TOPICS COVERED

നാവില്‍ ഗുളികന്‍റെ അസ്കിത അല്‍പം കൂടുതലുണ്ട് കെ.ബി.ഗണേഷ്കുമാറിന്. പോരാത്തതിന് സ്വതസിദ്ധമായ താന്‍പോരിമയും. മന്ത്രിപദമേറ്റ കാലത്തെല്ലാം പ്രവര്‍ത്തന മികവിന് പേരും, കുടുംബബന്ധത്തില്‍ പേരുദോഷവും.

അതിന്റെ ഒടുവിലത്തെ അധ്യായമാണ് ഇപ്പോഴുള്ളത്. ആദ്യ ഭാര്യയുമായുള്ള കലഹത്തിന്റെ പേരില്‍ യു.ഡി.എഫ് മന്ത്രിസഭയില്‍ നിന്നിറങ്ങേണ്ടിവന്ന കെ.ബി.ഗണേഷ്കുമാര്‍ രണ്ടാംഭാര്യ ഉയര്‍ത്തിയ ആരോപണത്തിന്റെ വാലുപിടിച്ചാണ് ഇപ്പോള്‍ ചോദ്യമുനയില്‍ നില്‍ക്കുന്നത്. വാളകത്തെ വീട്ടില്‍വച്ച് മറ്റൊരു സ്ത്രീയ്ക്കൊപ്പം കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്ന് രണ്ടാംഭാര്യ. 

ആരോപണങ്ങളില്‍ ആദ്യം പ്രതികരിക്കാതിരുന്ന കെ.ബി.ഗണേഷ്കുമാറിന് ഒടുവില്‍ പിടിവിട്ടു. പ്രണയത്തിന്റെ കണക്കും താത്വിക അവലോകവനവും ഒടുവില്‍ അടിയന്തിര പ്രതികരണ സംവിധാനമായ 112 ല്‍ വിളിക്കുന്നത് വട്ട് മൂക്കുമ്പോഴെന്ന് പരിഹാസവും.

പ്രകോപനം കുറിക്കുകൊണ്ടതോടെ നേരിട്ട് രംഗത്തെത്തിയ ഭാര്യ ബിന്ദു മേനോന്‍ പൊലീസ് സംവിധാനത്തില്‍നിന്നടക്കം നേരിട്ട അവഗണന തുറന്നുപറഞ്ഞതോടെ സര്‍ക്കാരും വെട്ടിലായി. മന്ത്രിസ്ഥാനംതന്നെ തുലാസിലായതോടെ ഫോണ്‍വിളിച്ച് ക്ഷമപറഞ്ഞ് ഗണേഷ്കുമാര്‍ തല്‍ക്കാലം തടിയൂരി. എല്ലാം ഇവിടംകൊണ്ട് തീരുമോ?

മന്ത്രി ഗണേഷ്കുമാറിന്റെ അവിഹിതം ഭാര്യ പൊക്കിയെന്ന തരത്തില്‍ സമൂഹമാധ്യമ പ്രചരണം ശക്തമായത് ഞായര്‍മുതലാണ്. വാളകത്തെ വീട്ടില്‍വച്ച് നടത്തിയ അവിഹിതം ഭാര്യ കണ്ടുവെന്നും തെളിവുകള്‍ ഗണേഷിന്റെ ഭാര്യയുടെ കൈവശമുണ്ടെന്നും പ്രചാരണമുണ്ടായി. പൊലീസില്‍ പരാതിപ്പെട്ടിട്ട് നടപടിയുണ്ടായില്ലെന്നും ആക്ഷേപമുയര്‍ന്നു.

ആദ്യഘട്ടത്തില്‍ ഒരു പ്രതികരണത്തിനും തയാറാകാതിരുന്ന ഗണേഷ്കുമാര്‍ തിങ്കളാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നില്‍. സമൂഹമാധ്യമങ്ങളില്‍ ഉയർന്ന സ്ത്രീ വിഷയത്തെക്കുറിച്ചും ഭാര്യയുടെ ഇടപെടലും പിന്നീടുള്ള പോലീസിന്റെ ടോൾഫ്രീ നമ്പർ ആയ 112 ലേക്ക് വിളിച്ചതിനെയും നിഷേധിക്കാതെ ആയിരുന്നു മാധ്യമപ്രവർത്തകരോടുള്ള മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രതികരണം. തന്റെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കേണ്ടെന്നും എംഎൽഎ എന്നുള്ള നിലയിലും മന്ത്രി എന്നുള്ള നിലയിലുള്ള പ്രവർത്തനത്തെയാണ് വിലയിരുത്തേണ്ടത് എന്നുള്ള ഉപദേശവും.

ENGLISH SUMMARY:

KB Ganesh Kumar is facing significant scrutiny following allegations of infidelity. The situation has escalated with his wife's public statements and involvement of the police, placing his ministerial position in jeopardy.