മൂക്കുത്തിയും പണവും കവരാൻ വേണ്ടി പാലക്കാട് വടകരപ്പതിയിൽ വയോധികയെ അതിക്രൂരമായി കൊലപ്പെടുത്തി. വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു. 66കാരിയായ സരസാൾ ആണ് കൊല്ലപ്പെട്ടത്. കേസിൽ അയൽവാസിയായ യുവാവ് പിടിയിലായി. കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 17കാരനും കസ്റ്റഡിയിലുണ്ട്.

അൽവാസിയായ സരസാളിനെ പ്രതി ഉദയകുമാറിൻ്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആയിരുന്നു അതിക്രൂരമായ കൊലപാതകം. വയോധികയുടെ മൂക്കുത്തിയും കയ്യിലെ പണവും തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. സരസാളിനെ ആദ്യം തലയ്ക്കടിച്ച് വീഴ്ത്തി. മരണം ഉറപ്പിക്കാൻ വടിവാൾ കൊണ്ട് കഴുത്തിൽ വെട്ടി. തുടർന്ന് മൃതദേഹം ശുചിമുറിയിലെ ഡ്രമ്മിൽ ഇട്ട് കത്തിച്ചശേഷം ചാക്കിൽ കെട്ടി വീടിന് പിന്നിൽ കുഴിച്ചിടുകയായിരുന്നു. കഴിഞ്ഞ മാസം 12നാണ് ഇവരെ കാണാതായത്. മക്കൾ നൽകിയ പരാതിക്ക് പിന്നാലെ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിയുന്നത്. പ്രതിയെ സഹായിച്ചു എന്ന് സംശയിക്കുന്ന 17കാരനെയും  പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ചാക്കിൽ കെട്ടിയ മൃതദേഹം വീടിന് പിന്നിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇനി ഇത് ശാസ്ത്രീയ പരിശോധനയിൽ സരസാളിൻ്റെതാണെന്ന് സ്ഥിരീകരിക്കണം. പ്രതികൾക്ക് മോഷണം അല്ലാതെ മറ്റ് ഉദ്ദേശം ഉണ്ടായിരുന്നോ എന്നതും കേസിൽ 17കാരൻ്റെ പങ്കും പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.

ENGLISH SUMMARY:

Palakkad murder reveals a brutal crime where an elderly woman was killed by her neighbor for her nose ring and money. The victim was cremated and buried in her backyard, and the suspect has been apprehended by the police