കാമുകിയെ വിളിച്ചുവരുത്തി കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് തടമ്പാട്ടുതാഴം സ്വദേശി വൈശാഖന്‍ ആണ് മരിച്ചത്. വിഷം കഴിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

എലിവിഷം കഴിച്ച നിലയില്‍ കണ്ട വൈശാഖനെ ആദ്യം കോഴിക്കോട് സഹകരണാശുപത്രിയിലേയ്ക്കും പിന്നീട് മെഡിക്കല്‍ കോളജിലേയ്ക്കും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടാഴ്ച്ച മുമ്പാണ് കൊലക്കേസ് പ്രതിയായ വൈശാഖന്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് ഇറങ്ങിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു നാടിനെ നടുക്കിയ ആ കൊലപാതകം. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് കാമുകിയെ മാളിക്കടവിലെ വര്‍ക് ഷോപ്പിലേയ്ക്ക് വിളിച്ചുവരുത്തി ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി കഴുത്തില്‍ കുരുക്കിട്ട് കൊല്ലുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹത്തെ പീഡിപ്പിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ എല്ലാത്തിനും തെളിവായി അവശേഷിച്ചതോടെ പൊലിസിന് അന്വേഷണം എളുപ്പമായി. വിവാഹത്തിന് നിര്‍ബന്ധിച്ചതോടെയാണ് കാമുകിയെ കൊലപ്പെടുത്തിയതെന്ന് വൈശാഖന്‍ പിന്നീട് മൊഴി നല്‍കി. ഭാര്യ അറിയുമെന്ന് ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യം ആത്മഹത്യയാണെന്നായിരുന്നു നിഗമനം. പിന്നീട് യുവതിയുടെ ഡയറികുറിപ്പുകള്‍ അടക്കം കണ്ടെത്തിയതോടെയാണ് വൈശാഖനെതിരെ അന്വേഷണം നീണ്ടതും നിര്‍ണായക തെളിവുകള്‍ ലഭിച്ചതും.  കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ യാണ് ജാമ്യം ലഭിച്ചത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും അസ്വസ്ഥനായാണ് വൈശാഖനെ കണ്ടതെന്ന് ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.

ENGLISH SUMMARY:

The tragic suicide of an accused in a murder case who was found dead after reportedly consuming poison. The police are investigating the incident, which comes after the accused was recently released on bail.