മഴയൊഴിഞ്ഞ ഒരു പകലിനും രാത്രിക്കും ശേഷം സംസ്ഥാനത്ത് വീണ്ടും തീവ്രമഴ മുന്നറിയിപ്പ് വന്ന ദിവസം. മാനം തെളിഞ്ഞുകണ്ട മലയാളി ആശ്വാസതീരത്തെത്തും മുന്‍പെ പലയിടത്തും ഇന്ന് വീണ്ടും മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി. മഴയില്‍ ശമനമുണ്ടായെങ്കിലും മധ്യകേരളം പ്രളയജലത്തില്‍ നിന്ന് മുക്തമായിട്ടില്ല ഇപ്പോഴും. കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ തിരുവല്ലയിൽ ആശ്വാസമായെങ്കിലും അപ്പർകുട്ടനാട് ദുരിതത്തിൽ തന്നെയാണ്. വീടുകളിൽ കയറിയ വെള്ളം ഇറങ്ങാൻ ഇനിയും ദിവസങ്ങൾ എടുക്കും.
ചക്കുളത്ത് കാവ് ദേവി ക്ഷേത്രത്തിൽ വെള്ളം കയറിയിട്ട് ഇന്നേക്ക് ആറ് ദിവസമായി. ശ്രീ കോവിലിലേക്ക് വെള്ളം കയറാത്തതിനാൽ നിത്യ പൂജക്ക് മുടക്കം വന്നിട്ടില്ല. അപ്പർ കുട്ടനാട് മേഖല ദിവസങ്ങളായി കടന്നു പോകുന്നത് ദുരിത കയത്തിലൂടെയാണ്. വീടുകളിൽ കയറിയ വെള്ളം ഇറങ്ങാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരും. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ നീരേറ്റുപുറം പാലത്തിൽ ലോറി കുടുങ്ങിയതോടെ ഗതാഗതവും തടസപ്പെട്ടു. റോഡിൽ വെള്ളം കയറിയതോടെ വലിയ വാഹനങ്ങളിലും ട്രാക്ടറുകളിലും ആയിരുന്നു ആളുകളുടെ യാത്ര. വിഡിയോ റിപ്പോര്‍ട്ട് കാണാം.