തില്‍ കയറ്റയതിനെതിരെയാണ് പ്രതിഷേധം. പ്രതിഷേധിച്ച വിദ്യാര്‍ഥിനികള്‍ കസ്റ്റഡിയിലായി.
ഡല്‍ഹി സമരത്തീയിലാണ്. നാളെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് സമരത്തിന്റെ മുന്നണിപ്പോരിലേക്കിറങ്ങും. സിജെപി സമരം തുടരും. ഇടതുകക്ഷികള്‍ ശക്തമായി പിന്തുണക്കും. ഇതിനിടെ ഡല്‍ഹി പൊലീസിനെ അതിനിശിതമായി വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും സുപ്രീംകോടതി രംഗത്തെത്തുകയും ചെയ്തു. കോടതിലക്ഷ്യത്തിന് കേസെടുത്തു. അതായത് ഇതുവരെ കണ്ടതായിരിക്കില്ല ഇനിയുള്ള ദിവസങ്ങളില്‍ ഡല്‍ഹി.