അറബിക്കടൽ വീണ്ടും ചോരക്കളം. ഒമാൻ തീരത്ത് എണ്ണക്കപ്പലുകൾക്കുനേരെ യുഎസ് ആക്രമണം തുടരുന്നു. മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ചരക്ക് കപ്പലുകൾക്കെതിരായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.
ഒമാൻ തീരത്തിന് സമീപം രാജ്യാന്തര സമുദ്രപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന വാണിജ്യ കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. യുഎസ് യുദ്ധവിമാനത്തില്‍നിന്നുള്ള മിസൈലേറ്റ് കപ്പല്‍ ഭാഗികമായി തകര്‍ന്നു. ഈ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരായ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്രഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് 21 ഇന്ത്യക്കാരെ രക്ഷപെടുത്തി. ഡൽഹിയിലെ യുഎസ് എംബസി നയതന്ത്രസ്ഥാനിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. വിഷയം യുഎന്നിലും ഇന്ത്യ ഉന്നയിച്ചു. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു.