എറണാകുളം പെരുമ്പാവൂരിലെ പരസ്യ ലഹരി കച്ചവടവും, ഉപയോഗവും മനോരമ ന്യൂസ് തുറന്നുകാട്ടിയതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ നേരിട്ടെത്തിയത്. ഓപറേഷന് തൂഫാന് തുടക്കമിട്ടതോടെയാണ് മനോരമ ന്യൂസ് പെരുമ്പാവൂരിലേക്ക് ക്യാമറ തിരിച്ചുവച്ചത്. ലഹരിയുെട അതിനിഗൂഡമായതും പരസ്യമായതുമായ വ്യാപനത്തെ ഇഴകീറി പരിശോധിച്ച് ദൃശ്യങ്ങള്‍ സഹിതം സംപ്രേഷണം ചെയ്ത എണ്ണം പറഞ്ഞ റിപ്പോര്‍ട്ടുകള്‍. സമൂഹത്തിന്റെ സാമാന്യ യുക്തിയെ വരെ തകിടം മറിച്ച് ഒരു തലമുറയുടെ സ്വബോധത്തെ കീഴ്മേല്‍ മറിക്കുന്ന മനുഷ്യരാശിയുെട അന്തകനാവുന്ന ലഹരിയുടെ വ്യാപനത്തെ തടയുക എന്നതായിരുന്നു ഓപ്പറേഷന് തൂഫാനിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള ഇടുങ്ങിയ വഴികളില്‍ മനോരമ ന്യൂസ് കൂടി കൈകോര്‍ത്തതിന്റെ പ്രതിഫലനമാണ് ഇന്നിപ്പോ പെരമ്പാവൂരിലേക്ക് ആഭ്യന്തര മന്ത്രിയെ നേരിട്ടെത്തിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ലഹരിക്ക് എതിരായുള്ള മനോരമ ന്യൂസ് ലൈവത്തണിലായിരുന്നു പെരുമ്പാവൂരിലെ സാഹചര്യം മനസിലാക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞത്. ലഹരിക്കെതിരെ 1000 പേര് അണിനിരക്കുന്ന റാലിയിൽ പങ്കെടുത്ത ആഭ്യന്തര മന്ത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലെത്തി തൂഫാൻ പതാക ഉയർത്തി.പിന്നീട് ഫൈൻ ആർട്സ് ഹാളിലെ പൊതു സമ്മേളനം. ഭായ് കോളനിയിലെത്തി ലഹരിക്ക് എതിരെ അതിഥി തൊഴിലാളികളെ ബോധവല്കരിച്ചു രമേശ് ചെന്നിത്തല. പെരുമ്പാവൂരിലെ ഞട്ടിക്കുന്ന ലഹരി ഇടപാടുകളുകളാണ് മനോരമ ന്യൂസ് അന്വേഷണം ലഹരി വേണ്ട ഭായിലൂടെ ലോകം കണ്ടത്. ലഹരികച്ചവടത്തിന്റെ കാണാപ്പുറങ്ങള്‍ കഴിഞ്ഞ നാല് ദിവസങ്ങളില്‍ വിവിധ വാര്‍ത്തകള്‍ വഴി മനോരമ ന്യൂസ് ലോകത്തെ അറിയിച്ചത്
ഓപ്പറേഷന് തൂഫാന് വീശിപ്പോയശേഷം പെരുമ്പാവൂരിൽ വീണ്ടും ലഹരി മാഫിയ തലപ്പൊക്കിയപ്പോഴായിരുന്നു മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ അനന്തു രാമചന്ദ്രന്റെ നേതൃത്തില്‍ ടീം മനോരമ ന്യൂസ് അന്വേഷണ വഴികളിലേക്ക് ക്യാമറയുമായി ഇറങ്ങിത്തിരിച്ചത്. ലഹരി ഉപയോഗവും കച്ചവടവും പട്ടാപ്പകല്‍ പരസ്യമായി നിര്‍ലോഭം തുടരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. അതിഥിത്തൊഴിലാളികളാണ് ലഹരിയുടെ കണ്ണികളില്‍ ഏറെയും. കഞ്ചാവു മുതല്‍ സിന്തറ്റിക് ലഹരിവരെ പെരുമ്പാവൂരില്‍ ഒഴുകുന്ന കാഴ്ച. മാരകലഹരി വസ്തുക്കൾ ഉപയോഗിച്ച് ബോധം നഷ്ടപ്പെട്ടവരാണ് ഈ കിടക്കുന്നത് . ലഹരിയുടെ തീവ്രത ശരീരത്തിൽ കുറയുന്നതിന് അനുസരിച്ച് വീണ്ടും സാധനം എത്തിച്ചു കൊടുക്കാൻ ആളുകൾ തയ്യാർ, ചെറിയ പൊതി കഞ്ചാവിന് 500 രൂപയാണ്. രക്തധമനികളിലേക്ക് ലഹരി കുത്തിവയ്ക്കുന്നവരും ഏറെ. നിമിഷ നേരം കൊണ്ട് കച്ചവടം വീണ്ടും സജീവം. ലഹരിയുടെ മത്തിൽ അലഞ്ഞുതിരിയുന്നവരാണ് പലരും , ബോധം പോലുമില്ല. പെരുമ്പാവൂരിലെ ലഹരിയുടെ പേരില്‍ ഇതരസംസ്ഥാന തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നവര് ഓര്‍ക്കുക – ചെല്ലും ചെലവും കൊടുത്ത് ഈ ലഹരി വ്യാപാരം വളര്‍ത്തുന്നതിനു പിന്നില്‍ നാട്ടുകാരായുള്ളവരും ഉണ്ട്.
പെരുമ്പാവൂരിലെത്തിയ ആഭ്യന്തര മന്ത്രി ലഹരിക്കെതിരെ കര്‍മസേന രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ലഹരി കേസ് പ്രതികൾ ജാമ്യത്തിലിറങ്ങുന്നത് തടയാൻ NDPS നിയമത്തിൽ ദേഭഗതിക്കായി പാർലമെന്റിൽ ഇടപെടൽ നടത്താൻ ബെന്നി ബഹനാൻ എം പിയെ ആഭ്യന്തര മന്ത്രി ചുമതലപ്പെടുത്തി. ലഹരി വ്യാപനം തടയാൻ പെരുമ്പാവൂരിൽ കൂടുതൽ പൊലീസിനെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല. സിനിമ മേഖലയിലേക്കും പരിശോധന വ്യാപിപിക്കും. തൂഫാൻ ബാഡ്ജ് വിതരണം ചെയ്തും, നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി പെരുമ്പാവൂരിനെ ലഹരി വിമുക്തമാക്കുമെന്ന് ഉറപ്പിച്ചാണ് ആഭ്യന്തര മന്ത്രിയുടെ മടക്കം.