ലഹരി എന്ന വിപത്തിനായി എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കുകയാണ്. ഒറ്റമാസം കൊണ്ട് ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങിയത് അയ്യായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊമ്പത് ലഹരി ഇടപാടുകാരാണ്. മൂന്നര കിലോ എം.‍‍ഡി.എം.എയും നാനൂറ്റി ഇരുപത് കിലോ കഞ്ചാവും ഇതിനകം പിടികൂടി കഴിഞ്ഞു. ലഹരിക്കെതിരെ പലഘട്ടങ്ങളില്‍ പല തരത്തിലുള്ള ഓപ്പറേഷനുകള്‍ കേരള പൊലീസ് നടത്തിയത് നമ്മള്‍ കണ്ടിട്ടുണ്ട്. മഞ്ഞുമലയുടെ അറ്റമെന്നോണം പലതും പാതിവഴിയില്‍ നില്‍ക്കുന്നതാണ് നമ്മള്‍ കണ്ടിട്ടുള്ളത്. പക്ഷെ, ഇത്തവണ സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന ആദ്യ സര്‍ജിക്കല്‍ സ്ട്രൈക്കിനാണ് ആഭ്യന്തരമന്ത്രിയുടെ ഈ ഓപ്പറേഷന്‍ ലക്ഷ്യം വയ്ക്കുന്നത്.

ദീര്‍ഘനാളായി കേരളം ആഗ്രഹിക്കുന്ന ദൗത്യത്തിനാണ് മേയ് 23ന് മന്ത്രി ആഹ്വാനം െചയ്തത്. ഇതുവരെ 5210 കേസുകളാണെടുത്തത്. ഇതിലായി ലഹരി കടത്തുകാരും വില്‍പ്പനക്കാരുമായി 5579 പേര്‍ പിടിയിലായി. ഇവരില്‍ നിന്ന് മൂന്നരക്കിലോ എം.ഡി.എം.എ പിടികൂടി. കേരളത്തിലേക്കുള്ള എം.ഡി.എം.എയുടെ ഉറവിടം ബംഗളൂരുവും കഞ്ചാവിന്‍റെ കേന്ദ്രം ആന്ധ്രയുമെന്നാണ് കണ്ടെത്തല്‍. പെരുമ്പാവൂര്‍ മാറംമ്പള്ളിയില്‍ 18 കോടിയുടെ ഹൈബ്രിഡ്  കഞ്ചാവ് കടത്താന്‍ കൊച്ചി വിമാനത്താവളത്തിനുള്ളില്‍ നിന്ന് പ്രതികള്‍ക്ക് മൂന്ന് തവണ സഹായം ലഭിച്ചതായി പൊലീസ് കണ്ടെത്തിയത് കഴിഞ്ഞദിവസമാണ് 

തായ് ലാന്‍ഡിലെ ബാങ്കോക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചൈനീസ് ലഹരി മാഫിയയുടെ കേരളത്തിലെ പ്രധാന വിതരണക്കാരായ ആയുഷ്,  ഭാര്യ അനിക എന്നിവരില്‍  നിന്നാണ് പൊലീസ്  രാജ്യാന്തര ലഹരി സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് ഇവര്‍ക്ക് വില്‍പനക്കായി എത്തിച്ചത് മൂന്ന് തവണയായി കൊച്ചി വിമാനത്താവളം വഴിയാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അടക്കം സഹായം കഞ്ചാവ് കടത്താന്‍ ലഭിച്ചിട്ടുണ്ടെന്നാണ്  പൊലീസ് നിഗമനം . അറസ്റ്റിലായവരെ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ചോദ്യം ചെയ്യുന്നതോടെ ഇതില്‍ വ്യക്തത വരും. പാലക്കാട് സ്വദേശിയായ അബു താഹിറാണ് തായ് ലാന്‍ഡില്‍  നിന്നുള്ള ഹൈബ്രിഡ് കഞ്ചാവ് കടത്ത് നിയന്ത്രിച്ചിരുന്നത്. ഇയാളെ ബെംഗളുരുവില്‍ നിന്നാണ് എറണാകുളം റൂറല്‍ എസ്.പി കെ.എസ് സുദര്‍ശനന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. താഹിറില്‍ നിന്ന്  രാജ്യാന്തര ലഹരി സംഘങ്ങളെ പറ്റി വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. തായ് ലന്‍റിലേക്ക്  വിസിറ്റിങ്ങ് വീസയില്‍ ആളുകളെ കയറ്റിവിടാനും ഇവര്‍ വഴി കഞ്ചാവ് എത്തിക്കാനുമായി സഹായിച്ചിരുന്ന ഒറ്റപ്പാലം സ്വദേശിയായ ഹരികൃഷ്ണനെയും പൊലീസ് പിടികൂടിയിരുന്നു . 18 കിലോ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കാന്‍ കാരിയറായി പ്രവര്‍ത്തിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പ്രജിത്ത് കഞ്ചാവ് വിതരണത്തിനായി സഹായിക്കുന്ന ശ്രീജേഷ്,സ‍ഞ്ജയ് എന്നിവര്‍ ഉള്‍പ്പെടെ കേസില്‍ ഇതുവരെ അറസ്റ്റിലായത് ഏഴ് പേരാണ്. സമീപകാലത്ത് നടന്ന് ഏറ്റവും വലിയ വേട്ടയാണ്. ഇതുവഴി ലഹരിയുടെ ഉറവിടത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്. ദക്ഷിണേന്ത്യയിലെ ഡി.ജി.പിമാരുമായി ചേര്‍ന്ന് അവിടേക്കുള്ള അന്വേഷണം വ്യാപിപ്പിക്കുകയാണ് അടുത്തലക്ഷ്യം.

മനോരമ ന്യൂസും ഈ ദൗത്യത്തിന്റെ ഭാഗമായി. ലഹരി ഇടപാടുകളുടെ പലവഴികള്‍ കാണിച്ചു. പെരുമ്പാവൂരില്‍ ദീര്‍ഘനാളായി കേള്‍ക്കുന്ന ലഹരിമാഫിയയുടെ വാര്‍ത്തകള്‍ പുറത്തുവിട്ടു. ലഹരി ഉപയോഗവും കച്ചവടവും പട്ടാപ്പകല്‍ പരസ്യമായി നിര്‍ലോപം തുടരുന്നതായി മനോരമ ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. കഞ്ചാവ് മുതല്‍ സിന്തറ്റിക് ലഹരിവരെ പെരുമ്പാവൂരില്‍ ഒഴുകുന്നുവെന്ന് അടിവരയിട്ട് സര്‍ക്കാരിന് കാണിച്ചു. 

ലഹരിയുടെ തീവ്രത ശരീരത്തിൽ കുറയുന്നതിന് അനുസരിച്ച് വീണ്ടും സാധനം എത്തിച്ചു കൊടുക്കാൻ ആളുകൾ ക്യൂ നില്‍ക്കുകയായിരുന്നു അവിടെ. ലഹരി സുഗമമായി ലഭ്യമാകുന്ന സ്ഥലമായി പെരുമ്പാവൂര്‍ മാറുന്നുവെന്ന് പ്രേക്ഷകരിലേക്ക് എത്തിച്ചു. അതിഥി തൊഴിലാളികളിൽ തന്നെ ചെറിയ ഡീലർമാരുണ്ട്. കവറിൽ ലഹരി വസ്തുക്കളും നിറച്ചാണ് നടപ്പ്. ആവശ്യക്കാരെ കണ്ടാൽ സ്പോട്ടില്‍ തന്നെ കച്ചവടം.പെരുമ്പാവൂർ മാർക്കറ്റ് പരിസരത്തെ ചെറുകച്ചവടക്കാരുടെ ഇടയില്‍ ലഹരി ഡീലര്‍മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ഉണക്കമീൻ കച്ചവടത്തിന്‍റെ  മറവിൽ പോലും ലഹരിവില്‍പ്പനയാണ്. 

ലൈംഗിക വൃത്തിയേലേര്‍പ്പെടുന്ന സ്ത്രീകളെ കാരിയര്‍മാരായി ഉപയോഗിക്കുന്നു എന്നും മനോരമ ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പെരുമ്പാവൂരിലെ ഭായ് മാര്‍ക്കറ്റില്‍ നിന്ന് ലഹരി വസ്തുക്കള്‍  വാങ്ങാന്‍ മലയാളികളും വരുന്നുണ്ട്. ലഹരി കേസില്‍ പ്രതികളായിട്ടുള്ളവര്‍ പോലും പെരുമ്പാവൂരില്‍ എത്തി ലഹരി വസ്തുക്കള്‍ വാങ്ങി പോകുന്നു, കഞ്ചാവും ഹെറോയിനുമാണ് പ്രധാന കച്ചവടം. പെരുമ്പാവൂരിലെ ലഹരി കച്ചവടം ഇതര സംസ്ഥാനക്കാരെ മാത്രം ഉദേശിച്ചല്ലെന്ന് വ്യക്തം. ലഹരി വാങ്ങാനും ഇടനിലയ്ക്കും നമ്മുടെ നാട്ടുകാരുമുണ്ട്. അടിവേര് എവിടെ വരെയെന്നാണ് ഇനി അറിയേണ്ടത്. 

Operation ThooFan: Kerala's Massive Drug Bust:

Operation ThooFan is a significant crackdown on drug trafficking in Kerala, leading to the arrest of thousands of individuals and the seizure of large quantities of drugs like MDMA and cannabis. This coordinated effort aims to dismantle drug networks operating within and outside the state, with investigations extending to international sources