ഡോ. വന്ദന ദാസിനെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കേരളം നടുങ്ങിയ കുറ്റകൃത്യത്തിലെ ശിക്ഷാവിധി കേട്ട് വന്ദനയുടെ മാതാപിതാക്കള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞപ്പോള്‍ ഭാവവ്യത്യാസമൊന്നും ഇല്ലാതെ പ്രതി ശിക്ഷാവിധി കേട്ടുനിന്നു. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടര്‍ കൊല്ലപ്പെടുന്നത്. തങ്ങളുടെ മകളെ അകാരണമായി, അതീക്രൂരമായി കുത്തിക്കൊന്ന കൊടുംപ്രതിക്ക് ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്നായിരുന്നു വന്ദനയുടെ മാതാപിതാക്കളുടെ പ്രതികരണം. ശിക്ഷ വര്‍ധിപ്പിക്കുന്നതിനായി അപ്പീല്‍ നല്‍കുമെന്ന് പ്രോസ്ക്യൂഷന്‍ അറിയിച്ചു. കുടുംബം പ്രതീക്ഷിച്ച ശിക്ഷ പ്രതിക്ക് ലഭിച്ചില്ലെങ്കിലും വന്ദനയ്ക്ക് നീതി കിട്ടിയ ദിവസമാണ് ഇന്ന്.

2023 മേയ് 10ന് പുലര്‍ച്ചെയാണ് അതിദാരുണമായ ആ സംഭവം നടന്നത്. വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാലിന് പരുക്കേറ്റ വെളിയം കുടുവട്ടൂര്‍ സ്വദേശി സന്ദീപിനെ പ്രാഥമിക ചികില്‍സയ്ക്കും വൈദ്യപരിശോധനയ്ക്കുമായി പൂയപ്പള്ളി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെ ഡ്രസിങ് റൂമില്‍ മുറിവ് കെട്ടുന്നതിനിടെ സന്ദീപ് ആക്രമാസക്തനായി. മുന്നിലുണ്ടായിരുന്നവരെ മര്‍ദിച്ച പ്രതി തൊട്ടടുത്തിരുന്ന സര്‍ജിക്കല്‍ കത്രിക്ക കൈക്കലാക്കി. അടുത്തുണ്ടായിരുന്ന പൊലീസുകാരെയും സഹായികളെയും മര്‍ദിക്കാന്‍ തുടങ്ങി. പെട്ടെന്നുണ്ടായ ആക്രമണത്തിന്റെ ഭീതിയില്‍ ഡ്രസിങ് റൂമില്‍ നിന്ന് എല്ലാവരും ഓടി പുറത്തിറങ്ങി. എന്നാല്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനാദാസിന് തിരക്കിനിടയില്‍ അവിടെനിന്ന് രക്ഷപെടാനായില്ല. മുറിയില്‍ നിന്ന് പുറത്തേക്ക് ഓടാന്‍ വന്ദന ശ്രമിച്ചെങ്കിലും പ്രതി സന്ദീപ് തടഞ്ഞു. തുടര്‍ന്ന് നേരത്തെ കൈക്കലാക്കിയ കത്രിക ഉപയോഗിച്ച് വന്ദനയെ അതിക്രൂരമായി കുത്തി പരുക്കേല്‍പ്പിച്ചു. പ്രതിയെ ഉടന്‍തന്നെ പൊലീസും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് കീഴ്പ്പെടുത്തി. നെഞ്ചിലും കഴുത്തിലും ഉള്‍പ്പടെ ഗുരുതരമായി പരുക്കേറ്റ വന്ദനയെ ഉടന്‍തന്നെ വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേരളം ഒന്നാകെ ഞെട്ടിയ കൊലപാതകമായിരുന്നു ഡോ. വന്ദനാദാസിന്റെത്. ഡ്യൂട്ടിക്കിടെ യുവ വനിതാ ഡോക്ടര്‍, ചികില്‍സയ്ക്കായി പൊലീസ് എത്തിച്ച ആളില്‍ നിന്ന് മര്‍ദനമേറ്റ് മരിക്കുന്ന സാഹചര്യം. ലോക്കല്‍ പൊലീസ് അന്വേഷണം തുടങ്ങിയ കേസ് ഉടന്‍തന്നെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 70ലേറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകള്‍ ഹാജരാക്കി. സംസ്ഥാനത്ത് ഏറ്റവുമധികം ഡോക്ടര്‍മാരെ സാക്ഷികളായി വിസ്തരിച്ചതും ഏറ്റവുമധികം മെഡിക്കല്‍ പുസ്തകങ്ങള്‍ വിചാരണയ്ക്കായി ഹാജരാക്കിയതും ഈ കേസിലാണ്. പ്രതിക്ക് മാനസിക ബുദ്ധിമുട്ടുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പൊളിക്കാനായിരുന്നു ഇത്രയേറെ പുസ്തകങ്ങള്‍ വിസ്തരിച്ചത്. സംഭവം നടക്കുമ്പോള്‍ കാഷ്വാല്‍റ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബില്‍ ഉള്‍പ്പടെ 35 ഡോക്ടര്‍മാര്‍ സാക്ഷികളുമായി.

കൃത്യത്തിന് തൊട്ടുമുന്‍പ് പ്രതി സന്ദീപ് സ്വന്തം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളും തെളിവായി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു. പ്രതിക്ക് മാനസിക ബുദ്ധിമുട്ടുണ്ടെന്നും ചികില്‍സ തേടുന്നുണ്ടെന്നും വാദിക്കാന്‍ പ്രതിഭാഗം ശ്രമം നടത്തിയിരുന്നു. അതിലൂടെ ശിക്ഷയില്‍ ഇളവ് നേടാനായിരുന്നു ശ്രമം. മാനസിക ബുദ്ധിമുട്ട് നേരിടുന്ന പ്രതി കഴിക്കുന്ന മരുന്നുകള്‍ എന്നപേരില്‍ പ്രതിഭാഗം ഹാജരാക്കിയ മരുന്നുകളെപ്പറ്റിയും കോടതിയില്‍ ദൈര്‍ഘ്യമേറിയ വാദപ്രത്രിവാദങ്ങള്‍ നടന്നിരുന്നു. ജയിലില്‍ തടവുകാരനായി കഴിയവെ തന്നെ മാനസിക ബുദ്ധിമുട്ട് കാട്ടി ശിക്ഷയില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമം പ്രതി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജയില്‍ ലൈബ്രറിയിലെ മെഡിക്കല്‍ പുസ്തകങ്ങള്‍ പ്രതി വയിക്കുകയും, തുടര്‍ന്ന് തന്നെ പരിശോധിച്ച മനോരോഗ വിദഗ്ധരോട് തനിക്ക് ‘സ്കിസോഫ്രീനിയ’ എന്ന രോഗം ഉണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നെന്നും പ്രോസിക്യൂഷ്യന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഡോക്ടര്‍മാരുടെ മൊഴികളും ഇത് സ്ഥിരീകരിച്ചതോടെ പ്രതിഭാഗത്തിന്റെ നീക്കം പരാജയപ്പെടുകയായിരുന്നു. 

കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊതുപ്രവർത്തകനെ മാരകമായി പരിക്കേൽപ്പിക്കുക, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, അന്യായമായ തടഞ്ഞുവെക്കൽ, സർക്കാർ ഉദ്യോഗസ്ഥനെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുന്നതിനായി ആക്രമിക്കുക, തെളിവ് നശിപ്പിക്കൽ, വധഭീഷണി മുഴക്കൽ, പൊതുപ്രവർത്തകനെ ജോലിയിൽ നിന്ന് പിന്തിരിപ്പിക്കാൻ പരിക്കേൽപ്പിക്കുക തുടങ്ങി ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി സന്ദീപ് കുറ്റക്കാരൻ ആണെന്നാണ് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ജീവപര്യന്തവും വധശ്രമത്തിന് 307-ാം വകുപ്പ് പ്രകാരം 10 വര്‍ഷവും 326–ാം വകുപ്പ് പ്രകാരം 10 വര്‍ഷവും ശിക്ഷ അനുഭവിക്കണം. ആശുപത്രിയിലെ അതിക്രമത്തിന് 5 വര്‍ഷം ശിക്ഷ ലഭിക്കും. വിവിധ വകുപ്പുകള്‍ പ്രകാരം 30 വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷമാകും ജീവപര്യന്തം ആരംഭിക്കുകയെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

മകൾ അനുഭവിച്ച വേദനയ്ക്ക് പൂർണമായും നീതി കിട്ടിയില്ലെന്നായിരുന്നു വന്ദനയുടെ അച്ഛന്റെയും അമ്മയുടെയും പ്രതികരണം. പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നിട്ടും പൊലീസ് എത്തിച്ച പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു; പ്രത്യേകിച്ച് ആരോഗ്യമേഖലയില്‍. ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ആരോഗ്യപ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ സംസ്ഥാനത്തെ ആശുപത്രികളുടെയും അവിടെ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തി. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിന് ശേഷം മൂന്നുവര്‍ഷം ആകാന്‍പോകുമ്പോഴും ഇതിലെ എല്ലാ പ്രഖ്യാപനങ്ങളും നടപ്പിലായിട്ടുണ്ടോ?

തങ്ങളുടെ ഏകമകളുടെ വിയോഗം സൃഷ്ടിച്ച വിടവില്‍ നിന്ന് ഈ മാതാപിതാക്കള്‍ ഇന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. വന്ദനയുടെ ഓര്‍മകള്‍ക്ക് മരണമില്ലെന്നാണ് ഈ മാതാപിതാക്കളുടെ വിശ്വാസം. അതുകൊണ്ടുതന്നെയാണ് ഡോ. വന്ദനയുടെ ഓര്‍മയ്ക്കായി ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ മെഡിക്കല്‍ ക്ലിനിക്ക് ആരംഭിച്ചത്. നിര്‍ധനര്‍ക്ക് മികച്ച ആരോഗ്യസേവനം നല്‍കുകയാണ് ലക്ഷ്യം. മകളുടെ സ്മരണയില്‍ ഡോ. വന്ദനാദാസ് ചാരിറ്റബിള്‍ ട്രസ്റ്റും പ്രവര്‍ത്തിക്കുന്നുണ്ട്. രോഗികള്‍ക്ക് ചികില്‍സാസഹായവും അര്‍ഹരായവര്‍ക്ക് വിദ്യാഭ്യാസസഹായവും നല്‍കുകയാണ് ലക്ഷ്യം. മകളുടെ ഓര്‍മകള്‍ മാത്രം കൂട്ടുള്ള ഈ കുടുംബത്തിനായി, പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനായി അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

ENGLISH SUMMARY:

Dr. Vandana Das was brutally murdered by Sandeep, who has been sentenced to life imprisonment and a fine. This conviction marks a significant moment in Kerala's history, highlighting the urgent need for improved safety measures for healthcare professionals.