TOPICS COVERED

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ശ്രീഹരിക്കെതിരെ ഈ മാസം രണ്ടിനാണ് പൊലീസ് കേസെടുക്കുന്നത്. തൊട്ടടുത്ത ദിവസം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോളജ് അധികൃതരുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. കോളജിലെ ചടങ്ങുകളുടെയടക്കം ചിത്രങ്ങള്‍ പകര്‍ത്തിയിരുന്ന തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ ശ്രീഹരി അവ പിന്നീട് മോര്‍ഫ് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പങ്കു വച്ചതായി പൊലീസ് കണ്ടെത്തി. പ്രതിയുടെ പണമിടപാട് വിവരങ്ങൾ പൊലീസിനു ലഭിച്ചു. മോർഫിങ് കേസിൽ പിടിയിലായ ശ്രീഹരിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ദൃശ്യങ്ങൾ ടെലഗ്രാം വഴി വിൽപ്പന നടത്തിയതായുള്ളെ വിവരം പോലീസിന് ലഭിച്ചത്. ടെലഗ്രാമിൽ വ്യത്യസ്ത  ഗ്രൂപ്പുകളുണ്ടാക്കിയാണ് അധ്യാപകരുടെയും, സഹപാഠികളുടെയും ദൃശ്യങ്ങൾ ശ്രീഹരി പങ്കുവെച്ചിരുന്നത്. പണം ഇടാക്കിയായിരുന്നു. അധ്യാപകർ ക്ലാസ് എടുക്കുന്നതുൾപ്പെടെയുള്ള ദൃശൃങ്ങൾ പ്രതി മോർഫ് ചെയ്തിട്ടുണ്ട്. ഇരകളിലിലേറെയും അധ്യാപികമാരാണെന്നും പൊലീസ് വ്യക്തമാക്കുന്നു. കേസെടുത്തതിന്  പിന്നാലെ ശ്രീഹരിയെ കോളേജിൽ നിന്ന് പുറത്താക്കി. കോളേജ് മാനേജ്മെൻറ് പ്രതിയെ സംരക്ഷിച്ചെന്നാരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു

ദൃശ്യങ്ങൾ പങ്കിട്ട രഹസ്യ ഗ്രൂപ്പുകളിൽ ചിലത് ഡിലീറ്റ് ചെയ്തിട്ടുണ്ട് ഇത് റിക്കവർ ചെയ്യാനുള്ള ശ്രമവും പൊലീസ് തുടരുകയാണ്. കേസിൽ പൂർവ വിദ്യാർത്ഥികളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ദൃശ്യങ്ങൾ ടെലഗ്രാം  ഗ്രൂപ്പുകളിൽ നൽകിയതിന് പിന്നിൽ പൂർവ വിദ്യാർത്ഥികളടക്കം മറ്റുപലര്‍ക്കും പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. അങ്ങനെയാണ് ആലപ്പുഴ സ്വദേശി സനീഷ് പിടിയിലാകുന്നത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി സനീഷ് പ്രത്യേക ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചെന്ന് പൊലീസ് കണ്ടെത്തി. സനീഷ് തുടങ്ങിയ ടെലഗ്രാം പ്രീമിയം ഗ്രൂപ്പ്‌ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഗ്രൂപ്പ്‌ വീണ്ടെടുക്കാൻ സൈബർ പൊലീസ് ടീം ശ്രമം ആരംഭിച്ചു. ഗ്രൂപ്പ്‌ ആരംഭിച്ചിട്ട് അധികാലമായില്ലെന്നാണ് സനീഷിൻ്റെ മൊഴി. പെൺകുട്ടികളുടെ സാധാരണ ഫോട്ടോകൾ ആദ്യം വ്യക്തികൾക്ക് അയച്ചു നൽകുകയാണ് സനീഷിന്‍റെ രീതി. അതിനായി പ്രൊമോഷന്‍ മാതൃകയില്‍ രൂപീകരിച്ച ഗ്രൂപ്പില്‍ ആയിരത്തിഅഞ്ഞൂറോളം അംഗങ്ങളുണ്ടായിരുന്നു. അവരുടെ അശ്ലീല ചിത്രങ്ങൾ ആവശ്യമെങ്കിൽ പണം നൽകി ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പെടും. 

പണം ഈടാക്കുന്നതിനായി സനീഷ് ഉപയോഗിച്ച ക്യു ആര്‍ കോഡ് അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് കണ്ടെടുത്തു. സനീഷിന്റേയും ശ്രീഹരിയുടേയും ഫോണുകളില്‍ ചൈല്‍ഡ് പോണോഗ്രഫി ചിത്രങ്ങള്‍ കണ്ടെത്തിയതോടെ ഇരുവര്‍ക്കുമെതിരെ പോക്സോ ചുമത്തി. മോർഫിങ്ങിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയ പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ പൊലീസ് കത്ത് നൽകി. കുറ്റകൃത്യത്തിന് വേണ്ടി ഉപയോഗിച്ച അക്കൗണ്ട് മരവിപ്പിക്കാനാണ് ബാങ്കിന് കത്ത് നൽകിയത്. കൂടുതൽ പേർ നീരിക്ഷണത്തിലാണെണ് പൊലീസ് വ്യക്തമാക്കി. ടെലഗ്രാമിൻ്റെ സ്വകാര്യ സുരക്ഷയിൽ വിശ്വസിച്ചാണ് പ്രതികൾ ചിത്രങ്ങൾ പങ്കുവെച്ചത്. തങ്ങളെ പിടികൂടാനാവില്ലെന്ന് പ്രതികൾഉറപ്പിച്ചിരുന്നു. എന്നാൽ ഇത് പൊളിഞ്ഞതോടെയാണ് പ്രതികൾ പെട്ടത്. 

അതിനിടെ മലപ്പുറത്തു നിന്ന് മറ്റൊരു മോര്‍ഫിങ് കേസിനെക്കുറിച്ചുള്ള വാര്‍ത്തയും കണ്ടു. മലബാര്‍ മേഖലയിലെ കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു  പ്രചരിപ്പിച്ചെന്ന പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. പൊന്നാനിയിൽനിന്നുള്ള വിദ്യാർഥികളാണു പരാതി നൽകിയത്. ഓണാഘോഷങ്ങളുടേത് ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്നുവെന്നായിരുന്നു പരാതി.  ഈകേസില്‍  തിരുവനന്തപുരം തിരുമല സ്വദേശി സുബിന്‍ ബാബു ആണ് പിടിയിലായത്. എസ് പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതിയെ തിരുവനന്തപുരത്തെത്തി പിടികൂടിയത്. ഓണാഘോഷത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ക്ക് താഴെ കമന്റായാണ് ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇത്തരം ദൃശ്യങ്ങള്‍  പണം സമ്പാദിക്കാനായി ദുരുപയോഗം ചെയ്തോ എന്നതടക്കം കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്. 

ENGLISH SUMMARY:

A college student has been arrested for morphing and posting obscene images of teachers and classmates on social media, leading to an investigation into wider involvement. Police are working to recover deleted Telegram groups used for the illegal distribution of these manipulated photos