ശബരിമല ആ പേരുപോലും ഭക്ത കോടികള്‍ക്ക് മനംനിറയ്ക്കുന്ന വികാരമാണ്. ഓരോ തീര്‍ഥാടന കാലത്തും അവിടേയ്ക്ക് ഒഴുകിയെത്തുന്ന ജനസാഗരം. അയ്യനെ കണ്‍കുളിര്‍ക്കെ കാണാനുള്ള അവസരമൊന്നും പ്രതിദിനമെത്തുന്ന ലക്ഷത്തിലധികമുള്ള ഭക്തര്‍ക്ക് കിട്ടില്ല.
കാണുന്ന നിമിഷാര്‍ധനേരംകൊണ്ട് അയ്യനെ മനംനിറച്ച് ആവാഹിച്ചാണ് ഓരോ ഭക്തന്റെയും മലയിറക്കം. ആ പുണ്യഭൂമിയില്‍നിന്നുള്ളതെല്ലാം പുണ്യമെന്ന് വിശ്വസിക്കുന്ന ജനകോടികള്‍. സ്വര്‍ണ കവചിതമായ ശ്രീകോവിലും, കൊടിമരവുമെല്ലാം ഭക്തിയുടെ പ്രകടനമായി നിറഞ്ഞു നില്‍ക്കുന്നു.
കാറ്റും മഴയും വെയിലുമെല്ലാം ഏറ്റ് വര്‍ഷങ്ങള്‍ കിടന്നിട്ടും നശിച്ചുപോകാതെ കണ്‍മുന്നില്‍നിന്ന സ്വര്‍ണപാളികള്‍ അയ്യന്റെ മുന്നില്‍നിന്ന് കട്ടുകൊണ്ടുപോയെന്ന വാര്‍ത്ത ഞെട്ടലോടെ കേട്ടതിന്റെ, അതിന്റെ പ്രകമ്പനങ്ങള്‍ അധികാര കേന്ദ്രങ്ങളെയടക്കം പിടിച്ചുകുലുക്കിയതിന്റെ അനുരണനങ്ങള്‍ തീരുംമുന്‍പ് പ്രതികളോരോരുത്തരായി ജയിലില്‍നിന്ന് പുറത്തേക്ക് വരുകയാണ്.
ഏറ്റവുമൊടുവില്‍ എന്‍.വാസുവിനും സ്വാഭാവിക ജാമ്യം. കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം വൈകുന്നത് പ്രതികള്‍ക്ക് പിടിവള്ളിയാകുന്നു. ഇതിനിടെ കൊടിമര പുനഃപ്രതിഷ്ഠയും അന്വേഷണ പരിധിയിലേക്ക് വരുന്നു. ദിവസങ്ങള്‍ ചെല്ലുംതോറും പുതിയ പുതിയ കളവിന്റെ, തിരിമറികളുടെ, ക്രമക്കേടുകളുടെ വിവരങ്ങള്‍ പുറത്തേക്ക്.