പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്‌ടർ നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുൻപിൽ അനിശ്ചിതകാല സമരവുമായി റാങ്ക് ഹോൾഡേഴ്സ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാർഥികളാണ് പ്രതിഷേധിക്കുന്നത്. പഞ്ചായത്തുകളിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടര്‍മാരുടെ സ്ഥിരം തസ്‌തികകൾ സൃഷ്ടിക്കുക, താൽക്കാലിക നിയമനം നീട്ടി നൽകുന്നത്‌ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

2022ൽ ഗ്രാമപഞ്ചായത്തുകളിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ഒഴിവുകൾ സൃഷ്ടിച്ചശേഷമുള്ള ആദ്യത്തെ പിഎസ്‌സി റാങ്ക് പട്ടികയാണ് കഴിഞ്ഞവർഷം പുറത്തുവന്നത്. അത്രയും നാൾ താൽകാലിക ജീവനക്കാർ കൈവശം വെച്ചു പോന്നിരുന്ന ഒഴിവുകൾ പിഎസ്‌സിക്ക് വിടുകയും അതുവഴി 941 പഞ്ചായത്തുകളിൽ തൊഴിലവസരമുണ്ടാകുമെന്നും കരുതിയിരുന്ന ഉദ്യോഗാർഥികളുടെ സ്വപ്നങ്ങൾ പക്ഷേ തെറ്റി.

ഈ ഒരു വർഷത്തിനിടെ ആകെ നിയമനം ലഭിച്ചത് 50ൽ താഴെ പേർക്ക് മാത്രം. ആലപ്പുഴ ജില്ലയിൽ ഒന്നാം റാങ്കുകാരന് പോലും ജോലി ലഭിച്ചിട്ടില്ല. സെക്രട്ടറിയേറ്റിനു മുന്നിൽ തുടരുന്ന അനിശ്ചിതകാല സമരം 15 ദിവസം പിന്നിട്ടു.

പഞ്ചായത്ത് ഭരണസമിതിക്ക് ഇഷ്ടമുള്ളവരെ തന്നെ താൽക്കാലിക ജോലിയിൽ തുടരാൻ അനുവദിക്കാമെന്ന ഉത്തരവാണ് തിരിച്ചടിയായത്. 179 ദിവസം കഴിഞ്ഞാൽ ഒരു താൽക്കാലിക ജോലിക്കാരന് തുടർച്ചയായി ജോലി നൽകാൻ പാടില്ല എന്നുള്ള നിയമം സർക്കാർ കാറ്റിൽ പറത്തുന്നെന്ന് ഉദ്യോഗാർഥികൾ.

ENGLISH SUMMARY:

Public Health Inspector recruitment delay has sparked an indefinite protest by PSC rank holders in front of the Kerala Secretariat. The agitated candidates are demanding immediate permanent appointments and the termination of temporary staff in panchayats.