മദ്യപാനത്തിനിടെ കൂടുതല്‍ ചിക്കന്‍ കഷ്ണങ്ങള്‍ കഴിച്ചെന്നാരോപിച്ച് സുഹൃത്തിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെളഗാവി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.  ഉത്തർപ്രദേശ് പിലിഭിത് ജില്ലയിലെ കബീർഗഞ്ച് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച പ്രതി അരുണ്‍ കുമാറിനെ പൊലീസ് സമയോചിത ഇടപെടലിലൂടെ പിടികൂടുകയായിരുന്നു.

സംഭവദിവസം രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ചിക്കന്‍ കഷ്ണങ്ങളെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായത്. കൂട്ടത്തിൽ ഒരാൾ ചിക്കൻ കഷ്ണങ്ങൾ കൂടുതൽ കഴിച്ചുവെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് മാറിയതോടെ പ്രതി അരുണ്‍ കയ്യിലിരുന്ന കത്തിയെടുത്ത് സീതാറാമിന്‍റെ നെഞ്ചിലേക്ക് കുത്തിയിറക്കി. ഗുരുതരമായി പരുക്കേറ്റ സീതാറാമിനെ പ്രതി അരുണ്‍ തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റതാണെന്നായിരുന്നു അരുണ്‍ ആശുപത്രി അധികൃതരെ അറിയിച്ചത്.

എന്നാല്‍ രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് ഇത് വെറുമൊരു അപകടമല്ലെന്ന് മനസിലായതോടെ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അരുൺ കുമാറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ചിക്കൻ കഷണങ്ങളെച്ചൊല്ലി നടന്ന കൊലപാതകം പുറത്തിറിയുന്നത്. ചികില്‍സയിലിരിക്കെ സീതാറാം മരണപ്പെട്ടു. ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് സീതാറാമിനെ കുത്തിയതെന്ന് പ്രതി സമ്മതിച്ചു. പ്രതി അരുണിനെതിരെ കേസെടുത്ത പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്തെന്നും അറിയിച്ചു. 

ENGLISH SUMMARY:

A shocking murder occurred in Karnataka's Belagavi district where a young man allegedly stabbed his friend to death over an argument about eating more chicken pieces during a drinking session. The accused attempted to portray the incident as an accident but was apprehended by the police who are continuing their investigation.