പത്തടി രണ്ടിഞ്ച് ഉയരമുള്ള ബ്രഹ്മദത്തനെ അറിയാത്തവര്‍ കുറവായിരുന്നു. കോട്ടയം ഈരാറ്റുപേട്ട മേലമ്പാറയിലെ പല്ലാട്ട് തറവാടായിരുന്നു കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി അവന്റെ തട്ടകം.  28 വർഷം മുൻപ് പുതുപ്പള്ളി പാപ്പാലപറമ്പിൽ പോത്തൻ വർഗീസും സഹോദരൻ ചാക്കോയുമാണ് അരുണാചൽപ്രദേശിൽ നിന്ന് ആനയെ കോട്ടയത്ത് കൊണ്ടുവന്നത്.  പുതുപ്പള്ളി ബ്രഹ്മദത്തനെന്നായിരുന്നു ആദ്യപേര്. പിന്നീട് പതിനാറു വർഷം മുൻപ് പല്ലാട്ട് കുടുംബത്തിൽ എത്തിയപ്പോഴാണ് പല്ലാട്ട് ബ്രഹ്മദത്തനായത്. അഭിഭാഷകനായ രാജേഷ് പല്ലാട്ടിന്റെ തവറവാടിന്റെ എല്ലാമെല്ലാമായി ബ്രഹ്മദത്തന്‍ കുട്ടിയെപ്പോലെ കളിച്ചുവളര്‍ന്നു. ബ്രഹ്മദത്തന്റെ ഉടമകളായ രാജേഷും സഹോദരൻ സതീഷും അവരുടെ കുടുംബവുമൊക്കെ സങ്കടക്കടലിലായത് പെട്ടെന്നാണ്. അവന്‍ വിഹരിച്ചുനടന്ന അതേ മണ്ണില്‍ മിന്നലിന്റെരൂപത്തില്‍ മരണമെത്തി. ഹൃദയത്തിലായിരുന്നു പല്ലാട്ട് ബ്രഹ്മദത്തന് ആനപ്രേമികള്‍ ഇടംകൊടുത്തത്. അവര്‍ക്ക് ബ്രഹ്മന്റെ മരണം എങ്ങനെ ഉള്‍ക്കൊള്ളാനാകും.

ആനപ്രേമികളുടെ ഹൃദയം പൊട്ടുന്ന കാഴ്ചയാണ് ചുറ്റും. ലക്ഷണമൊത്ത ഗജവീരന്‍ നിശബ്ദനായി കിടക്കുന്നു. സഹിക്കാന്‍ പറ്റാത്ത കാഴ്ചയില്‍ പൊട്ടിക്കരയുന്നു പലരും. പല്ലാട്ട് ബ്രഹ്മദത്തന്‍ മടങ്ങുകയാണ്. തെക്ക് വടക്ക് നോക്കാതെ സകലദിക്കിലെയും ഉല്‍സവപ്പറമ്പില്‍ തലയെടുപ്പോടെ നിന്ന് പ്രിയപ്പെട്ടവന്‍. ആനപ്രേമികള്‍ക്കവന്‍ കുട്ടനും ബ്രഹ്മനുമൊക്കെയായിരുന്നു. അറിയവന്നവര്‍ക്കറിയാം പേരിലെയും നോട്ടത്തിലെയും ലക്ഷണങ്ങള്‍ക്കപ്പുറം ശാന്തസ്വഭാവം കൊണ്ടായിരുന്നു പല്ലാട്ട് ബ്രഹ്മദത്തന്‍ കാണുന്നവരുടെ കരളില്‍ക്കയറിയത്. അവന്റെ വേര്‍പാട് ആ നാടിനെ, അവന്റെ ആരാധകരെ ഒന്നാകെ നടുക്കി, തളര്‍ത്തി. ഹിന്ദി പറഞ്ഞാല്‍മാത്രം മനസ്സിലാകുന്ന ആന. കോട്ടയെത്തിയ ആനയ്ക്ക് മലയാളം മനസിലാക്കിക്കൊടുത്ത് ഒന്നാംപാപ്പാനായ ദാമോദരന്‍ നായരായിരുന്നു, നാട്ടുകാരുടെ പ്രിയപ്പെട്ട ഓമനച്ചേട്ടന്‍. മലയാളം ക്ലാസില്‍ ദാമോദരന്‍ നായര്‍ക്കും മകന്‍ രാജേഷിനും ഒരിക്കലും വടിയെടുക്കാന്‍ ഇടംനല്‍കിയില്ല പല്ലാട്ട് ബ്രഹ്മദത്തന്‍.

കാല്‍നൂറ്റാണ്ടോളം കേരളത്തിലെ ഉല്‍സവത്തിന്റെ തലയെടുപ്പുയര്‍ത്തിയ പല്ലാട്ട് ബ്രഹ്മദത്തന്റെ ഓര്‍മകള്‍ പെട്ടെന്നൊന്നും മായില്ല. 2015ല്‍ തൃശൂര്‍ പൂരത്തില്‍ പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പില്‍ പങ്കെടുത്തതോടെ അവന്‍ തൃശൂരുകാര്‍ക്കും ഓമനയായി. പാറമേക്കാവിലെ രാത്രി പൂരത്തിന് തിടമ്പെടുത്തിരുന്നതും പല്ലാട്ട് ബ്രഹ്മദത്തനായിരുന്നു. അവന്റെ വേര്‍പാട് തൃശൂരിനെയും വേദനിപ്പിക്കുന്നു.

സ്നേഹിച്ചവരെയൊക്കെയും സങ്കടത്തിലാഴ്ത്തിയാണ് പല്ലാട്ട് ബ്രഹ്മദത്തന്‍ വിടവാങ്ങുന്നത്. കാലമെത്ര കഴിഞ്ഞാലും ബ്രഹ്മദത്തന്റെ ഓര്‍മകള്‍ അവരുടെ ഉള്ളില്‍ തലയെടുപ്പോടെ നിലനില്‍ക്കും, ഒരിക്കലും ചരിയാതെ.

ENGLISH SUMMARY:

Palaatt Brahmadan, a beloved elephant from Kerala, has passed away, leaving a void in the hearts of many. Known for his gentle nature and impressive presence at festivals, his loss is deeply felt by elephant enthusiasts and the communities he graced.