കലിഫോര്‍ണിയയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകവാര്‍ത്തയാണ്. രണ്ട് മലയാളികളെ കൊന്ന ഒരു മലയാളിയുടെ കഥ. ഈ കഴിഞ്ഞദിവസം വരെ ഒന്നിച്ച് ഓണമാഘോഷിച്ചവര്‍. ഒന്നിച്ച് സിനിമ കണ്ടവര്‍, ഉറ്റസുഹൃത്തുക്കള്‍. ഒരു ദിവസം കൊണ്ട് എന്ത് പ്രശ്നമാണ് അവര്‍ക്കിടയില്‍ ഉണ്ടായതെന്നുള്ള ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല. മൂന്ന് കുടുംബങ്ങളുടെയും ആശങ്കയും ശമിച്ചിട്ടില്ല. അവിടെനിന്നും കിട്ടുന്ന വിവരങ്ങളും കുറവാണ്. 

കൊല്ലപ്പെടുന്നത് തൃശൂര്‍ മുടിക്കോട് പാണ‍ഞ്ചേരി തെക്കൂട്ട് ഹരിദാസ്–സുഷമ ദമ്പതിമാരുടെ മകള്‍ അഞ്ജന, മുപ്പത്തിയഞ്ച് വയസ്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആന്‍ മേരി മാത്യു. ആനിനും മുപ്പത്തിയഞ്ച് വയസ്. ഇവര്‍ രണ്ടുപേരുമാണ് കൊല്ലപ്പെടുന്നത്. കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയല്‍ സ്വദേശി മാറാമറ്റം വീട്ടില്‍ അനിലയാണ് ദാരുണമായ കൊലപാതകങ്ങള്‍ നടത്തിയത് എന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. അനില കസറ്റ‍ഡിയിലുമാണ്. ആനും അഞ്ജനയും അനിലയും ഉറ്റസുഹൃത്തുക്കളായിരുന്നു. എല്ലാവരുടെയും വീടുകളിലും ഇക്കാര്യം അറിയാം. ഒരു അപ്പാര്‍ട്മെന്റില്‍ തന്നെ വിവിധ ഫ്ലാറ്റുകളിലാണ് മൂവരും താമസിച്ചിരുന്നത്. ഓണാഘോഷത്തിന് ഒരുമിച്ച് ചിത്രങ്ങളടക്കം എടുത്തിരുന്നു. ഡിക്സണ്‍ ലാന്‍ഡിങ് റോഡില്‍ മില്‍ക്രീക്ക് അപ്പാര്‍ട്മെന്റില്‍.

ആഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് കൊലപാതകം നടക്കുന്നത്. ഫ്ലാറ്റിനുള്ളിൽ കുത്തേറ്റ നിലയിലാണ് ആൻ മേരി  മാത്യുവിന്റെ മൃതദേഹം കണ്ടെടുത്തത്. ഉച്ചയ്ക്ക് 12 മണിയോടെ അപ്പാർട്ട്മെന്റിന്റെ പാർക്കിംഗ് സ്ഥലത്ത്  വാഹനമിടിച്ച  നിലയിൽ അഞ്ജനയുടെ മൃതദേഹവും കണ്ടെടുത്തു. പാര്‍ക്കിങ് ഏരിയയില്‍ നീല നിറത്തിലുള്ള എസ്‍യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളയുന്നത് ദൃക്സാക്ഷികള്‍ കണ്ടിരുന്നു. വണ്ടിയോടിച്ചതും സ്ത്രീയാണെന്ന് താമസക്കാരാണ് മില്‍പീറ്റസ് പൊലീസിനെ അറിയിക്കുന്നത്. കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ തന്നെ ഈ നീല എസ്‍യുവി മുന്‍ഭാഗം തകര്‍ന്ന നിലയില്‍ കാണപ്പെട്ടു. 

അഞ്ജന നാട്ടില്‍ വരുന്നത് 2023ലാണ്. വിലങ്ങന്നൂര്‍ സ്വദേശി വിജീഷാണ് അഞ്ജനയുടെ ഭര്‍ത്താവ്. എന്‍ജിനീയറിങ് ബിരുദധാരിയാണ് അഞ്ജന. അന്ത്യം വിശ്വസിക്കാന്‍ ഇപ്പോഴും ആ നാടിന് കഴിഞ്ഞിട്ടില്ല. ആറുവയസുകാരിയായ കുഞ്ഞുമകള്‍ക്കൊപ്പം അഞ്ജന ഈ വര്‍ഷം നാട്ടിലെത്തുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു തൃശ്ശൂരിലെ വീട്. സുഹൃത്തുക്കൾ ആണെന്നതിനപ്പുറം, പ്രതി അനിലയെക്കുറിച്ച്  ബന്ധുക്കൾക്കും മറ്റൊന്നുമറിയില്ല.