അധ്യാപനമായിരുന്നു തൊഴില്‍. അതും സ്പെഷല്‍ എജ്യുക്കേറ്റര്‍മാര്‍. പഠിച്ച് വളര്‍ന്ന് ലോകത്തിന്റെ ഭാവി നിര്‍ണയിക്കേണ്ട തലമുറയ്ക്ക് മുന്നില്‍ നേര്‍വഴി പഠിപ്പിക്കുമ്പോള്‍ അതേവഴി മറന്നായിരുന്നു ജീവിതം. ലഹരിവിരുദ്ധ പ്രവര്‍‌ത്തനങ്ങളില്‍ പോലും സജീവമായിരുന്നവരടക്കം കോഴിക്കോട് പിടിയിലായത് മൂന്ന് അധ്യാപികമാരാണ്. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി വടകര സ്വദേശിയായ യുവാവിനെ എംഡിഎംഎ സഹിതം പിടികൂടിയ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്കെത്തിയത്. 

ഈ മാസം പതിനൊന്നിനായിരുന്നു ആദ്യ അറസ്റ്റ്. ലഹരി വില്‍പനയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനാണ് മരുതോങ്കര കുന്നുമ്മല്‍ കെ.സി. കീര്‍ത്തനയെ വടകര പൊലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. സംസ്ഥാന തലത്തില്‍ മത്സരിച്ചിട്ടുള്ള കായിക താരം കൂടിയായ കീര്‍ത്തന പേരാമ്പ്ര ബി.ആര്‍.സിക്കു കീഴിലുള്ള താത്കാലിക സ്പെഷ്യലിസ്റ്റ് അധ്യാപികയാണ്. കീര്‍ത്തനയും വില്‍പനക്കാരും തമ്മിലുള്ള കാര്യങ്ങളില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാവ്യ എന്ന പേരിലേക്ക് എത്തുന്നത്. എം.ഡി.എം.എ വില്‍പനയുടെ സാമ്പത്തിക ഇടപാട് നടത്തിയതിന്  കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യ അറസ്റ്റിലായത്. കീര്‍ത്തനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്  കാവ്യ പിടിയിലായത്. എംഡിഎംഎ ആവശ്യമുള്ളവർ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതായി തെളിഞ്ഞു. 

വാങ്ങുന്നവരുമായി നേരിട്ടു ബന്ധപ്പെടാതെ കാവ്യ സാധനം ലഭ്യമാകുന്ന ലൊക്കേഷൻ അയച്ചു കൊടുക്കും. മൊത്ത വിൽപനക്കാരുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് മൂന്നാം അധ്യാപികയും അറസ്റ്റിലാകുന്നത്. ആവള കുട്ടോത്ത് വലിയപറമ്പില്‍ നീഷ്മയാണ് ഇന്നലെ പിടിയിലായത്. നീഷ്മയുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കീര്‍ത്തനയും കാവ്യയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീഷ്മയിലേക്കും അന്വേഷണം എത്തിയത്. പിടിയിലായ അധ്യാപികമാരുമായി നേരിട്ട് ബന്ധമുള്ള ജിജിന്‍ കുര്യാക്കോസ് എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും അറസ്റ്റിലായ അധ്യാപികമാരും തമ്മില്‍ ഒരു വര്‍ഷത്തിനിടെ 99 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 

കീര്‍ത്തനയുടെ അക്കൗണ്ടില്‍ 14 ലക്ഷവും കാവ്യയുടെ അക്കൗണ്ടില്‍ ആറ് മാസംകൊണ്ട് 9 ലക്ഷവും എത്തിയിരുന്നു. സ്പെഷൽ എജ്യുക്കേറ്റർമാരെന്ന പേരിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിനിടെ ലഹരി ഇടപാടുകളിൽ പങ്കാളികളായ കാവ്യയെയും കീർത്തനയെയും കുറിച്ച് അറിഞ്ഞതോടെ രക്ഷിതാക്കളിൽ പലരും ഞെട്ടി. ഒരു വർഷം മുൻപ് കാറപകടം ഉണ്ടായി ചികിത്സയിലായ കാവ്യയ്ക്ക് എസ്എസ്കെയിലെ അധ്യാപകരുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച് ധനസഹായം നൽകിയിരുന്നു. എന്നാൽ, അടുത്തിടെ ഇവർ ആഡംബര കാർ വാങ്ങിയതോടെ അധ്യാപകർക്കും നാട്ടുകാർക്കും സംശയം തോന്നിയിരുന്നു.

എംഎ സൈക്കോളജിക്കാരിയായ കാവ്യ 2016 മുതലാണ് പേരാമ്പ്ര ബിആർസിക്കു കീഴിലെ ചെറൂവാളൂർ സർക്കാർ എൽപി സ്കൂളിനോടു ചേർന്നുള്ള ഓട്ടിസം സ്കൂളിൽ സ്പെഷൽ എജ്യൂക്കേറ്ററായി ജോലി ചെയ്യുന്നത്. ആഴ്ചയിൽ 3 ദിവസമായിരുന്നു കാവ്യയ്ക്ക് ജോലി. എന്നാൽ അടുത്തിടെയാണ് ഇവർ വിലകൂടിയ ആഡംബര കാർ വാങ്ങിയത്. വിദേശത്ത് ജോലി ചെയ്യുന്ന സഹോദരന്റെ വാഹനം ആണെന്നായിരുന്നു പറഞ്ഞിരുന്നത്. അറസ്റ്റിന് പിന്നാലെ അധ്യാപികമാരെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു. കേസില്‍ അറസ്റ്റിലായ റിമാന്‍ഡിലായ സാഹചര്യത്തിലാണ് ഇരുവരെയും സര്‍വീസില്‍ നിന്നു നീക്കാന്‍ സമഗ്രശിക്ഷാ അഭിയാന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഉത്തരവിട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ENGLISH SUMMARY:

A shocking drug racket involving three special educators arrested in Kozhikode. These teachers, who were supposed to guide the future generation, were actively involved in MDMA sales and financial transactions, leading to their apprehension as part of 'Operation Thooofan'.