ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടി സമാധാന ചർച്ചയ്ക്ക് ഡൊണാൾഡ് ട്രംപ് ശ്രമം നടത്തിയിട്ടും വഴങ്ങാതെ ഇറാൻ. ഹോർമുസിലെ ഉപരോധം നീക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഇതിനിടെ ഹോർമുസിൽ മൂന്ന് കപ്പലുകൾക്കു നേരെ വെടിവച്ച ഇറാൻ സേന രണ്ടെണ്ണം പിടിച്ചെടുത്തു. ഇതോടെ മേഖലയിൽ സ്ഥിതി അതീവ സങ്കീർണ്ണമാകുകയാണ്.

ഇന്ന് അവസാനിക്കേണ്ട വെടിനിർത്തൽ മധ്യസ്ഥരായ പാക്കിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് നീട്ടിയതെന്നാണ് ട്രംപിന്റെ നിലപാട്. ഭിന്നിച്ചുനിൽക്കുന്ന ഇറാൻ നേതൃത്വത്തിന് ഏകീകൃതമായ ഒരു നിർദേശം മുന്നോട്ടുവയ്ക്കാൻ സമയം നൽകുകയാണ് ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇറാൻ നേതൃത്വം ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഹോർമുസിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചനയാണ് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം നൽകുന്നത്. മുന്നറിയിപ്പ് അവഗണിച്ച് നീങ്ങിയതിനാലാണ് വെടിവയ്പെന്നാണ് ഐ.ആർ.ജി.സി (IRGC) വ്യക്തമാക്കുന്നത്. വെടിവയ്പിൽ ഒരു കപ്പലിന് തകരാർ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ശത്രുവിന്റെ സങ്കൽപ്പങ്ങൾക്കപ്പുറമുള്ള പ്രഹരങ്ങൾ നൽകുമെന്ന് റവലൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി.

ഹോർമുസിലെ സ്ഥിതി വഷളായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡിന് ബാരലിന് 99 ഡോളർ കടന്നു. കരാറിന് ഇറാൻ നിർദേശം സമർപ്പിച്ച് ചർച്ചയ്ക്ക് സന്നദ്ധമാകുന്നതുവരെ നാവിക ഉപരോധം തുടരാനാണ് യു.എസ് സേനയ്ക്ക് ട്രംപ് നൽകിയിരിക്കുന്ന നിർദേശം.

ENGLISH SUMMARY:

Iran has not yielded to Donald Trump's efforts for peace talks, extending the ceasefire indefinitely. Iran's stance is that they will not compromise without lifting the blockade in the Strait of Hormuz. Meanwhile, Iranian forces fired on three ships in Hormuz, seizing two, escalating the already complex situation in the region.