പശ്ചിമേഷ്യന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് രൂപപ്പെട്ട എല്‍.പി.ജി പ്രതിസന്ധി രൂക്ഷമായികൊണ്ടിരിക്കുന്നു. ഗ്യാസ് ബുക്ക് ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കുന്ന സാധാരണക്കാരെയും ഗ്യാസ് എന്ന് കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത വാണിജ്യ ഉപഭോക്താക്കളെയും രാജ്യത്തുടനീളം കാണാം. ഏറ്റവും ദുരിതം ഹോട്ടല്‍ മേഖലയിലാണ്. ചെറുകിട, ഇടത്തരം ഹോട്ടലുകള്‍ വ്യാപകമായി പ്രവര്‍ത്തനം നിര്‍ത്തുന്ന സാഹചര്യമാണ് നിലവില്‍. ഇന്നലെവരെ ഏകദേശം 40% ഹോട്ടലുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിയെന്നാണ് ഹോട്ടല്‍ ഉടമകളുടെ സംഘടന പുറത്തുവിടുന്ന കണക്ക്.
പ്രതിസന്ധിക്ക് അയവ് ഉണ്ടാകുന്നില്ലെങ്കില്‍ ഞായറാഴ്ചയോടെ സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകളും അടച്ചിടേണ്ടി വരുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. പാചകവാതകം വാങ്ങാന്‍ പലയിടങ്ങളിലും ആളുകള്‍ ക്യൂ നില്‍കുന്ന കാഴ്ചകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മള്‍ കണ്ടുവരുന്നു. അത്തരത്തില്‍ ക്യൂ നിന്ന വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചെന്ന ദാരുണ വാര്‍ത്തയും പഞ്ചാബില്‍ നിന്ന് നമ്മള്‍ കണ്ടു. അപ്പോഴും പശ്ചിമേഷ്യയില്‍ യുദ്ധത്തിന് യാതൊരു അയവും ഉണ്ടാകുന്നില്ല. അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നത്, ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് രണ്ട് എല്‍.പി.ജി ടാങ്കറുകള്‍ വരുന്നുണ്ടെന്ന വാര്‍ത്തയാണ്.
പാചകവാതക ക്ഷാമം രാജ്യത്ത് രൂക്ഷമായി തന്നെ തുടരുകയാണ്. ഹോട്ടലുകള്‍ക്കും റസ്റ്ററന്‍റുകള്‍ക്കും വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും സംസ്ഥാനത്ത് ഇതുവരെയും വിതരണം കാര്യക്ഷമമായിട്ടില്ല. ചിലയിടങ്ങളില്‍ ആശുപത്രികള്‍ക്കും സ്കൂളുകള്‍ക്കും മാത്രമാണ് കുറച്ചെങ്കിലും സിലിണ്ടര്‍ ലഭിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ വിതരണത്തിന് തടസമില്ലെങ്കിലും ബുക്കിങ്ങിന് പ്രയാസം നേരിടുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതല്‍ ഹോട്ടലുകള്‍ ഇന്ന് പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യമാണ് സംസ്ഥാനത്ത്. കൂടുതല്‍ ഹോട്ടലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും. പ്രതിസന്ധി നേരിടുന്നവരുടെ കൂട്ടത്തില്‍ ഹോസ്റ്റലുകളും ബേക്കറികളും ഉള്‍പ്പടെ വന്‍ വ്യവസായങ്ങളും ഉള്‍പ്പെടുന്നു. സാഹചര്യം അവലോകനം ചെയ്യാന്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇന്ന് യോഗങ്ങള്‍ ചേര്‍ന്നിരുന്നു.
പ്രതിസന്ധികള്‍ക്കിടയിലും ആശ്വാസമേകുന്ന വാര്‍ത്ത ഇന്ത്യന്‍ തീരം ലക്ഷ്യമിട്ട് നീങ്ങുന്ന രണ്ട് എല്‍.പി.ജി ടാങ്കറുകളുമായി ബന്ധപ്പെട്ടുള്ളതാണ്. ഇന്ത്യന്‍ പതാക വഹിക്കുന്ന ഷിവാലിക്, നന്ദാദേവി എന്നീ എല്‍.പി.ജി ടാങ്കറുകളാണ് ഖത്തറില്‍ നിന്ന് പാചകവാതകവുമായി ഹോര്‍മുസ് കടലിടുക്ക് കടന്നത്... യു.എസ് ആക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതായിരുന്നു ഇന്ത്യയില്‍ എല്‍.പി.ജി വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി നടത്തിയ സംഭാഷണത്തിലൂടെയാണ് ഹോർമുസ് മറികടക്കാൻ ഇന്ത്യന്‍ ടാങ്കറുകള്‍ക്ക് പ്രത്യേക ഇളവ് അനുവദിച്ചത്. നാവികസേന പടക്കപ്പലുകളുടെ സംരക്ഷണ വലയത്തിലാണ് ഷിവാലികും നന്ദാദേവിയും ആക്രമണ ഭീഷണി നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് കടന്നത്. ഇതോടൊപ്പം അസംസ്കൃത എണ്ണയുമായി രണ്ട് ടാങ്കറുകള്‍ മുംബൈ തിരത്തേക്കെത്തിയതും ഇന്ത്യയ്ക്ക് ആശ്വാസമാണ്.
സംസ്ഥാനത്തെ ഹോട്ടല്‍-ബേക്കറി വ്യവസായവും വലിയ നഷ്ടങ്ങളാണ് നേരിടുന്നത്. പ്രവര്‍ത്തനം നിര്‍ത്തിയ ഹോട്ടലുകള്‍ നേരിടുന്ന നഷ്ടങ്ങള്‍ മാത്രമല്ല, പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകാന്‍ ഇന്ധനത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടുന്നതിലൂടെയും ഹോട്ടലുകളുടെ ചെലവ് കണക്ക് പെരുകുന്നു. ഹോട്ടലുകളും റസ്റ്ററന്റുകളും മാത്രമല്ല, ഹോസ്റ്റലുകളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ കിട്ടാത്തതിനാല്‍ ഹോസ്റ്റലുകളുടെ അടുക്കളകളും അടച്ചിടേണ്ട സ്ഥിതിയിലാണ്. ദൂരെ നാടുകളില്‍ നിന്ന് ജോലിക്ക് നഗരത്തില്‍ എത്തുന്നവരുടെ ആശ്രയമാണ് ഇത്തരം ഹോസ്റ്റലുകള്‍. അവയുടെ പ്രവര്‍ത്തനമാണ് ഇത്തരത്തില്‍ താറുമാറാകുന്നത്.
ജോലിയിടങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ചില കമ്പനികള്‍ വര്‍ക് ഫ്രം ഹോം രീതിയിലേക്ക് മാറികഴിഞ്ഞു. ടെക്നോപാര്‍ക്കിലെ ഭക്ഷണശാലകളില്‍ പാചകവാതക പ്രതിസന്ധി കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയത് പരിഗണിച്ചാണ് മാറ്റം. പ്രതിസന്ധി തുടര്‍ന്നാല്‍ കൂടുതല്‍ കമ്പനികള്‍ വര്‍ക് ഫ്രം ഹോമിലേക്ക് മാറുമെന്നാണ് സൂചന. പാചകവാതക ക്ഷാമം നേരിട്ട് ബാധിക്കാത്ത ഐ.ടി മേഖല ഇത്തരത്തില്‍ മാറ്റത്തിന് തയാറായെങ്കില്‍, എല്‍.പി.ജി പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി ഊഹിക്കാവുന്നതിലും അപ്പുറമാണ്... എല്‍.പി.ജി ക്ഷാമം മൂലം പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലാണ്. എല്‍.പി.ജി ആവശ്യമായി വരുന്ന ഇരുമ്പുരുക്ക് കമ്പനികള്‍, പ്ലാസ്റ്റിക് ടാങ്ക് നിര്‍മാണ കമ്പനികള്‍, ടയര്‍-പ്ലാസ്റ്റിക് കമ്പനികള്‍ എന്നിവയാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. ഏതാനും ദിവസത്തേക്ക് മാത്രമാണ് ഇനി എല്‍.പി.ജി സ്റ്റോക്ക് ബാക്കിയുള്ളത്. അതുംകൂടി തീര്‍ന്നാല്‍ കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും. യുദ്ധം തുടരുന്ന സാഹര്യത്തില്‍ നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്.
ടെക്നോപാര്‍ക്കിലെന്ന പോലെ കഞ്ചിക്കോട് വ്യവസായ മേഖലയിലും പാചകവാതക ക്ഷാമം ക്യാന്‍റീനുകളെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. അഞ്ഞൂറോളം തൊഴിലാളികള്‍ക്ക് ഭക്ഷണം വിളമ്പുന്ന കമ്പനികളുടെ ക്യാന്‍റീനുകളില്‍ ഗ്യാസ് തീര്‍ന്നുകഴിഞ്ഞു. ഇരട്ടി വിലകൊടുത്ത് വാങ്ങാം എന്ന് വിചാരിച്ചാല്‍ പോലും ഗ്യാസ് കിട്ടാനില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എല്‍.പി.ജി കിട്ടാനില്ലാതെ കമ്പനികള്‍ അടച്ചിടേണ്ടിവന്നാല്‍ തൊഴിലാളികള്‍ പട്ടിണിയിലേക്ക് പോകുന്ന സാഹചര്യമുണ്ടാകും. പല കമ്പനികളും ഗ്യാസ് ചുരുക്കിയാണ് ഉപയോഗിക്കുന്നതെങ്കിലും ഇനിയും സിലിണ്ടറുകള്‍ കിട്ടാതായാല്‍ അടച്ചിടുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടാകില്ല. എഴുനൂറോളം ചെറുതും വലുതുമായ സ്ഥാപനങ്ങളാണ് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അവശ്യസേവന മേഖലയില്‍ ഉള്‍പ്പെടുത്തി പ്രതിസന്ധി പരിഹരിക്കാന്‍ വേഗത്തില്‍ നടപടികള്‍ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.വ്യവസായങ്ങള്‍ പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് വൈദ്യുതിമന്ത്രി പറയുന്നത്. സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ല. പ്രതിസന്ധി ഉണ്ടായാലും മറികടക്കാൻ സംസ്ഥാനം സജ്ജമാണ്. എങ്കിലും ജനങ്ങള്‍ സ്വയം വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നാണ് മന്ത്രിയുടെ അഭ്യര്‍ഥന. കേരളം ചുട്ടുപൊള്ളുന്ന ഈ വേനല്‍ക്കാലത്ത് മന്ത്രിയുടെ അഭ്യര്‍ഥന ജനങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നാണ് കണ്ടറിയേണ്ടത്.
യുദ്ധത്തിന് ശമനമുണ്ടാകുന്നില്ലെങ്കില്‍ പാചകവാതക പ്രതിസന്ധിയും നീളുമെന്നാണ് കണക്കുകൂട്ടല്‍. ഇറാന്‍റെ എണ്ണ ഉല്‍പാദനകേന്ദ്രമായ ഖാര്‍ഗ് ദ്വീപ് യു.എസ് ആക്രമിച്ചതും ഗള്‍ഫില്‍ വിവിധയിടങ്ങളിലേക്ക് ഇറാന്‍ ഇന്നും ആക്രമണശ്രമം നടത്തിയതും കൂടുതല്‍ യു.എസ് സൈനികരെ മേഖലയിലേക്ക് വിന്യസിച്ചതും യുദ്ധം അനന്തമായി നീളുമോ എന്ന ആശങ്ക ഉയര്‍ത്തുന്നതാണ്. നയതന്ത്ര ഇടപെടലിലൂടെ രണ്ട് എല്‍.പി.ജി ടാങ്കറുകള്‍ ഹോര്‍മുസ് കടത്തി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു. എന്നാല്‍ യുദ്ധം കനക്കുകയോ അനന്തമായി നീളുകയോ ചെയ്താല്‍ ഈ സാധ്യതയും വെള്ളത്തിലാകും. പാചകവാതക ലഭ്യത ഉറപ്പാക്കാന്‍ ബദല്‍ ഇറക്കുമതി സ്രോതസുകള്‍ രാജ്യം കണ്ടത്തേണ്ടതുണ്ട്.