കൊച്ചി വൈറ്റിലയിൽ ചളിക്കവട്ടത്തുനിന്ന് 272 ഗ്രാം എംഡിഎംഎയുമായി ഒരു പെൺകുട്ടിയടക്കം നാല് പേരെ എക്സൈസ് പിടികൂടുന്നത് കഴിഞ്ഞമാസം 22നാണ്. എറണാകുളം എക്സൈസ് റെയ്ഞ്ച് ഓഫീസ് ഉദ്യോഗസ്ഥരാണ് എംഡിഎംഎ പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് വൈറ്റിലയിൽ വെച്ച് പ്രതികൾ കുടുങ്ങിയത്. പ്രതികളുടെ കാർ അവിടെ വച്ച് തന്നെ കസ്റ്റഡിയിലെടുത്തു.
ലഹരിയുമായി പിടിയിലായ പത്തനംതിട്ട സ്വദേശി വരുണ്‍ദേവ് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന പ്രധാനിയെന്നാണ് എക്സൈസ് കണ്ടെത്തിയത്. ലഹരികച്ചവടക്കാര്‍ക്കിടയില്‍ ബോസ് എന്നാണ് ഇയാളുടെ വിളിപ്പേര്. ഓണക്കാലത്ത് വരുണും സംഘവും ലക്ഷ്യമിട്ടത് കോടികളുടെ ലഹരി കച്ചവടമായിരുന്നു എന്നും എക്സൈസിന് കണ്ടെത്താനായി. കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിന്ന് 49 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ സിദ്ദിഖ് ,ഫിനില എന്നിവരില്‍ നിന്നാണ് കോട്ടയത്ത് നിന്ന് ലഹരിയുമായി ഒരു സംഘം കൊച്ചിയിലേക്ക് എത്തുന്നതായുള്ള വിവരം എക്സൈസിന് ലഭിച്ചത്.
ലഹരിയുടെ യാത്രയിലേക്കാണ് പിന്നീട് അന്വേഷണം പോയത്. വരുണ്‍ദേവും സംഘവും ഡല്‍ഹി രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് വാങ്ങുന്ന എം.ഡി.എം.എ റോഡ് മാര്‍ഗമാണ് കേരളത്തിലേക്ക് എത്തിച്ചിരുന്നത്. കോട്ടയം കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് സംഭരിച്ചിരുന്നത്. വിശ്വസ്തരായ ഇടനിലക്കാര്‍ വഴി കൊച്ചിയിലെ ലഹരി വില്‍പ്പനക്കാരിലേക്ക് എത്തിക്കും. വില്‍ക്കുന്ന ആര്‍ക്കും വരുണുമായി നേരിട്ട് ബന്ധമില്ല. ബോസ് ഏന്നും എക്സ് എന്നുമാണ് വിളിപ്പേര്. വരുണ്‍ നേരിട്ട് കച്ചവടത്തിനിറങ്ങാറുമില്ല.
പ്രതികളെ ചോദ്യം ചെയ്യുകയും ഫോണടക്കം പരിശോധിച്ചപ്പോഴാണ് ഏറെ നാളായി പൊലീസും എക്സൈസും വലവിരിച്ചിരുന്ന ലഹരിസംഘത്തിന്‍റെ ബോസാണ് വരുണ്‍ദേവ് എന്ന തിരിച്ചറിയുന്നത്. ഓണക്കാലം ലക്ഷ്യമിട്ട് അഞ്ച് കിലോയോളം എം.ഡി.എം.എ വരുണ്‍ ദേവ് കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിലൂടെ എക്സൈസിന് ലഭിച്ച വിവരം.
നാലു കോടിയലധികം രൂപയുടെ ലഹരികച്ചവടമാണ് ഒരു തവണ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് എം.ഡി.എംഎ എത്തിക്കുന്നതിലൂടെ നടത്തിയിരുന്നത്. പെണ്‍കുട്ടികളയാണ് കൂടുതലായും ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നത്. കൊച്ചിയിലെ നിശാപാര്‍ട്ടികള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുകയും പൊലീസിന്‍റെ പിടിയിലാവുകയും ചെയ്ക കെവിന്‍ ബി മാത്യു, വടക്കന്‍ പറവൂര്‍ സ്വദേശി സിദ്ദീഖ് എന്നിവരും വരുണ്‍ദേവില്‍ നിന്ന് എം.ഡി.എം.എ വാങ്ങിയിട്ടുണ്ട്. വരുണ്‍ ദേവിന്‍റെ സാമ്പത്തിക ഇടപാടുകളടക്കം നടത്തുന്ന സുഹൃത്തുകളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്.
രാസലഹരി വേട്ടയില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരിക്കുകയാണ്എക്സൈസ്. ഡ്രഗ് ഡീലര്‍ വരുണ്‍ ദേവിന്റെ റാക്കറ്റിനെ കണ്ടെത്താനാണ് എക്സൈസ് നീക്കം. വരുണ്‍ എന്ന ബോസിലേക്ക് എത്താനായി. ഇനി വരുണിന്റെ ബോസ് ആരാണ് എന്നതാണ് കണ്ടെത്താനുള്ളത്.