സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച രാത്രി 11.45...അവധി ദിനത്തിന്റെ ആലസ്യവും തിരക്കുകളും എല്ലാമൊഴിഞ്ഞ് ജനം ഉറക്കത്തിലേക്ക് വഴുതുന്ന സമയം. ഒരു ദിവസത്തിന്റെ അവസാനമല്ലായിരുന്നു ആ രാത്രി. പക്ഷേ തൃശൂര്‍ കയ്പമംഗലത്ത് എട്ട് ജീവിതങ്ങളുടെ അവസാനമായിരുന്നു. വീണ്ടും കാണാമെന്ന് പറഞ്ഞ്, പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞ്., ഒരു കാറില്‍ സ്വപ്നങ്ങളുടെ ലോകത്ത് ഉല്ലസിക്കാനിറങ്ങിയവര്‍....പക്ഷേ, കയ്പമംഗലം പനമ്പിക്കുന്നിൽ ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു.
ഒരു നിർത്തിയിട്ട ലോറി...ഒരു വലിയ ഇടിയുടെ ശബ്ദം...പിന്നെ ആ റോഡിൽ ബാക്കിയായത് എട്ട് ജീവനുകളുടെ നിശ്ശബ്ദമായ ഓർമകൾ മാത്രം...അവരുടെ വീടുകളിൽ ഇനി കാത്തിരിപ്പില്ല...തിരിച്ചെത്തുമെന്ന് പറഞ്ഞവർ ഇനി ഒരിക്കലും തിരിച്ചെത്തില്ല...ഇത് ഒരു അപകടത്തിന്റെ കഥ മാത്രമല്ല...എന്തുകൊണ്ട് ആ എട്ട് ജീവിതങ്ങൾ അവിടെ അവസാനിച്ചു എന്ന ചോദ്യത്തിന്റെ കഥ കൂടിയാണ്.
ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനായിരുന്നു നാടിനെ നടുക്കിയ അപകടം. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ ദേശീയപാതയുടെ സ്പീഡ് ട്രാക്കില്‍ നിര്‍ത്തിയിട്ട ചരക്കുലോറിയായിരുന്നു വില്ലന്‍. പനമ്പിക്കുന്ന് സെന്ററില്‍ നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേര്‍ഷന്‍ ഭാഗത്താണ് മഹാരാഷ്ട്രയില്‍ നിന്നെത്തിയ ലോറി സ്പീഡ് ട്രാക്കില്‍ നിര്‍ത്തിയിട്ടത്. പ്രധാനപാതയിലൂടെ അതിവേഗത്തില്‍ വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാര്‍ ചരക്ക് ലോറിക്ക് പിന്നിലേക്ക് അതിശക്തമായി ഇടിച്ചുകയറി.
ലോറിയ്ക്കടിയിലേയ്ക്ക് കാര്‍ ഞെരിഞ്ഞമര്‍ന്നു. കാറിലുണ്ടായിരുന്നത് തമിഴ്നാട്ടുകാരായ എട്ടു വിദ്യാര്‍ഥികള്‍. ഇടിയുടെ ആഘാതത്തില്‍ എട്ടുപേരും ചിന്നഭിന്നമായി. കാറിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത് ഏറെ പണിപ്പെട്ടാണ്. അവശിടഷ്ങ്ങള്‍ വെട്ടിപ്പൊളിച്ച് എട്ടു പേരേയും പുറത്തെടുത്ത് കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും എല്ലാവരും മരിച്ചിരുന്നു.
സേലം സ്വദേശിയായ വിശ്വ, മധുരയില്‍ നിന്നുള്ള സന്തോഷ്, പ്രസന്ന, ഡിണ്ടിഗൽ സ്വദേശികളായ മുരളീകൃഷ്ണൻ, സൂര്യ, യുവസഞ്ജിത്, ജോഷ്വ, ജീവ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തില്‍പ്പെട്ടവര്‍ ഡിണ്ടിഗല്‍ PSNA എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികളാണ്. കാറിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു വിദ്യാര്‍ഥിയുടെ കോളജ് ഐ.ഡി. കാര്‍ഡ് ലഭിച്ചിരുന്നു. ഈ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് മരിച്ചവരെക്കുറിച്ചുള്ള പ്രാഥമിക വിവരം ലഭിച്ചത്. വീട്ടുകാര്‍ അറിയാതെയായിരുന്നു യാത്ര. അപകടത്തില്‍പ്പെട്ട വിവരം അറിയിക്കാന്‍ പൊലീസ് വിളിച്ചപ്പോഴാണ് മക്കള്‍ കേരളയാത്രയിലാണെന്ന് രക്ഷിതാക്കളും അറിയുന്നത്.