കെട്ടിടം തകര്‍ന്നുള്ള ദുരന്തങ്ങള്‍ അടുത്ത കാലത്ത് ഒട്ടുമേ അമ്പരിപ്പിക്കാത്ത നഗരമാണ് രാജ്യതലസ്ഥാനമായ ഡല്‍ഹി. ഈ വര്‍ഷം ഇത് മൂന്നാമത്തേതാണ്. കരോള്‍ ബാഗിലെ ഇരുനില കെട്ടിടം തകര്‍ന്ന് തൊഴിലാളി മരിച്ചത് ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനായിരുന്നു. രോഹിണി സെക്ടര്‍ 16ല്‍ നിര്‍മാണത്തിലിരിക്കുന്ന നാലു നില കെട്ടിടം തകര്‍ന്ന് മരിച്ചത് 3 പേരാണ്. രണ്ട് വര്‍ഷം മുമ്പ് അതായത് 2024 ജൂലൈ 27ന് ഓള്‍ഡ് രജീന്ദര്‍ നഗറിലെ റാവു സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തില്‍ വെള്ളം കയറി മലയാളി വിദ്യാര്‍ഥി അടക്കം 3 പേരാണ് മരിച്ചത്. ഏറ്റവും ഒടുവില്‍ ഇതാ സത്യനികേതനില്‍ അഞ്ചുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണിരിക്കുന്നു.
അവധിദിവസത്തിന്റെ ആലസ്യത്തിലെ ഒരുച്ച. ഒന്നേ മുക്കാലോടെയാണ് വന്‍ ശബ്ദത്തോടെ കെട്ടിടം നിലംപൊത്തിയത്. ഡല്‍ഹി സര്‍വകലാശാല സൗത്ത് ക്യാപംസിലെ ആണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ ഡേസ് എന്ന പിജിയാണ് തകര്‍ന്നത്. അപകടസമയത്ത് അമ്പതോളം കുട്ടികള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്‍ഡിആര്‍എഫും പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാന്‍ തുടങ്ങിയത്. ഇടുങ്ങിയ തെരുവില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുനീക്കാനുള്ള ഉപകരണങ്ങള്‍ എത്തിക്കുന്നത് വെല്ലുവിളിയായി. സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. മഴക്കാലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അപകടത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആനന്ദ് ബന്‍സല്‍ എന്നയാളുടെ ഉടമസ്ഥതയിലുളളതാണ് കെട്ടിടം. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഉപയോഗശൂന്യം എന്ന് കണ്ടെത്തി അടച്ചിട്ട കെട്ടിടമാണ് ഒരു വർഷം മുൻപ് PG ആക്കിയത്. ഡൽഹിയിലെ ശക്തമായ മഴയിൽ ബേസ്മെന്റിലേക്ക് വെള്ളം ഇറങ്ങുന്നതിനിടയിൽ ചട്ടങ്ങൾ ലംഘിച്ച് നിർമ്മാണ പ്രവർത്തനവും നടത്തി. വിദ്യാർത്ഥികളുടെ സുരക്ഷ സുപ്രധാനം എന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമുള്ള പതിവു മറുപടിയാണ് മുഖ്യമന്ത്രി ഇന്നും നൽകിയത്. കെട്ടിട ഉടമ ഹരിറാം ബെൻസാലിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. അപകട നിലയിലുള്ള 6 കെട്ടിടങ്ങൾക്ക് എം സി ഡി നോട്ടീസ് നൽകി. മുഖ്യമന്ത്രിയും മറ്റ് അധികൃതരും ഇതൊക്കെ പറയുമ്പോഴും നീതി തേടി ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികളുടെയും വിദ്യാർത്ഥി സംഘടനകളുടെയും പ്രതിഷേധം തുടരുകയാണ്.