ഇടുക്കി തൊടുപുഴ മുതലക്കോടത്ത് മുപ്പതു വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിനിടെ കൂറ്റൻ കോൺക്രീറ്റ് ബീം ഇടിഞ്ഞുവീണ് രണ്ടു തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ ജോയി, അനൂപ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് ദുരന്തമുണ്ടായത്. സംഭവസമയത്ത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേറ്റു.
ഇവരുടെ കൈകാലുകൾക്ക് സാരമായ പരുക്കേറ്റിട്ടുണ്ടെന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറിയിച്ചു. കോതമംഗലം രൂപതയുടെ കീഴിൽ വിരമിച്ച വൈദികർക്കായി പ്രവർത്തിക്കുന്ന 'സാൻജോ ഭവൻ' എന്ന ആശ്രമത്തിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് പണിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മുകളിൽനിന്ന് ഭാരമേറിയ കോൺക്രീറ്റ് ബീം താഴേക്ക് പതിച്ച് നാലു തൊഴിലാളികളും ഇതിനടിയിൽപ്പെടുകയായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ സഹപ്രവർത്തകരും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജോയിയുടെയും അനൂപിന്റെയും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെക്കുറിച്ച് ജില്ലാ കളക്ടർ റവന്യൂ വകുപ്പിനോട് അടിയന്തര റിപ്പോർട്ട് തേടി. അപകടത്തിൽ സുരക്ഷ വീഴ്ച ഉണ്ടായെന്ന് നഗരസഭ വൈസ് ചെയർമാൻ കെ ദീപക് പറഞ്ഞു. പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള അനുമതി നഗരസഭയിൽനിന്ന് ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചെങ്കിലും പൊളിക്കൽ ഘട്ടത്തിൽ സുരക്ഷാവീഴ്ചകളോ മറ്റ് ചട്ടലംഘനങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കുമെന്ന് നഗരസഭയും പൊലീസും വ്യക്തമാക്കി.