Image Credit : Twitter
മധ്യപ്രദേശില്‍ ചത്ത പശുവിന്റെ ജഡം റോഡിലൂടെ കെട്ടിവലിച്ച് കൊണ്ടുപോയ സംഭവത്തില്‍ സൈബറിടത്ത് വ്യാപകവിമര്‍ശനം. ജഡമാണെങ്കിലും ആ മൃഗത്തോട് സാമാന്യനീതി പുലര്‍ത്താത്ത നടപടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് സൈബര്‍ലോകത്തിന്‍റെ ആവശ്യം. ഒരു മുനിസിപ്പൽ മാലിന്യ ശേഖരണ വാഹനത്തിൽ ചത്ത പശുവിന്റെ ജഡം കെട്ടിവലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സംഭവത്തില്‍ നാട്ടുകാരും ഗോസംരക്ഷണ സംഘങ്ങളും രാഷ്ട്രീയ ഹിന്ദു സേനയിലെ അംഗങ്ങളും ശക്തമായ വിമർശനവുമായി രംഗത്തെത്തി.
മധ്യപ്രദേശിലെ ബേതുൽ ജില്ലയിലുള്ള ജല്ലാർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പരത്വട റോഡിൽ വെച്ച് അജ്ഞാത വാഹനം ഇടിച്ചതിനെത്തുടർന്നാണ് പശു ചത്തത്. എന്നാല്‍ പശുവിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാനോ പശുവിനെ സംസ്കരിക്കാനോ തയാറായി ആരും തന്നെ മുന്നോട്ടുവന്നില്ല. തുടര്‍ന്ന് 2 ദിവസമാണ് റോഡരികില്‍ പശുവിന്‍റെ ജഡം പുഴുവരിച്ച് കിടന്നത്. ജഡം ജീര്‍ണിച്ച് ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെ ശുചിത്വ തൊഴിലാളികൾ വന്ന് ജഡം കൊണ്ടുപോകുകയായിരുന്നു. ചത്ത പശുവിനെ കയറിൽ കെട്ടി മാലിന്യ ശേഖരണ വാഹനത്തിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഇക്കാര്യങ്ങള്‍ നടക്കുന്നതിനിടെ അതുവഴി കടന്നുപോയ ഒരാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. തിങ്കളാഴ്ച ഈ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതോടെ വീഡിയോ വൈറലാവുകയും പൊതുജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമുയരുകയും ചെയ്തു. അതേസമയം മൃതദേഹം കൊണ്ടുപോകാൻ ട്രാക്ടറോ മറ്റ് പര്യാപ്തമായ വാഹനങ്ങളോ അടിയന്തരമായി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്രകാരം ചെയ്യേണ്ടിവന്നതെന്നാണ് ശുചിത്വ തൊഴിലാളികളുടെ പ്രതികരണം.
രാഷ്ട്രീയ ഹിന്ദു സേന ഉൾപ്പെടെയുള്ള നിരവധി പ്രാദേശിക സംഘടനകൾ ഈ സംഭവത്തെ അപലപിച്ചു. മൃഗത്തോട് കാണിച്ച ഈ നടപടി ക്രൂരതയാണെന്ന് സ്റ്റേറ്റ് പ്രസിഡന്റ് ദീപക് മാൽവിയ വിശേഷിപ്പിച്ചു. ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കോ ജീവനക്കാർക്കോ എതിരെ നിഷ്പക്ഷമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു.