gold-price

TOPICS COVERED

ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിക്ക് നികുതി ചുമത്തി ഉയര്‍ത്തിയത് നേട്ടമാക്കി യുഎഇയിലെ സ്വര്‍ണ വിപണി. ഇറക്കുമതി തീരുവ 15 ശതമാനമാക്കി ഉയര്‍ത്തിയോടെ ഇന്ത്യയിലും യുഎഇയിലുമുള്ള സ്വര്‍ണ വില വ്യത്യാസം 12 ശതമാനമാണ്. ഇതോടെ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ വരുന്ന കല്യാണ സീസണിലേക്ക് ദുബായില്‍ നിന്നും സ്വര്‍ണം വാങ്ങുകയാണ്. വില വ്യത്യാസവും പണിക്കൂലിയിലെ ഇളവും മറ്റു നികുതികളില്ല എന്നതുമാണ് ഗള്‍ഫ് വിപണിയെ ആശ്രയിക്കാനുള്ള കാരണം. 

രാജ്യാന്തര സ്വർണവില ഉയര്‍ന്നു നിൽക്കുമ്പോഴും തീരുവയിലുണ്ടായ മാറ്റമാണ് ഗള്‍ഫ് രാജ്യങ്ങളിലെ വില അനുകൂലമാക്കുന്നത്. 2026 ഫെബ്രുവരിയിലെ ബജറ്റില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന സ്വര്‍ണത്തിന്‍റെ അളവില്‍ നിന്നും വില അടിസ്ഥാനമാക്കിയുള്ള പരിധി എടുത്തുകളഞ്ഞതും പ്രവാസികള്‍ക്ക് കൂടുതല്‍ നേട്ടമായി. സ്ത്രീകള്‍ക്ക് 40 ഗ്രാം സ്വര്‍ണവും പുരുഷന്മാര്‍ക്ക് 20 ഗ്രാമും ഇന്ത്യയിലേക്ക് നികുതിയില്ലാതെ കൊണ്ടുവരാം. ഭാര്യ–ഭര്‍ത്താക്കമാര്‍ക്ക് ഒന്നിച്ച് 60 ഗ്രാമും പ്രായപൂര്‍ത്തിയായ നാലു പേരുള്ള കുടുംബത്തിന് പരമാവധി 140 ഗ്രാം വരെയും നികുതിയില്ലാതെ ഇന്ത്യയിലെത്തിക്കാം. 

ദുബായില്‍ ഞായറാഴ്ച 22 കാരറ്റിന് 506.50 ദിര്‍ഹമാണ് വില. 40 ഗ്രാം സ്വർണം കൊണ്ടുവന്നാല്‍ അരലക്ഷം രൂപ വരെ ലാഭമുണ്ടാക്കാനാകും. യുഎഇയില്‍ നിന്നും 40 ഗ്രാം (അഞ്ചു പവന്‍) സ്വര്‍ണം വാങ്ങാന്‍ ഏകദേശം 5,26,760 രൂപയോളം വേണ്ടി വരും. ഇതേ അളവില്‍ കേരളത്തില്‍ നിന്നും വാങ്ങാന്‍ നല്‍കേണ്ട തുക ഏകദേശം 5,75,400 രൂപയാണ്. ഒരു കുടുംബം ഒന്നിച്ച് 140 ഗ്രാം (17.5 പവന്‍) സ്വർണം വാങ്ങുമ്പോള്‍ വരുന്ന ചെലവ് ഏകദേശം 70,000 ദിർഹത്തിലധികം (18 ലക്ഷം ഇന്ത്യൻ രൂപ) ആണ്. 

ഇറക്കുമതി തീരുവ കൂട്ടിയതിന് പിന്നാലെ ഇന്ത്യയില്‍ സ്വര്‍ണ വിലയില്‍ കുതിച്ചുചാട്ടമുണ്ടായിരുന്നു. കേരളത്തില്‍ 10,000 രൂപയ്ക്ക് മുകളിലാണ് സ്വര്‍ണ വില കൂടിയത്. 1,23,120 രൂപ വരെ ഉയര്‍ന്ന സ്വര്‍ണ വില പിന്നീട് രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് താഴുകയായിരുന്നു. നിലവില്‍ 1,15,080 രൂപയാണ് ഒരു പവന്‍റെ വില. 

ENGLISH SUMMARY:

The recent hike in India's gold import duty to 15% has significantly boosted the UAE gold market, creating a 12% price difference between the two regions. This gap, combined with lower making charges and zero taxes, has prompted non-resident Indians (NRIs) returning home for the wedding season to purchase gold from Dubai. Following the February 2026 budget, India removed value-based restrictions on duty-free gold, allowing individuals to bring gold strictly based on weight limits (40g for women and 20g for men). Consequently, a family of four can now legally bring up to 140 grams of gold, resulting in savings of nearly ₹1.75 lakh compared to Kerala market rates.