TOPICS COVERED

വായ്പ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നത് നമുക്കറിയാം. പല രീതിയിലുമുള്ള തട്ടിപ്പുകളില്‍പ്പെട്ട് നിരവധി പേര്‍ക്കാണ് പണം നഷ്ടപ്പെടുന്നത്. യുവതികളുടെ നഗ്നദൃശ്യം കൈലക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ 

രണ്ടുപേരാണ് പാലക്കാട്ട് പിടിയിലായത്. വായ്പ വാഗ്ദാനം ചെയ്ത് വലയില്‍ വീഴ്ത്തി സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ വച്ച് പണം തട്ടിയതിനാണ് സൈബര്‍ ക്രൈം പൊലീസിന്റെ നടപടികള്‍. അമ്പലപ്പുഴ കോമന കിളിയാട്ടില്ലം ബിബിന്‍ ജോണ്‍സണ്‍, പങ്കാളിയായ അമ്പലപ്പുഴ സ്വദേശി സൗമ്യ ദാസ് എന്നിവരെയാണ് ആലപ്പുഴയിലെ ലോ‍ഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടിയത്. ബിബിന്‍ നിസാരക്കാനല്ല, ഏഴ് കവര്‍ച്ചാക്കേസുകളില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിയാണ്. 

പ്രാഥമികമായി മനസിലാക്കാന്‍ പറ്റുന്നത്, ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ വായ്പ നല്‍‌കാമെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പരസ്യം നല്‍കുക. അതോടെ, ഇവര്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും. തുടര്‍ന്ന്, അടുത്തിടപഴകി നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കും. പിന്നീട്, ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പലതവണ ഭീഷണിപ്പെടുത്തും, ഇതോടെ പണം ആവശ്യപ്പെടും. 

ഈ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത് കഴിഞ്ഞ മാര്‍ച്ചിലാണ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന യുവതി സോഷ്യല്‍മീഡിയയിലാണ് വ്യാജ ധനകാര്യസ്ഥാപനത്തിന്റെ കോണ്ടാക്ട് കാണുന്നത്. അവരുമായി ബന്ധപ്പെട്ടു. സ്ഥാപനത്തിന്റെ അഭിഭാഷക ശോഭനയായി സംസാരിച്ചത് പ്രതി സൗമ്യ ദാസാണ്. മാനേജര്‍ അനീഷ് എന്ന പേരില്‍ ബിബിന്റെ നമ്പറാണ് കൊടുത്തത്. 

കുറഞ്ഞപലിശയ്ക്ക് അഞ്ചുലക്ഷം രൂപ വായ്പ നല്‍കാം. ഇങ്ങനെയായിരുന്നു ഓഫര്‍, അതിലേക്ക് ഇന്‍ഷുറന്‍സ് തുക വേണമെന്നും 95,000 രൂപ വേണമെന്നും യുവതിയോട് ആവശ്യപ്പെടുകയാണ്. എന്നാല്‍, ഈ സാമ്പത്തിക ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ അടുപ്പും സ്ഥാപിച്ച് ഇത് മുതലെടുത്ത് സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കി. പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. അതോടെ, യുവതി പൊലീസില്‍ പരാതി നല്‍കി. മഹാലക്ഷ്മി ഫൈനാന്‍സ് എന്ന പേരിലാണ് ഓണ്‍ലൈനിലൂടെ പരസ്യം നല്‍കിയിരുന്നത്. 

എങ്ങനെയായിരുന്നു, ഇവരുടെ മുന്നൊരുക്കം എന്നാണ് നമ്മള്‍ ഇനി പരിശോധിക്കുന്നത്. കൃത്യമായ ആസൂത്രണം ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. സ്വന്തം പേരില്‍ സിം കാര്‍ഡുകളോ അക്കൗണ്ടുകളോ ഉപയോഗിച്ചിരുന്നില്ല. ആ പ്ലാനാണ് പൊലീസിനെയും ഞെട്ടിപ്പിച്ചത്. വഴിയോരങ്ങളിലും ക്ഷേത്രപരിസരങ്ങളിലും കഴിയുന്ന പ്രായമായ ആളുകള്‍ക്ക് ചെറിയ സാമ്പത്തിക സഹായം നല്‍കും. അതിന് ശേഷം, അവരുടെ പേരിലാണ് ഈ സിംകാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിക്കുന്നത്. അതായത്, ഒരു തവണ തട്ടിപ്പ് നടത്തും, വിവരങ്ങള്‍ നശിപ്പിച്ച് കളയും. ആലപ്പുഴയിലെ ലോഡ്ജില്‍ താമസിച്ചിരുന്നതും വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചായിരുന്നു. പ്രതികള്‍ ഈ തട്ടിപ്പിനായി പത്തിലേറെ സിമ്മുകളാണ് ഉപയോഗിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളെ മാത്രം ലക്ഷ്യംവച്ചുള്ള തട്ടിപ്പ്. 

എങ്ങനെയാണ് ബിബിനിലേക്കും സൗമ്യയിലേക്കും കാര്യങ്ങള്‍ എത്തിച്ചത്. ആഡംബര ജീവിതം ലക്ഷ്യമിട്ട് ആസൂത്രണത്തോടെ നടത്തിയ തട്ടിപ്പില്‍ പൊലീസിന്റെ ശാസ്ത്രീയ പരിശോധനയാണ് തടസമായത്. പ്രതികള്‍ ഉപയോഗിച്ച ഒരു നമ്പര്‍ പ്രതി ബിബിന്റേതാണെന്ന് മനസിലായി. അതോടെ അന്വേഷണം പ്രതികളിലേക്ക് നീണ്ടു. 

പ്രതികള്‍ ഇതുപോലെ കേരളത്തിലുടനീളം നിരവധി സ്ത്രീകളെയാണ് ചതിയില്‍പ്പെടുത്തിയത്. ഒരു പരാതിയില്‍ പറയുന്നത്, പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. ബിബിന്‍ ഇതിന് മുന്‍പേ പല കേസുകളിലുംപെട്ടിട്ടുണ്ട്. എടിഎം കവര്‍ച്ച, പിടിച്ചുപറി തുടങ്ങിയ കേസുകള്‍.  

നിലവില്‍ ഡിവൈഎസ്പി പി.കെ.മണിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേസെടുത്ത് വിവിധ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ദമ്പതിമാര്‍ പിടിയിലായതോടെ കൂടുതല്‍ പരാതികള്‍ എത്താന്‍ തുടങ്ങിയിട്ടുണ്ട്. മാര്‍ച്ചിലെ പരാതിയിലാണ് നിലവില്‍ അന്വേഷണം മുന്നോട്ട് നീങ്ങുന്നത് എങ്കില്‍ കൂടി വലിയ പദ്ധതി ഇതിന് പിറകിലുണ്ട് എന്ന് തന്നെയാണ് പൊലീസ് വിലയിരുത്തല്‍. രണ്ടുപേരെ കൊണ്ട് മാത്രം ഈ തട്ടിപ്പ് നടത്താന്‍ സാധിക്കുമോ എന്നും പൊലീസിന് സംശയമുണ്ട്. കൂടുതല്‍ പേരുണ്ടെന്ന സൂചനകളിലേക്കും കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. അന്വേഷണത്തിന്റെ അപ്ഡേറ്റിലേക്കാണ്.