നെന്മേനി പഞ്ചായത്തിലെ നമ്പ്യാർകുന്നിൽ 'പൂങ്കാവനം ലോട്ടറി' എന്ന കട നടത്തിവരികയായിരുന്നു മുപ്പത്തിരണ്ടുകാരിയായ വിനീത രജീഷ്. പതിവുപോലെ വ്യാപാരം നടക്കുന്നതിനിടെയാണ് തമിഴ്‌നാട് പാട്ടവയൽ സ്വദേശിയായ നാല്പത്തിനാലുകാരൻ ശിവകുമാർ കടയിലേക്ക് എത്തിയത്. ഇയാൾ ഈ കടയിൽ നിന്ന് സ്ഥിരമായി ലോട്ടറി ടിക്കറ്റുകൾ വാങ്ങിയിരുന്നു. എന്നാൽ എടുത്ത ടിക്കറ്റുകൾക്കൊന്നും സമ്മാനം ലഭിച്ചില്ല. ഇതിലുള്ള പ്രകോപനമാണ് അക്രമത്തിലേക്ക് നയിച്ചത്. കടയിലെത്തിയ ശിവകുമാർ, സമ്മാനം ലഭിക്കാത്തതിന് കാരണം കടയുടമയാണെന്ന് ആരോപിച്ച് വിനീതയുമായി തർക്കത്തിലേർപ്പെട്ടു. വാക്കേറ്റത്തിനൊടുവിൽ, കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ശിവകുമാർ വിനീതയുടെ തലയ്ക്കും കഴുത്തിനും കുത്തുകയായിരുന്നു. വിനീതയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഗുരുതരമായി പരുക്കേറ്റ ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ശിവകുമാറിനെ നാട്ടുകാർ തടഞ്ഞുവെച്ച് നൂൽപ്പുഴ പോലീസിന് കൈമാറി. സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.