ഒരു പൗരസമൂഹമെന്ന നിലയില്‍ മലയാളി എന്തുമാത്രം മുന്നോട്ട് പോയിട്ടുണ്ട് എന്നത് ഇന്നും ഒരു ചോദ്യമാണ്. പലപ്പോഴും എന്തെങ്കിലും ഒരു ദൗര്‍ഭാഗ്യകരമായ കാര്യം സംഭവിച്ചു കഴിയുമ്പോഴാണ് ഈ ചോദ്യം വീണ്ടും ഉയരുന്നത്. അതൊരു പക്ഷേ നമ്മുടെ നാട്ടില്‍, വീട്ടകങ്ങളില്‍, പീഡനങ്ങള്‍ക്കു പിന്നാലെ ഒരു സ്ത്രീ, ജീവന്‍ സ്വയം വേണ്ടെന്ന് വയ്ക്കുമ്പോഴായിരിക്കും.
സമസ്തമേഖലയിലും ഒരു കേരള മോഡല്‍ എന്ന് അഭിമാനത്തോടെ പറയാവുന്ന ഒരു നാട്ടില്‍ എന്തുകൊണ്ടാവാം വിവാഹവും അതിനോടനുബന്ധിച്ച് സ്ത്രീധനവും ഭര്‍തൃപീഡനവും മറ്റും ഉണ്ടാവുന്നത്? തിരുവനന്തപുരം ചിറമുക്കില്‍ വാടകവീട്ടില്‍ തൂങ്ങിമരിക്കാന്‍ ആരതിയെന്ന യുവതി തീരുമാനമെടുക്കുന്ന ആ നിമിഷത്തെപ്പറ്റി ഒന്നോര്‍ത്താല്‍ മനസിലാവും എത്രയെത്ര അനുഭവങ്ങളുടെ ആധിക്യമുണ്ടായാലും മനുഷ്യരെ മനസിലാക്കാന്‍ മനുഷ്യന്‍ പലപ്പോഴും മറന്നുപോകുന്നു എന്ന കാര്യം. കല്യാണം കഴിഞ്ഞ് പറഞ്ഞയച്ചാല്‍ ചിലതൊക്കെ അനുഭവിക്കേണ്ടിവരുമെന്നും പതിയെ എല്ലാം ശരിയാകുമെന്നുമുള്ള ആശ്വാസ പറച്ചിലുകള്‍ക്ക് ഒരു മാറ്റവും സംഭവിക്കാത്തത് എന്തുകൊണ്ടാണാവോ..? ഒട്ടും സുരക്ഷിതമോ മനുഷ്യത്വമോ ഇല്ലാത്ത ഇടങ്ങളാണ് മലയാളിയുടെ പല വീട്ടകങ്ങളുമെന്ന് വീണ്ടും ഉറക്കെ പറയുകയാണ് ആരതി.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം ആറ്റുകാലില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വര്‍ക്കല സ്വദേശി ഇരുപത്തിയാറുകാരി ആരതി ആണ് മരിച്ചത്. ഭർതൃപീഡനമെന്ന് യുവതിയുടെ കുടുംബം പരാതിപ്പെട്ടു. ഭര്‍ത്താവ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതിന്‍റെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു തിരുവനന്തപുരം ചിറമുക്കിലെ വാടക വീട്ടില്‍ ആരതി തൂങ്ങിമരിച്ചത്. ആ നേരത്ത് ആരതിയുടെ ശരീരത്തില്‍ പതിമൂന്ന് മുറിവുകളുണ്ടായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.