തിരുവനന്തപുരം വിളവൂര്‍ക്കലില്‍ അമ്മ ജീവനെടുത്ത ഒരു വയസുകാരി ഇവാനയ്ക്ക് കണ്ണീരോടെ യാത്രാമൊഴിയേകി നാട്. ഇവാന കൊല്ലപ്പെട്ട അതേ കിടപ്പുമുറിയിൽ പ്രത്യേകം തയ്യാറാക്കിയിടുത്തായിരുന്നു സംസ്കാരം. അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കുഞ്ഞ് ഇവാന അമ്മയുടെ നെഞ്ചോട് ചേർന്ന് ഉറങ്ങിയിരുന്ന, കളിചിരികളോടെ പിച്ചവെച്ചിരുന്ന, ഒടുവിൽ ജീവനോട് മല്ലിട്ട അതേ കിടപ്പുമുറിയുടെ ഓരത്തായിരുന്നു അന്ത്യനിദ്ര. ഇന്നലെ പാതിയറ്റ ജീവനില്‍ പിടഞ്ഞ് ആശുപത്രി തേടിയ വഴിയിലൂടെ ഇന്ന് വെള്ളത്തുണിയില്‍ പൊതിഞ്ഞുവന്ന കുഞ്ഞുമകളുടെ ശരീരത്തെ കണ്ണ് നിറയാതെ കണ്ടുനിൽക്കാൻ ആര്‍ക്കുമായില്ല.
ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷമായിരുന്നു മൃതദേഹം വിളവൂർക്കലെ വീട്ടിലെത്തിച്ചത്. നൂറുകണക്കിന് ആളുകളാണ് കുഞ്ഞിനെ അവസാനമായി ഒരു നോക്കു കാണാനെത്തിയത്. അന്ത്യചുംബനം നൽകി മകളെ യാത്ര അയക്കുമ്പോൾ അച്ഛൻ അഭിജിത്ത് പൊട്ടിക്കരഞ്ഞു. കൊലപാതകത്തിനുശേഷം അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ക്രിസ്റ്റി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. ക്രിസ്റ്റിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുടുംബവഴക്കാണ് കൊലയുടെ കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം. അതേസമയം വീട്ടില്‍ വലിയ പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. നാലാം വിവാഹ വാർഷിക ദിനമായ ഇന്നലെയാണ് ഇവാനയെ അമ്മ ക്രിസ്റ്റി കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്.