ഒരു ബസിന്‍റെ വലുപ്പമുള്ള ഒരു ടെലിസ്കോപ്പ്. ഏകദേശം 431 കോടി രൂപ ചെലവിട്ട് നിര്‍മിച്ച  നാസയുടെ ഏറ്റവും പുതിയ ബഹിരാകാശ ദൂരദര്‍ശിനി. നാസയുടെ ഹബിള്‍, ജെയിംസ് വെബ് ടെലിസ്കോപ്പുകള്‍ക്ക് ശേഷം വിക്ഷേപിച്ച മറ്റൊരു ടെലിസ്കോപ്പ്. 15 ലക്ഷം കിലോ മീറ്റര്‍ അകലെയുള്ള  എല്‍–2 പോയിന്‍റ് ലക്ഷ്യമിട്ട് മൂന്നുമാസം നീളുന്ന യാത്രയ്ക്ക് ഇന്നലെ തുടക്കം കുറിച്ചു. 

നാന്‍സി ഗ്രേസ് റോമന്‍ സ്പേസ് ടെലിസ്കോപ്പ് എന്നാണ് പൂര്‍ണ നാമം. കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം. ഡാർക്ക് മാറ്റർ, ഡാർക്ക് എനർജി, എക്സോപ്ലാനറ്റുകൾ എന്നിവയെക്കുറിച്ചുള്ള പഠനമാണ് റോമന്‍ ടെലിസ്കോപ്പിന്‍റെ പ്രധാന ലക്ഷ്യം.

എന്താണ് റോമൻ ടെലിസ്കോപ്പ്?

നാസയുടെ ആദ്യകാല ആസ്ട്രോണമറായിരുന്ന നാൻസി ഗ്രേസ് റോമന്‍റെ സ്മരണയ്ക്കായാണ് ടെലിസ്കോപ്പിന് ഈ പേര് നൽകിയത്. ഹബിൾ ടെലിസ്കോപ്പിന്‍റെ അതേ വലിപ്പമുള്ള പ്രധാന കണ്ണാടിയാണെങ്കിലും, ഹബിൾ 100 വര്‍ഷം കൊണ്ട് നടത്തുന്ന പഠനങ്ങള്‍ നടത്താന്‍ റോമന്‍ ടെലിസ്കോപ്പിന് ഒരുമാസം തികച്ചുവേണ്ടി വരില്ല. 2.4 മീറ്റര്‍ വ്യാസമുള്ള മിററാണ് പ്രധാന ഭാഗം. ഹബിള്‍ ടെലിസ്കോപ്പിന്‍റെ അതേ റെസല്യൂഷനില്‍ ചിത്രങ്ങളെടുക്കാനും കഴിയും. 

ഡാർക്ക് എനർജിയുടെ രഹസ്യം 

മനുഷ്യർക്ക് ഇതുവരെ നേരിട്ട് മനസ്സിലാക്കാൻ കഴിയാത്ത ഡാർക്ക് മാറ്ററും ഡാർക്ക് എനർജിയെയും കുറിച്ചുള്ള വിവരങ്ങള്‍ ടെലിസ്കോപ് കണ്ടെത്തുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ പ്രതീക്ഷ. ഗാലക്സികൾ എന്തുകൊണ്ടാണ് അകലുന്നത്, പ്രപഞ്ചത്തിന്‍റെ വികാസം എന്തുകൊണ്ടാണ് ഇത്രയും വേഗത്തിലാകുന്നത് എന്നീ ചോദ്യങ്ങൾക്ക് ഉത്തരം  കണ്ടെത്താനായേക്കും

അന്യഗ്രഹങ്ങളെ തേടിയുള്ള യാത്ര

റോമൻ ടെലിസ്കോപ്പിന്‍റെ മറ്റൊരു പ്രധാന ദൗത്യം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്തലാണ്. ആയിരക്കണക്കിന് പുതിയ എക്സോപ്ലാനറ്റുകളെ കണ്ടെത്താൻ ഈ ദൗത്യത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. ചില ഗ്രഹങ്ങളുടെ നേരിട്ടുള്ള ചിത്രങ്ങൾ പോലും പകർത്താൻ സഹായിക്കുന്ന കൊറോണോഗ്രാഫ് സാങ്കേതികവിദ്യയും ഇതിലുണ്ട്. ഭാവിയിൽ ഭൂമിയോട് സാമ്യമുള്ള ഗ്രഹങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ഈ വിവരങ്ങൾ നിർണായകമാകും. 

ദശലക്ഷം മൈൽ അകലെയുള്ള ലക്ഷ്യം

ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോ മീറ്റര്‍ അകലെയുള്ള  L2 (Lagrange Point 2) എന്ന പ്രത്യേക ഭ്രമണപഥത്തിലേക്കാണ് റോമൻ ഇപ്പോൾ സഞ്ചരിക്കുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ അവിടെ എത്തിച്ചേരുന്ന ടെലിസ്കോപ്പ് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തും. ആവശ്യമായ ഇന്ധനം ശേഷിക്കുന്നുവെങ്കിൽ ദൗത്യം കൂടുതൽ വർഷങ്ങൾ നീട്ടാനും സാധ്യതയുണ്ട്. 

 

 

ENGLISH SUMMARY:

Nancy Grace Roman Space Telescope is NASA's latest space observatory, launched to study dark matter, dark energy, and exoplanets. This advanced telescope aims to unlock mysteries of the universe from a distance of 1.5 million kilometers.