PRG-HD-n

TOPICS COVERED

ഓരോ പാട്ടിലും കഥയുണ്ട്. വരികള്‍ക്ക് അര്‍ഥമുണ്ട്. വാക്കുകള്‍ക്ക് ധ്വനിയുണ്ട്. ആ പാട്ടിനൊരു ഭാവമുണ്ട്.  അതൊക്കെയും ശ്രോതാവിനെ നേരിട്ടറിയിക്കുന്നതാണല്ലോ പാട്ടുകാരുടെ നിയോഗം. ഇവിടെ വരികള്‍ക്കും വാക്കുകള്‍ക്കും അപ്പുറത്ത് അക്ഷരത്തിനെ അനാഥാമാക്കാതെ ഭാവം കൊടുത്ത് പാടിയ ഒരാളെയുള്ളു. അതാണ് എസ്. ജാനകി എന്ന ജാനകിയമ്മ. 

അന്നേരം വാക്കുകള്‍ മുട്ടി ശ്രോതാവും നിശബ്ദമാകുമ്പോള്‍ അക്ഷരത്തില്‍ നിന്ന് വാക്കിലേക്കും വാക്കില്‍ നിന്ന് വരികളിലേക്കും വരികളില്‍ നിന്ന് മുഴുപ്പാട്ടിലേക്കും പാട്ടാസ്വാദകരെ ആനയിച്ച് ജാനകി സമ്പൂര്‍ണമായൊരു മനുഷ്യാവസ്ഥയിലേക്ക് നമ്മളെ പരിണാമവിധേയരാക്കിയിരിക്കും. ആത്മഭാഷണല്ലാതെ മറ്റൊന്നിനെ അഭിസംബോധനചെയ്തുള്ള പാട്ടുകള്‍ മലയാളത്തില്‍ ഏറെ പാടിയിട്ടുണ്ട് ജാനകി. പ്രിയനാഥനോടുള്ള കാത്തിരിപ്പിനപ്പുറം അത് സ്വര്‍ണമുകിലിനെ നോക്കിയും മൗനത്തെയോര്‍ത്ത് വിലപിച്ചും ഗോപികയുടെ വിതുമ്പലിനെപ്പറ്റിയും സൂര്യകാന്തിയുെട സ്വപ്നങ്ങളെക്കുറിച്ചായാലും എസ്. ജാനകി പാടിയപ്പോള്‍ ആ നാഥനും മൗനവും സ്വര്‍ണമുകിലും സൂര്യകാന്തിയുമൊക്കെ നമ്മുടേതായി. അങ്ങനെ ചെറുതായിട്ടൊന്നും അല്ല പരിപൂര്‍ണമായും അവരവരുടേതായി. അത് തലമുറകള്‍ പിന്നിട്ട് അനശ്വരവുമായി. മുറ്റത്ത് വല്ലപ്പോഴും പൂവിട്ട സൂര്യകാന്തിയെ നോക്കി നീ സ്വപ്നം കാണുവതാരെ എന്ന് ചോദിക്കാത്ത മലയാളിയുണ്ടോ. സ്നേഹവിസ്മൃതികളിലേക്ക് എടുത്തെറിയപ്പെട്ടവരുടെ ഉള്ളില്‍ കനംതൂങ്ങുന്ന മൗനത്തെ ഇങ്ങനെ വിരഹാര്‍ദ്രമായി ഉള്ളുലഞ്ഞ് ഉറക്കെ വിളിക്കാന്‍ ജാനകിയല്ലാതെ മറ്റാരുണ്ട്.

ലത മങ്കേഷ്കര്‍ ഇന്ത്യയുടെ വാനമ്പാടിയായിരുന്നു. ഇന്ത്യക്ക് ലതയുണ്ട് എന്നതില്‍ അസൂയ കണ്ട പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ കഥ കേട്ടവരാണ് നമ്മള്‍. അതേ ലത മങ്കേഷ്കര്‍ക്കുള്ള ദക്ഷിണേന്ത്യയുെട മറുപടിയായിരുന്നു എസ്. ജാനകി. മണിരത്നത്തിന്റെ ദില്‍ സേയിലെ ജിയ ജലേക്ക് ലതാ മങ്കേഷ്കര്‍ ശബ്ദം പകര്‍ന്നപ്പോള്‍ തമിഴില്‍ റഹ്മാന്‍ അത് പാടാന്‍ വിളിച്ചത് ജാനകിയെയായിരുന്നു. ജനിച്ചത് ആന്ധ്രയിലാണ്. പാട്ടുകളേറെ പാടിയത് തമിഴിലും മലയാളത്തിലും. വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍. 

ഇന്ത്യന്‍ സിനിമാസംഗീതചരിത്രത്തില്‍ എസ്. ജാനകിയെപ്പോലെ വൈവിധ്യമാര്‍ന്ന പാട്ടുകള്‍ പാടിയ ഗായിക വേറെയില്ല. ഭാഷാ ഭേദം മാത്രമല്ല, ഭാവഭേദവും അനായാസം വരുതിയിലാക്കിയ ശബ്ദം. സംഗീത സംവിധായകര്‍ കോറിയിട്ട സ്വരവരകള്‍ക്ക് ജീവന്‍പകര്‍ന്നു ജാനകി. നാദസ്വരവും കണ്ഠസ്വരവും മല്‍സരിച്ച ഈ ഗാനമാത്രം മതി എസ്. ജാനകിയെന്ന സംഗീതസമുദ്രത്തിന്‍റെ ആഴം അളക്കാനാകാത്തതാണെന്ന് മനസിലാക്കാന്‍. 1958 ല്‍ പുറത്തിറങ്ങിയ കൊഞ്ചുംചിലങ്കൈ എന്ന ചിത്രത്തിന് വേണ്ടി എം.എസ് സുബ്ബയ്യനായിഡു ഒരുക്കിയ ഈ പാട്ടില്‍ കാരക്കുറിശി അരുണാചലത്തിന്‍റെ നാഗസ്വരത്തൊടൊപ്പമാണ് ജാനകി  പഠിക്കാത്ത സ്വരങ്ങളെ വരച്ചവരയില്‍ നിര്‍ത്തിയത്. ഈ ഗാനത്തോടെ ജാനകി എന്ന പേര് തന്നെ മേല്‍വിലാസമായി. റിയാലിറ്റി ഷോകളിലെ മല്‍സരാര്‍ഥികളുടെ ഗാനസഞ്ചാരത്തിന്‍റെ ബഞ്ച് മാര്‍ക്കാണ്  ഇന്നും ഈ ഗാനം. 

കര്‍ണാ എന്ന സിനിമയില്‍ വിദ്യാസാഗര്‍ ഈണം പകര്‍ന്ന ഈ യുഗ്മഗാനം ജാനകിയുടെ ഭാഗം പാടിറെക്കോര്‍ഡ് ചെയ്തശേഷമായിരുന്നു സ്വന്തം ഭാഗംപാടാന്‍  എസ്.പി. ബാലസുബ്രഹ്മണ്യം എത്തിയത്. ജാനകി നല്‍കിയ ഭാവം പകരാന്‍ സാക്ഷാല്‍ എസ്.പി.ബി നേരം വെളുക്കുവോളം പാടി. അന്നത്തെ സ്റ്റുഡിയോ വാടക പോലും എസ്.പി.ബി നൽകിയെന്നാണ്  കഥ.ഒരുകാലത്ത് ഏത് കാമുകിമാര്‍ക്കും ജാനകിയുടെ ശബ്ദം സൗന്ദര്യം കൂട്ടിയിരുന്നു. ഗായകര്‍ക്കുമാത്രല്ല, അഭിനേതാക്കളൊടൊപ്പം ജാനകി പാടി.കഥാപാത്രത്തിന് വയസ് എത്രയോ ആയിക്കോട്ടെ .... പാടാന്‍ ജാനകി മതി.ഇന്ത്യയിലെ മറ്റൊരുഗായികയ്ക്കും ഇത്രയധികം സ്വരവൈവിധ്യം ഇത്രയും വേഗം പകരാനായിട്ടില്ല.ഇളയരാജയാണ് തമിഴില്‍ എസ്. ജാനകിയുെട ശബ്ദത്തെ ഏറ്റവും വൈവിധ്യപൂര്‍ണം ഉപയോഗിച്ചത്. ദേശീയ പുരസ്കാരങ്ങളിലെ നാലാമത്തേ ത്ജാനകിയിലേക്കെത്തിയത് ഇളയരാജയുടെ ഈ പാട്ടിലൂടെയായിരുന്നു. ആദ്യ ദേശീയ പുരസ്കാരത്തിന് പിന്നിലും ഇളരാജാപ്പാട്ടായിരുന്നു.

തമിഴ് സംഗീതലോകമാണ് ജാനകിയുടെ സ്വരവൈവിധ്യം കൂടുതല്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളതെങ്കിലും മലയാളത്തില്‍ രവീന്ദ്രന്‍റെ സംഗീതത്തില്‍ യേശുദാസിനൊപ്പം ജാനകി പാടിയത് ബേബി ശാലിനിക്ക് വേണ്ടിയായിരുന്നു. മലയാളത്തോട് പൊക്കിള്‍ക്കൊടി ബന്ധംസൂക്ഷിച്ച ഗായികയായിരുന്നു എസ്.ജാനകി. ആറ് പതിറ്റാണ്ട് നീണ്ട ആ സംഗീതജീവിതം മലയാള ചലച്ചിത്രഗാനശാഖയുടെയും തലക്കുറി തിരുത്തി. ഏതുകാലത്തോടും പുതുമയോടെ സംവദിച്ച ആ നാദം അട്ടിമറിച്ചത് തലമുറകളുടെ അഭിരുചി സങ്കല്‍പ്പങ്ങളെക്കൂടിയായിരുന്നു. ഉണര്‍വായിരുന്നു... ചിലപ്പോഴത്  ഉണര്‍ത്തുപാട്ടായി.. ചിലനേരങ്ങളില്‍ ചുമലില്‍ത്തട്ടി ഉറക്കുന്ന താരാട്ടായി.. തലമുറകള്‍ ആ അമ്മത്തണലേറ്റുറങ്ങുന്ന കുഞ്ഞുങ്ങളായി.

ആരായിരുന്നു മലയാളിക്ക് എസ്.ജാനകി? കാലദേശ ഭാഷകളുടെ അതിരുകള്‍ ഭേദിച്ച് പാട്ടിന്റെ പുഴയായി എസ്.ജാനകി ഒഴുകിയിറങ്ങി,  നമ്മില്‍ അലിഞ്ഞുചേരുകയായിരുന്നു. പിന്നെ നമ്മുടെ വികാരവായ്പ്പുകള്‍, നെടുവീര്‍പ്പുകള്‍, എല്ലാമെല്ലാമായി ആ സ്വരം.പാട്ടില്‍ പ്രണയത്തിന്റെ.. വിരഹത്തിന്റെ.. കോടാനുകോടി  ലോകങ്ങളെ കുടിയിരുത്തി ആ ശബ്ദസൗകുമാര്യം.പിന്നെ, അനുഭവത്തീച്ചൂളയില്‍ പരിപാകപ്പെട്ട ജീവിതങ്ങള്‍ക്കത് സാന്ത്വനഗീതമായി.  ഈണങ്ങളുടെ ഊയലിലാടിയ മലയാളത്തിന്റെ  കാവ്യബിംബങ്ങളെ ഒരു കിളിനാദത്തിന്റെ വശ്യതയാല്‍ താരാട്ടി. 

വിശേഷണങ്ങള്‍ ഏറെയുണ്ട്  ആ പാട്ടിന്... തെന്നിന്ത്യയുടെ പെണ്‍സ്വരങ്ങള്‍ക്ക് പതിറ്റാണ്ടുകളായുള്ള മാറ്റുരക്കല്ലായിരുന്നു എസ്.ജാനകി. തന്മയത്വത്തിന്‍റെ ആഴങ്ങളുടെ മറുകരയിലേക്ക് നമ്മെ ആനയിച്ചു ജാനകിയമ്മ. മധുരമായ വാക്കുകളും അതിനേക്കാള്‍ മനോഹരമായ ചിരിയുംകൊണ്ട് എസ്.ജാനകി മലയാള മനസ്സുമായി സൃഷ്ടിച്ചത് ജന്മാന്തര ബന്ധമാണ്.  അതുകൊണ്ടുതന്നെ ജാനകിയമ്മ തിരയുലകില്‍ തന്‍റെഅവസാനഗാനം പാടാന്‍ തിരഞ്ഞെടുത്തതും മലയാളത്തെ. റേഡിയോ കാലത്തിന്റെ പരിഛേദമായിരുന്നു മലയാളിക്ക് എസ്. ജാനകി. പി. ഭാസ്കരന്റെ വരികള്‍ക്ക് എം.എസ്. ബാബുരാജിന്റെ സംഗീതം. പാടിയത് എസ്. ജാനകി.... അത്രയുമായാല്‍ മലയാളിയുടെ പാട്ടുമനസ്സ് നിറഞ്ഞ കാലം. മലയാളത്തിൽ ജാനകി ജനപ്രിയയായത് M.S.ബാബുരാജിന്റെ ഈണങ്ങളിലൂടെ ആണ്. ബാബുരാജിന്റെ ഏറ്റവും പ്രിയപ്പെട്ട ഗായികയായിരുന്നു എസ്.ജാനകി. ഇതായിരുന്നു ബാബുരാജ് - ജാനകി ജോഡിയിൽ പിറന്ന ആദ്യ ഗാനം. റെക്കോർഡിങ് കഴിഞ്ഞ ഉടൻ ബാബുക്ക ജാനകിയോട് ചോദിച്ചു, ഇത്ര കൃത്യമായി പാടാൻ കഴിയുന്നതെങ്ങനെ? ഗായിക പറഞ്ഞു, ഇത്രയും നല്ല ഈണം തന്നാൽ പാടാതിരിക്കുന്നതെങ്ങനെ? ഈ പ്രതിഭകളുടെ സംഗമം   പിന്നയും പലവട്ടം നമ്മമുടെ ഹൃദയമിടിപ്പ് നിയന്ത്രിച്ചു.ഭാസ്കരൻ മാഷാണ് പ്രിയ ചങ്ങാതി ബാബുവിനോട് ജാനകിയെപ്പറ്റി പറയുന്നത്. മിന്നൽ പടയാളി, സീത തുടങ്ങിയ ചില പടങ്ങളിൽ അതിനകം ജാനകി പാടിയിട്ടുണ്ട്. പക്ഷെ ജാനകിയെ സ്ഥിരമായി മലയാളിയുടെ ചുണ്ടിൽ പ്രതിഷ്ഠിച്ചത് ബാബുക്കയുടെ ഈണങ്ങൾ ആണ്.

ജാനകിയുടെ ശബ്ദത്തോടുള്ള ആരാധന ബാബുരാജ് ഒരിക്കലും മറച്ചു വച്ചിട്ടില്ല. ജാനകിക്ക് പാട്ട് കൊടുത്താൽ പിന്നെ നമ്മളൊന്നും അറിയണ്ട എന്ന് തുറന്ന് പറയും.യുഗ്മഗാനങ്ങൾ ചിട്ടപ്പെടുത്തിയപ്പോഴും ബാബുക്ക ജാനകിയോടുള്ള പക്ഷപാതം കാത്തു. ദാസിനൊപ്പം ജാനകി. അതായിരുന്നു ഹിറ്റ്‌ കോമ്പോ. ബാബുരാജ് വിടപറഞ്ഞ ശേഷം ആ കുടുംബവുമായി ജാനകി അടുത്ത ബന്ധം പുലർത്തി. ബാബുരാജിനെ കുറിച്ച് പറയുമ്പോൾ എല്ലാം ജാനകിയമ്മ വിതുമ്പുമായിരുന്നു. നിറയെ സംഗീതമുള്ള ഓർമകളോടെ. അറുപതും എഴുപതും എണ്‍പണതുമെല്ലാം ദക്ഷിണേന്ത്യന്‍ ചലച്ചിത്രഗാനം എസ്. ജാനകിയുേടതായിരുന്നു. തൊണ്ണൂറുകളുടെ ആദ്യം എ.ആര്‍. റഹ്മാന്‍ ഇന്ത്യന്‍ ചലച്ചിത്ര സംഗീതമാകെ നവീനമാക്കുമ്പോഴും എസ്. ജാനകി പങ്കുകൊണ്ടു.ജെന്റില്‍മാനിന് ശേഷം  മുതല്‍വനിലും സംഗമത്തിലും കാതലനിലുമെല്ലാം റഹ്മാനൊപ്പം ജാനകിയമ്മയുമുണ്ടായിരുന്നു. ഭര്‍ത്താവ് വി. രാമപ്രസാദ് 97ല്‍ വിടവാങ്ങിയതോടെ പതിയെ ജാനകിയമ്മ റെക്കോര്‍ഡിങ്ങുകള്‍ കുറച്ചു. മകന്‍ മുരളീകൃഷ്ണയ്ക്കൊപ്പമായിരുന്നു പിന്നീടുള്ള ജീവിതം. കഴിഞ്ഞ വര്‍ഷം മകനും മരിച്ചതോടെ മാനസികമായി തകര്‍ന്നു. നമുക്ക് നീന്തിക്കയറാനാവാത്തവിധം പാടിയൊരുക്കിയ കടലാഴങ്ങള്‍ ബാക്കിയാക്കിയാണ് 88ാം വയസ്സില്‍ ജാനകിയമ്മ വിടപറയുന്നത്. മനസു നിറയെ പാടി... ശ്രോതാക്കളുടെ മനസ്സുനിറച്ച് എസ്.ജാനകി മടങ്ങുമ്പോള്‍ പ്രാര്‍ഥനയോടെ കൈകൂപ്പുന്നു മലയാളം.

ENGLISH SUMMARY:

S. Janaki's legendary voice touched millions, making her a household name and an icon of Indian playback singing. Her vast repertoire of songs in multiple languages continues to resonate with audiences across generations