നിതിന്‍ മരണമടഞ്ഞ് ദിവസങ്ങള്‍ പിന്നിടുംമ്പോഴും പ്രതിഷേധങ്ങള്‍ ശക്തമായി തന്നെ തുടരുകയാണ്. ഒരോ ദിനവും കടന്നുപോകുമ്പോഴും കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ കൂടുതല്‍ അധ്യാപകര്‍ക്കെതിരെ പരാതി ഉയരുകയാണ്. ഇന്നിതാ, വിദ്യാര്‍ഥികളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പ്രത്യേക മെയില്‍ ഐ.ഡി തയാറാക്കി രംഗത്ത് വന്നിരിക്കുകയാണ് കോളജ് വിദ്യാർഥി യൂണിയൻ. അധ്യാപകർക്കെതിരെ ഇതുവരെ ലഭിച്ചത് 150ലേറെ പരാതികളാണ്. കഴിഞ്ഞ ദിവസമാണ് ഏതെല്ലാം അധ്യാപകര്‍ക്കെതിരെ പരാതി നല്‍കണമെന്ന് തീരുമാനിക്കാന്‍ വിദ്യാര്‍ഥികള്‍ വാട്സാപ് ഗ്രൂപ്പില്‍ പോള്‍ നടത്തിയത്. ചില അധ്യാപകര്‍ക്കെതിരെ പരാതി നല്‍കണമെന്ന് നൂറിലേറെ വിദ്യാര്‍ഥികളാണ് അന്ന് അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് മെയില്‍ വഴിയും പരാതി സ്വീകരിക്കുന്നത്. പരാതി നല്‍കുന്നതില്‍ മാത്രം ഒതുങ്ങില്ല തങ്ങളുടെ പ്രതിഷേധമെന്ന് വിദ്യാര്‍ഥികള്‍ ഇന്ന് തെളിയിച്ചു.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ നിലവില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മാത്രമല്ല, പൂര്‍വവിദ്യാര്‍ഥികളും പരാതിയുമായി രംഗത്തെത്തുന്നുണ്ട്. നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോളജ് അലുമിനി അസോസിയേഷൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചു. വിദ്യാര്‍ഥികള്‍ക്കും പൂര്‍വവിദ്യാര്‍ഥികള്‍ക്കും മാത്രമല്ല പരാതിയുള്ളത്. തങ്ങളുടെ മുന്നില്‍വച്ച് അധ്യാപകര്‍ മക്കളെ അധിക്ഷേപിച്ചെന്ന ആരോപണവുമായി രക്ഷിതാവും രംഗത്തെത്തി. നിതിന് നീതിതേടി പ്രതിഷേധം അലയടിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിഞ്ഞത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.